തിരുവനന്തപുരത്ത് മേൽപാലത്തിൽനിന്ന് തെറിച്ച് സ്കൂട്ടർ യാത്രികർ; യുവതിക്ക് ദാരുണാന്ത്യം
Mail This Article
തിരുവനന്തപുരം ∙ കഴക്കൂട്ടം– കാരോട് ബൈപാസിൽ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്കും സഹോദരിക്കും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്കു മൂവരും വീഴുകയുമായിരുന്നു. നാലാഞ്ചിറ കീർത്തിനഗർ ഊളൻവിള വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യയാണു സിമി. കൂലിപ്പണിക്കാരനാണ് ശിവപ്രസാദ്. മകൻ: ശരൺ. കൊല്ലത്ത് ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങവേ തിങ്കളാഴ്ച ഉച്ചയ്ക്കു ഒന്നരയോടെയായിരുന്നു അപകടം.
മേൽപാലത്തിന്റെ കൈവരിയിൽ സ്കൂട്ടർ ഇടിച്ച് മൂന്നു പേരും താഴേക്കു വീഴുകയായിരുന്നു. ശിവന്യയെയും സിമിയെയും പിന്നിലിരുത്തി സിനി ആണ് സ്കൂട്ടർ ഓടിച്ചത്. ലുലുമാൾ കഴിഞ്ഞു മേൽപാലത്തിൽ കയറിയ സ്കൂട്ടർ റോഡിന്റെ മധ്യഭാഗത്തിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. പാലത്തിൽ കയറി ഇറങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടതുവശത്തേക്കു പാഞ്ഞു കയറി കൈവരിയിൽ ഇടിച്ചു. സ്കൂട്ടർ പാലത്തിനു മുകളിൽ ഇടിച്ചുനിന്നെങ്കിലും മൂന്നുപേരും താഴേക്കു തെറിച്ചുവീണു.
സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിൽ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. സിമിയുടെ ശരീരത്തിലേക്കാണ് മകൾ പതിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അൽപസമയത്തിനു ശേഷം മരിച്ചു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.