ADVERTISEMENT

പാലക്കാട് / തിരുവനന്തപുരം∙ മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ, പതിവ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെന്ന് പാലക്കയത്തെ നാട്ടുകാർ. നിയമപ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തോട്ടഭൂമി ഉള്‍പ്പെടെ വേഗത്തില്‍ വില്‍പന നടത്താന്‍ സഹായിച്ച് സുരേഷ്കുമാര്‍ ലക്ഷങ്ങള്‍ കൈമടക്ക് വാങ്ങിയിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 50 രൂപയിൽ തുടങ്ങി എത്ര പണം കിട്ടിയാലും ചോദിച്ച് വാങ്ങുന്നതായിരുന്നു ശീലം. പണത്തിന് പകരം പുഴുങ്ങിയ കോഴിമുട്ടയും തേനും ജാതിക്കയും വരെ സ്വീകരിച്ചിരുന്നു.

പണം നൽകാത്തവർക്ക് സേവനമില്ലെന്ന നിലപാടായിരുന്നു സുരേഷ്കുമാറിന്. ചെറിയ കാര്യത്തിന് പോലും സുരേഷ്കുമാറിനു മുന്നിൽ ദിവസങ്ങളോളം കയറിയിറങ്ങേണ്ടി വരും. പിന്നീട് പണം നൽകി രേഖ കൈപ്പറ്റേണ്ട സ്ഥിതിയിലെത്തിക്കും. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ സുരേഷ്കുമാറിനു മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനമോടിക്കാൻ വശമില്ലാത്ത സുരേഷ്കുമാർ, മുന്തിയ വാഹനങ്ങളിൽ മാത്രമായിരുന്നു പരിശോധനകൾക്ക് യാത്ര നടത്തിയിരുന്നത്. 2500 രൂപ പ്രതിമാസ നിരക്കിൽ മണ്ണാർക്കാട്ടെ ഒറ്റമുറി വാടക കെട്ടിടത്തിലായിരുന്നു താമസം. ബസ് മാര്‍ഗമായിരുന്നു ഓഫിസിലേക്കുള്ള വരവും പോക്കും. അതേസമയം, സുരേഷ്കുമാർ കൈക്കൂലി വാങ്ങുന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പാലക്കയം വില്ലേജ് ഓഫിസർ പി.ഐ.സജിത്ത് പറഞ്ഞു. 

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാർ ഇത്രയും വലിയ തുക കൈക്കൂലി വാങ്ങിയെന്നത് അയൽവാസികൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരെ ആരെയും സഹായിക്കാത്തയാളായിരുന്നു സുരേഷ്കുമാർ. ഉത്സവ പിരിവു പണം ചോദിച്ചാൽ പോലും നൽകാറില്ലെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ നാട്ടിൽ വന്നപ്പോൾ ഉത്സവത്തിന്റെ പിരിവ് േചാദിച്ച നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ‘‘ഇങ്ങനെയുള്ള കുട്ടിയാണെന്ന് ‍ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് സഹായം ഒന്നും ചെയ്ട്ടില്ല. എപ്പോഴാണ് വരുന്നതെന്നും പോകുന്നതെന്നും അറിയാൻ കഴിയില്ല. കല്യാണം കഴിച്ചിട്ടില്ല. പാവപ്പെട്ട കുടുംബമായിരുന്നു ഇവരുടേത്’’– നാട്ടുകാരിലൊരാൾ പറഞ്ഞു.

English Summary: Bribery Case: Natives about V Suresh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com