ADVERTISEMENT

തിരുവനന്തപുരം ∙ പഴുതടച്ച രോഗപ്രതിരോധ മാർഗങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കുമ്പോൾ അട്ടിമറി നീക്കവുമായി ചിലർ രംഗത്തിറങ്ങുന്ന കാഴ്ചയാണ് പൂന്തുറയിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൗർഭാഗ്യവശാൽ യുഡിഎഫ് നേതാക്കളാണ് ഇതിന് മുന്നിൽ നിൽക്കുന്നതെന്ന് പ്രതിദിന വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പൂന്തുറ മേഖലയിലെ രോഗസാധ്യതയുള്ളയിടങ്ങളിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കുന്നതിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്‌സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്. ആന്റിജൻ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കിൽ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ പോയാൽ കോവിഡ് ബാധിക്കുമെന്നുമാണ് പ്രചാരണം. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം കൊണ്ടാണെന്നും പ്രചാരണമുണ്ടായി.

തെരുവിലിറങ്ങിയാൽ ഓരോരുത്തർക്കും സർക്കാർ സഹായം ലഭിക്കുമെന്ന ദുർബോധനപ്പെടുത്തലുമുണ്ടായി. ഇതിന്റെ ഫലമായി സ്ത്രീകളക്കമുള്ള നൂറുപേരടങ്ങുന്ന സംഘം രാവിലെ പത്തരയോടെ ചെറിയമുട്ടത്ത് തടിച്ചുകൂടി. കാരക്കോണം മെഡിക്കൽ കോളജിൽ കഴിയുന്ന കോവിഡ് രോഗികളായ ബന്ധുക്കൾക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ലെന്നു ആരോപിച്ചായിരുന്നു ഇവർ എത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും കടകൾ വൈകിട്ടു വരെ തുറന്നുവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പുറത്തുപോകാൻ അനുമതി ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകിട്ടു പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലെയും കണക്കുചേർത്ത് പൂന്തുറ എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവരുന്നത് പൂന്തുറ നിവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായുമായി ഇവരിൽ ചിലർ ആരോപിച്ചു.

ഈ വിവരം ലഭിച്ചയുടൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ, ഡപ്യൂട്ടി കലക്‌ടർ, പൂന്തുറ പള്ളി വികാരി ഇവരുടെയെല്ലാം നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പൂന്തുറയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അത് പൂന്തുറയിലെ പ്രശ്നം എന്നു തന്നെയാണല്ലോ പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്റെ പേരു പറയാനാകുമോയെന്നു മുഖ്യമന്ത്രി ചോദിച്ചു. പൊന്നാനിയിൽ ഉണ്ടായപ്പോൾ പൊന്നാനിയിൽ എന്നല്ലേ പറഞ്ഞത്. കാസർകോട് ഉണ്ടായപ്പോൾ കാസർകോട് എന്നല്ലേ പറഞ്ഞത്. ചെല്ലാനത്തെ പ്രശ്നമുണ്ടായപ്പോൾ ചെല്ലാനം എന്നല്ലേ പറഞ്ഞത്. ഇതൊന്നും ആരെയും വിഷമിപ്പിക്കാനല്ലെന്നും ആ പ്രദേശത്തുകാരോട് എന്തെങ്കിലും വിപ്രതിപത്തി ഉള്ളതു കൊണ്ടുമല്ല.

കൂടുതൽ ജാഗ്രത ഉയർത്തിക്കൊണ്ടുവരാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്വാഭാവികമായും അതിന്റേതായ പ്രയാസങ്ങൾ ഉണ്ടാകും. അത് നാം സഹിക്കേണ്ടതായി വരും. അതിൽ കാണേണ്ടത് മനുഷ്യജീവന്റെ സംരക്ഷണമാണ് പ്രധാനം. അതിന്റെ ഭാഗമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. തെറ്റായ സങ്കുചിത പ്രവർത്തനങ്ങളിലൂടെ ഈ പ്രവർത്തനങ്ങളെ കീഴ്പ്പെടുത്താനാകും എന്നുവന്നാൽ നാളെ ഒരിടത്തും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുണ്ടാകുക.

നിയന്ത്രണങ്ങൾക്കു ചിലർ മറ്റു മാനങ്ങൾ നൽകുന്നതാണ് ‘വിഷപ്രയോഗം’. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് കേരളത്തിൽ ആകെയുള്ളത്. പൂന്തുറയിലും ഈ പ്രദേശങ്ങളിലും ആ രീതിയിൽ തന്നെയാണ് ജനം പ്രതിരോധ പ്രവർത്തനങ്ങളെ കാണുന്നത്. അവരെ ഇത്തരം ദുഷ്പ്രചരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയാറാകരുത്. വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരുണ്ട്.

