മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
Mail This Article
താനൂര്‍ ∙ മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മലപ്പുറത്ത് താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004–2006 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം ലീഗിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
താനൂർ മണ്ഡലത്തിൽ 1992 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് കുട്ടി അഹമ്മദ്കുട്ടി നിയമസഭയിലേക്കെത്തുന്നത്. 1996 ലും 2001ലും തിരൂരങ്ങാടിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2001 മേയ് മുതൽ 2004 ഓഗസ്റ്റ് വരെയുണ്ടായിരുന്ന എ.കെ.ആന്റണി മന്ത്രിസഭയിൽ കുട്ടി അഹമ്മദ് കുട്ടി ഉണ്ടായിരുന്നില്ല.
അതിനുശേഷം അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായി. മുസ്‌ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്.