ചിരിയുടെ സുൽത്താന്‍ അന്ത്യാഞ്ജലി; ഇനി ആസ്വാദക ഹൃദയങ്ങളിൽ
Mail This Article
കോഴിക്കോട്∙ നർമം ചാലിച്ച കോഴിക്കോടൻ മൊഴിയിലൂടെ മലയാളക്കരയുടെ ഖൽബ് കവർന്ന നടൻ മാമുക്കോയയ്ക്ക് (76) ജന്മനാട് വിടചൊല്ലി. നടന്റെ കബറടക്ക ചടങ്ങുകൾ കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ പൂർത്തിയായി. വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം.
രാവിലെ ഒൻപതു വരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നടൻമാരായ ഇർഷാദ്, ജോജു ജോർജ്, കോൺഗ്രസ് നേതാവും നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഉച്ചയ്ക്ക് 3.15 മുതൽ രാത്രി 10 വരെ ടൗൺഹാളിൽ പൊതുദർശനം നടന്നു. സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്.
മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.
Content Highlights: Tribute to Mamukkoya, Mamukkoya funeral updates