ഈ സാഹചര്യത്തിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് തടസം വരുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചവരുണ്ട്. പാവങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് അവിടെ കൂടിയിട്ടുണ്ടാകാം. എന്നാൽ ബോധപൂർവം തെറ്റിലേക്കു നയിക്കാൻ വേണ്ടി നേതൃത്വം നൽകിയവരുണ്ട്. അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാജമൽസ്യവിതരണ ലോബിക്കു വേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നുവെന്നും പൂന്തുറയെ കരുവാക്കുന്നുവെന്നും മറ്റൊരു പ്രചാരണം ഉണ്ടായി. ആരോഗ്യപ്രവർത്തകർക്കു മുന്നിൽ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സ്ഥിതിയുണ്ടായി. സ്വന്തം ആരോഗ്യവും ജീവനും അപകടത്തിലാകുമെന്നു മനസ്സിലാക്കിക്കൊണ്ടു തന്നെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായികൂടിയാണ് ആ ആരോഗ്യപ്രവർത്തകർ ഈ മേഖലയിലേക്ക് നിർഭയം കടന്നുചെല്ലുന്നത്.

അവരെയാണ് തടഞ്ഞുനിർത്താൻ ശ്രമമുണ്ടായത്. ഇതൊന്നും ആ പ്രദേശത്തെ ജനം സ്വാഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യം വച്ച് ചിലർ ചെയ്യിക്കുന്നതാണ്. അതിനു പിന്നിൽ ദുരുപദിഷ്ടമായ ഉദ്ദേശ്യങ്ങളുണ്ട്. അതിന്റെ ഭാഗമായി നമ്മുടെ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ നേത‌ൃത്വം തന്നെയുണ്ടെന്ന സൂചനയാണ് നല്ലതുപോലെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആന്റിജൻ ടെസ്റ്റിനെപ്പറ്റി ബോധപൂർവം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. കൊറോണ വൈറസിനു പ്രധാനമായും രണ്ടു ഘടകങ്ങളാണുള്ളത്. നൂക്ലിക് ആസിഡ് എന്ന ഉൾഭാഗം. പ്രോട്ടീൻ എന്ന പുറംഭാഗം. പിസിആർ ടെസ്റ്റ് ന്യൂക്ലിക് ആസിഡ് ഭാഗവും ആന്റിജൻ ടെസ്റ്റ് പ്രോട്ടീൻ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ നാലു മുതൽ ആറു മണിക്കൂർ വരെ സമയം വേണ്ടി വരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം. ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി.

ടെസ്റ്റ് നടത്തുന്നിടത്തുവച്ചു തന്നെ ഫലമറിയാനാകും. ലാബിൽ അയയ്ക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുണ്ട്. രോഗം ഭേദമായിക്കഴിഞ്ഞാലും ചിലരിൽ പിസിആർ ടെസ്റ്റ് പോസിറ്റീവ് ആയെന്നുവരാം. വൈറസിന്റെ ചില ഭാഗങ്ങൾ തുടർന്നും പുറത്തുവരുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും ഒരു സുരക്ഷയ്ക്കു വേണ്ടി പിസിആർ ടെസ്റ്റും നടത്താറുണ്ട്. ഇതുപോലെ ആന്റിബോഡി ടെസ്റ്റും. രോഗാണു ശരീരത്തിലുണ്ടെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിവസ്തു പരിശോധിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്.

കോവിഡ് സ്ക്രീനിങ്ങിനായി ആന്റിബോഡി ടെസ്റ്റാണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നതെന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതലായി കാണുന്നതെന്നതിനാൽ ആ ഭാഗത്തെ സ്രവമാകും കൂടുതലായി എടുക്കുന്നത്. ആന്റിജൻ ടെസ്റ്റ് തന്നെയാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതു കൊണ്ടാണ് അതുപയോഗിക്കുന്നത്. ഇതിനെ മറ്റൊരർഥത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തുള്ള ജനതയെ ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് എന്തു രാഷ്ട്രീയ നേട്ടമാണ് ഇക്കൂട്ടർക്ക് നേടാനുള്ളതെന്നു മനസ്സിലാകുന്നില്ല. ഈ മാനസികാവസ്ഥ ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നതും കാണേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമൂഹവ്യാപനം എന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചിലയിടങ്ങളിൽ സൂപ്പർ സ്പ്രെഡ് എന്ന സമൂഹവ്യാപനത്തിന്റെ ആദ്യ പടിയെന്ന അവസ്ഥയിലേക്ക് എത്തിയതായി മുഖ്യമന്ത്രി ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു. ആശങ്കയുളവാക്കുന്ന ചില ക്ലസ്റ്ററുകളിൽ ആരെയും ബുദ്ധിമുട്ടിക്കാതെ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

