പെൽവിക് കാൻസർ: ഫലപ്രദ ചികിത്സയ്ക്ക് പുതിയ ഗുളിക
Mail This Article
മുംബൈ∙ ആണവോർജ വകുപ്പിലെ (ഡിഎഇ) ശാസ്ത്രജ്ഞരും ബെംഗളൂരുവിലെ ഐഡിആർഎസ് ലാബ്സും ചേർന്ന് പെൽവിക് കാൻസറിന്റെ ചികിത്സയ്ക്കായി വികസിപ്പിച്ച അക്‌റ്റോസൈറ്റ് എന്ന ഗുളിക അടുത്ത മാസം വിപണിയിൽ എത്തും.
റേഡിയോ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സാ ഉപാധികൾക്കൊപ്പം നൽകാവുന്ന ഗുളിക, പരീക്ഷണ ഘട്ടത്തിൽ മികച്ച ഫലം തന്നതായി വാർത്തക്കുറിപ്പിൽ പറയുന്നു.
ചില രോഗികളിൽ മൂത്രാശയം നീക്കം ചെയ്യേണ്ട അവസ്ഥ ഇല്ലാതാക്കാൻ ഗുളിക സഹായിച്ചു. റേഡിയോ തെറപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും ഗുളികയിലൂടെ സാധിച്ചെന്നാണു കണ്ടെത്തൽ. റേഡിയോ തെറപ്പിയെ തുടർന്ന് മൂത്രത്തിൽ രക്തസാന്നിധ്യം കാണുന്നതിനും ഫലപ്രദമാണ്. ഈയിടെയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരം ലഭിച്ചത്.
മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയും നവി മുംബൈയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രെയിനിങ് റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഫോർ കാൻസറും പദ്ധതിയുമായി സഹകരിച്ചിരുന്നു.