ഓഹരി വിപണിയിലെ ആദ്യ ഇവി കമ്പനിയായി ഓല; 7,250 കോടിയുടെ ഐപിഒയ്ക്ക് അനുമതി
Mail This Article
മുംബൈ ∙ വൈദ്യുത വാഹന (ഇവി) നിര്‍മാണരംഗത്തെ പ്രമുഖരായ ഓല ഇലക്ട്രിക്കും ഓഹരി വിപണിയിലേക്ക്. 7,250 കോടി സമാഹരിക്കാനുള്ള പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കിയതായാണു റിപ്പോര്‍ട്ട്. ഐപിഒ യാഥാർഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്ന ആദ്യ ഇവി കമ്പനിയായി ഓല മാറും. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ഐപിഒ സംഘടിപ്പിക്കുന്ന ആദ്യ ഇരുചക്ര വാഹന നിര്‍മാണക്കമ്പനി എന്ന നേട്ടവും ഓലയുടെ പേരിലാകും. സെബിയുടെ അനുമതി ലഭിച്ച മുറയ്ക്ക് ഒരുമാസത്തിനകം ഐപിഒ സംഘടിപ്പിക്കാന്‍ ഓലയ്ക്ക് കഴിയും. ഇതേക്കുറിച്ച് കമ്പനിയോ സെബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ ഓഹരികളും ഒഎഫ്എസും
ഐപിഒയിൽ 5,500 കോടി രൂപയുടെ പുതിയ ഓഹരികളാണ് (ഫ്രഷ് ഇഷ്യൂ) ഓല വിറ്റഴിക്കുക. പുറമേ 1,750 കോടി രൂപ മതിക്കുന്ന 9.5 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയും വിറ്റഴിക്കും. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന മാര്‍ഗമാണ് ഒഎഫ്എസ്. ഓലയുടെ സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ 3.48 ശതമാനം ഓഹരികള്‍ ഒഎഫ്എസിലൂടെ വിറ്റഴിച്ചേക്കും.
മറ്റ് ഓഹരി ഉടമകളായ ഇന്‍ഡസ് ട്രസ്റ്റ്, ആല്‍പൈന്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട്, ഡിഐജി ഇന്‍വെസ്‍റ്റ്‍മെന്‍റ്, ഇന്‍റര്‍നെറ്റ് ഫണ്ട്-3 (ടൈഗര്‍ ഗ്ലോബല്‍), മാക്റിച്ചീ ഇന്‍വെസ്‍റ്റ്‍മെന്‍റ്‍സ്, മാട്രിക്സ് പാര്‍ട്‍ണേഴ്സ്, സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്, ആല്‍ഫ വേവ് വെഞ്ച്വേഴ്സ്, ടെക്നേ പ്രൈവറ്റ് വെഞ്ച്വേഴ്സ് എന്നിവയും ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍ക്കുമെന്നാണു സൂചനകള്‍.
ഓലയുടെ ലക്ഷ്യങ്ങള്‍
2022-23 സാമ്പത്തിക വര്‍ഷത്തില്‍ തൊട്ടു മുന്‍വര്‍ഷത്തെ 456 കോടി രൂപയില്‍നിന്ന് 2,752 കോടി രൂപയായി വരുമാനം ഉയര്‍ത്തിയ കമ്പനിയാണ് ഓല. 1,472 കോടി രൂപയായിരുന്നു ആ വര്‍ഷത്തെ നഷ്ടം. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 1,226 കോടി മൂലധനച്ചെലവുകള്‍ക്കായും 800 കോടി കടം വീട്ടാനും ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പിയില്‍ (ഐപിഒക്ക് അനുവാദം തേടി സെബിക്ക് സമര്‍പ്പിക്കുന്ന അപേക്ഷ) ഓല വ്യക്തമാക്കിയിരുന്നു. ഗവേഷണ-വികസന (ആര്‍ ആന്‍ഡ് ഡി) പ്രവര്‍ത്തനങ്ങള്‍ക്ക് 1,600 കോടിയും ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായ ഓല, കഴിഞ്ഞ ഡിസംബറിലാണു ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്.