എന്നാൽ സമൂഹം ഭീതിജനകമായ അവസ്ഥയിൽ നിൽക്കുമ്പോൾ അതൊന്നും നമുക്ക് ബാധകമല്ലെന്ന രീതിയിൽ ചിലർ രംഗത്തിറങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുവഴിയുമില്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് നടപ്പാക്കിയതു പോലെ നിരോധനാജ്ഞ നടപ്പാക്കാനിടയുണ്ടോ എന്ന ചോദ്യത്തിന് അതാത് ജില്ലാഭരണ സംവിധാനമാണ് അത് നടപ്പാക്കേണ്ടതെന്നും ട്രിപ്പിൾ ലോക്‌ഡൗൺ എന്നാൽ നിരോധനാജ്‍ഞയ്ക്കു സമാനമാണെന്നും ചില ഇളവുകൾ നൽകുന്നത് ദൗർബല്യമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് മാധ്യമശ്രദ്ധ തിരിച്ചുവിടാനാണ് പൂന്തുറയിലും മറ്റും കണക്കുകൾ പെരുപ്പിച്ച് കാട്ടുന്നതിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സമഗ്ര അന്വേഷണം വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ കൂടുതലായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ചില സംസ്ഥാനങ്ങൾ നടപ്പാക്കുന്നതു പോലെ പ്രത്യേക നിയമനിർമാണം വേണമെങ്കിൽ ആലോചിക്കാമെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിന്ദ്യവും അപഹാസ്യവും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം ജില്ലയിൽ കോവിഡിന്റെ പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളിൽ ചിലർ സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന് തുരങ്കംവെയ്ക്കാൻ ശ്രമിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും അങ്ങേയറ്റം പരിഹാസ്യവും അപലപനീയവുമാണ്.

എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ടുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള നിന്ദ്യ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ഉടനടി അതിൽ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ ചേർന്ന കോവിഡ്-19 അവലോകന യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേഷൻ പരിധിയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക്‌ഡൗൺ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു തന്നെയാണ്. പക്ഷേ ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ മറ്റു മാർഗ്ഗങ്ങൾ നമുക്ക് മുന്നിലില്ല.

രോഗ വ്യാപനത്തിന്റെ തോത് വല്ലാതെ വർദ്ധിച്ച കോർപ്പറേഷനിലെ ചില വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായും ബഫർ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോൾ രാവിലെ ഏഴുമുതൽ 11 മണിവരെ പ്രവർത്തിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തനം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് ഈ പ്രദേശങ്ങളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് എന്നതിനാലാണ് ഇളവ് നൽകുന്നത്. കൂടാതെ സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈൽ യൂണിറ്റുകൾ ദിവസേന ഈ പ്രദേശങ്ങളിലെത്തി വിൽപ്പന നടത്തും.

മൊബൈൽ എടിഎമ്മിന്റെ സേവനവും ലഭ്യമാക്കും. ഇവിടങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ നാടൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നൽകുന്നു. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനായുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്. മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കമുള്ള സംവിധാനങ്ങളിലൂടെ അത് വിൽക്കുന്നതിനുള്ള സാഹചര്യമൊരുക്കും. കന്യാകുമാരിയിൽ നിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടൽയാത്രയും കർശനമായും തടയും.

മേഖലകളിൽ കോഴിയിറച്ചിയുടെ വിൽപ്പനയ്ക്കായി കെപ്‌കോയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കാനുള്ള സംവിധാനങ്ങളും നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. റേഷൻകടകൾ വഴി സൗജന്യമായി അരി വിതരണവും നടത്തിവരുന്നു.

മഹാവിപത്തിനെ തടയാൻ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചിലർ ചേർന്ന് ഇതിനെയൊക്കെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ജനം സംയമനത്തോടെ ഈ സാഹചര്യങ്ങൾ മനസിലാക്കണമെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ബോധപൂർവം സംഘർഷത്തിനു ശ്രമം: സിപിഎം

പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ്.ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കവും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന്‌ സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടു ദിവസമായി ബോധപൂർവമായ കള്ള പ്രചരണം ആണ് ഇവർ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മനഃപൂർവം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ്.ശിവകുമാറിന്റെ വാദം. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണിത്.

ജനത്തിനിടയിൽ രോഗം വ്യാപിച്ചാലും വേണ്ടില്ല കുത്സിതമായ രാഷ്ട്രീയ അജൻഡ നടപ്പാക്കുക എന്ന ഹീനമായ പരിശ്രമമാണ് ശിവകുമാറും സംഘവും നടത്തുന്നത്. സോഷ്യൽ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണം ആണ് ഇവർ ജനങ്ങൾക്കിടയിൽ ഇളക്കിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.

English Summary: CM Pinarayi Vijayan on Situation at Poonthura

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com