കൽപറ്റയിൽ പ്രതികൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ച സംഭവം; നിയമവകുപ്പിന് പരാതി നൽകി ഡിസിസി
Mail This Article
കൽപറ്റ∙ വയനാട്ടിലെ പനമരത്ത്, പൊള്ളലേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിനു പരാതി നല്‍കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി വൈസ് പ്രസിഡന്‍റും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ സംഷാദ് മരയ്ക്കാരാണ് സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പിന് പരാതി നൽകിയത്.
പബ്ലിക് പ്രോസിക്യൂട്ടർ സർക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം നടത്തണമെന്ന് നിയമ മന്ത്രി പി.രാജീവിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടറായ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്കായി വാദിച്ച് ജാമ്യം നേടിക്കൊടുത്തത്. പ്രതികളുടെ വക്കാലത്ത് എടുത്തത് അഭിഭാഷകനായ ഷിബിൻ മാത്യുവാണെങ്കിലും വാദിച്ചത് ജോഷി മുണ്ടയ്ക്കലായിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർ എന്ന നിലയില്‍ ജോഷി മുണ്ടയ്ക്കൽ പനമരം പൊലീസിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തിട്ടും നാട്ടുവൈദ്യന്‍റെ ചികിത്സ നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടി മരിച്ചത്. മതിയായ ചികിത്സ നിഷേധിച്ചതിനാലാണ് കുട്ടിയുടെ പിതാവ് അൽത്താഫ്, നാട്ടുവൈദ്യനായ ഐക്കര കുടി ജോർജ് എന്നിവരെ അറസ്റ്റ് ചെയ്തത്.