ADVERTISEMENT

തിരുവനന്തപുരം∙ മാസപ്പടി വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ വാർത്താസമ്മേളനം ചീറ്റിയ പടക്കമെന്ന് പരിഹസിച്ച് മന്ത്രി പി.രാജീവ്. തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍നിന്നു കരിമണൽ എടുത്ത് സിഎംആർഎലിനു നൽകുന്നുവെന്ന ആരോപണത്തിനു നവകേരള സദസ്സിൽവച്ച് മറുപടി നൽകിയതോടെ അതു ചീറ്റിപ്പോയ പടക്കമായി മാറിയെന്നു രാജീവ് ഫെയ്സ്ബുക്കിൽ പറ‍ഞ്ഞു. സംവാദത്തിനു വിളിക്കുന്നതിനു മുമ്പ് നേരത്തേ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകൂവെന്നും രാജീവ് പറഞ്ഞു. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് ഇന്ന് വാർത്ത സമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചത്. ഈ വിഷയത്തിൽ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴൽനാടൻ സംവാദത്തിനു വെല്ലുവിളിച്ചിരുന്നു. ഇതിനാണ് പി.രാജീവ് തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ മറുപടി നൽകിയത്.

Read also: ആദ്യം പ്രധാനമന്ത്രിക്ക് പ്രശംസ; പിന്നാലെ കേന്ദ്ര സർക്കാരിന് വിമർശനവുമായി എൻ.കെ.പ്രേമചന്ദ്രൻ

രാജീവിന്റെ ഫെയ്സ്ബുക് കുറിപ്പ്:

സംവാദത്തിനു വിളിക്കുന്നതിനു മുൻപ് നേരത്തെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ മിസ്റ്റർ മാത്യു കുഴൽനാടൻ

1) വിവാദമായ കമ്പനിക്ക് കേരളത്തിലെ സർക്കാർ നൽകിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. 2002ൽ എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 15/09/2004 ൽ മൈനിങ് ലീസ് നൽകിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴൽനാടന്റെ വാദം അനുസരിച്ചാണെങ്കിൽ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി. അന്ന് കുഴൽനാടൻ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡിഎഫ് നേതാക്കളിൽ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ട്? ഇന്നും കുഴൽനാടൻ ഒന്നും പറഞ്ഞില്ല.

2) മുഖ്യമന്ത്രി യോഗം വിളിച്ചതിന് ഒറ്റ വാചക വിശദീകരണമാണു നൽകിയതെന്ന അസംബന്ധം പറയുമ്പോൾ ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരെങ്കിലും ഉള്ളിലെങ്കിലും പരിഹാസത്തോടെ ചിരിച്ചിട്ടുണ്ടാകും. പൊതുവായ കാര്യങ്ങൾക്കാണു യോഗം വിളിച്ചതെന്നു വ്യക്തമാക്കി, യോഗമെടുത്ത തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വായിച്ചതിനുശേഷം ആവശ്യമെങ്കിൽ നോക്കികൊള്ളാൻ മാധ്യമപ്രവർത്തകരോടു പറയുകയും ചെയ്തു. ആ യോഗത്തിലെ  തീരുമാനങ്ങളിലെ അവസാനത്തേതാണു സുപ്രീംകോടതി വിധി സംബന്ധിച്ച് അഡ്വ. ജനറലിനോട‌ു നിയമോപദേശം തേടണമെന്നത്. 

കമ്പനിക്കെതിരായി അഡ്വക്കറ്റ് ജനറൽ നിയമോപദേശവും നൽകി. ഇത്രയും ബുദ്ധിമുട്ടി, മാത്യു കുഴൽനാടൻ പറയുന്ന 'സവിശേഷ അധികാരം' ഉപയോഗിച്ച് യോഗം വിളിച്ച് ലീസ് നൽകേണ്ടതില്ലെന്നു നിയമോപദേശം അഡ്വ. ജനറലിന്റെ കയ്യിൽനിന്നു വാങ്ങിയെടുത്ത് കമ്പനിയെ സഹായിച്ചുവെന്ന ആരോപണം അസംബന്ധമല്ലേയെന്ന ചോദ്യവും പത്രസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. മറുപടി കണ്ടില്ല.

3) തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍നിന്നു കരിമണൽ എടുത്ത് സിഎംആർഎലിനു നൽകുന്നുവെന്ന ആരോപണത്തിനു നവകേരള സദസ്സിൽവച്ച് മറുപടി നൽകിയതോടെ അതു ചീറ്റിപ്പോയ പടക്കമായിരുന്നു. തോട്ടപ്പള്ളിയിൽനിന്ന് എടുക്കുന്ന മണലിൽ 50% ഐആർഇയും 50% കെഎംഎംഎലും കൈകാര്യം ചെയ്യുന്നു. ഇതില്‍നിന്നും ശരാശരി 15% ഇൽമനൈറ്റാണ് ലഭിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്നു ലഭിക്കുന്ന മണലില്‍നിന്ന് ഐആർഇ വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് പൂർണമായും കെഎംഎംഎലിനു മാത്രമേ കൊടുക്കാവൂയെന്നു വ്യവസ്ഥചെയ്യുന്ന എംഒയു പൊതുയോഗത്തിൽ പരാമർശിച്ചിരുന്നു. 

അതിന്റെ കോപ്പിയും കാണിച്ചു. അങ്ങനെയൊരു എംഒയു ഉള്ളപ്പോൾ എങ്ങനെ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്നു ലഭിക്കുന്ന മണലില്‍നിന്നു പ്രോസസ് ചെയ്യുന്ന ഇല്‍മനൈറ്റ് ഐആർഇ എങ്ങനെ പുറത്തുകൊടുക്കും? സ്വന്തം ആവശ്യത്തിനായി ഐആർഇയിൽനിന്നുകൂടി ഇൽമനൈറ്റ് വാങ്ങുന്ന കെഎംഎംഎൽ ആർക്കും ഇൽമനൈറ്റ് വിൽക്കുന്നില്ല. പലർക്കും വിപണി വിലയിൽ ഇൽമനൈറ്റ് വിൽക്കുന്ന ഐആർഇ കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമാണ്. ഇക്കാര്യം വ്യക്തമാക്കിയതിനുശേഷം അതിനോടു പ്രതികരിക്കാതെ പാർട്ട് 2 എന്ന് പേരിട്ടു ചീറ്റിയ പടക്കം വീണ്ടും കൊണ്ടുവന്നതിനോട് എന്തു പ്രതികരിക്കാനാണ്?

4) ഇറിഗേഷൻ വകുപ്പിന്റെ കീഴിലായതുകൊണ്ടു മുഖ്യമന്ത്രിക്ക് അധികാരമില്ലാത്തതുകൊണ്ടു ദുരന്ത നിവാരണ അതോററ്റി ചെയർമാനെന്ന നിലയിലാണു യോഗം വിളിച്ചതെന്ന് ഒരു എംഎൽഎ പറയുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കേണ്ടേ? അല്ലെങ്കിൽ, 2012ല്‍ തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍നിന്നു തന്നെ ഐആർഇക്ക് മാത്രമായി മണൽ വാരാൻ, അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി അനുമതി നൽകിയതെങ്ങനെയെന്ന് അന്നത്തെ മന്ത്രിസഭാംഗങ്ങളോടെങ്കിലും ചോദിക്കുന്നതു നന്നായിരിക്കും. ആ ഫയലും വിവരാവകാശത്തിൽ കിട്ടും.

5) കൈവശം വയ്ക്കാവുന്നതിന് അപ്പുറത്ത് ഭൂമി റജിസ്റ്റർ ചെയ്തു നൽകിയ യുഡിഎഫിന്റെ എംഎൽഎ ഇപ്പോൾ ഇളവു നൽകണമെന്ന അപേക്ഷ തള്ളിയ എൽഡിഎഫിനെതിരെ അസംബന്ധവുമായി വന്നാൽ എന്തു സംവാദം നടത്തണം? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്ന നിവേദനങ്ങൾ ഓരോന്നും താഴോട്ട് അയക്കുന്നതും മറ്റും സാധാരണ രീതിയാണെന്ന കാര്യമെങ്കിലും അറിയാത്ത മട്ടിൽ ആവർത്തിക്കുന്നത് ബോംബാണെന്ന മട്ടിൽ ആത്മനിർവൃതികൊള്ളാം.  നിയമാനുസൃതം റജിസ്റ്റർചെയ്ത ഏതു സ്ഥാപനത്തിന്റെയും വ്യക്തിയുടെയും പരാതി ലഭിച്ചാൽ പരിശോധിച്ച് നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കുകയാണു സർക്കാർ നയം.

English Summary:

Minister P.Rajeev's facebook post against Mathew Kuzhalnadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com