ADVERTISEMENT

മുംബൈ ∙ നവംബറിൽ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിക്കാനും മത്സരിക്കാതിരിക്കാനും വയ്യാത്ത സ്ഥിതിയിലാണ് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. എൻസിപി പിളർത്തിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് മത്സരിച്ചില്ലെങ്കിൽ അത് രാഷ്ട്രീയ അടിയറവു പറയലാകും. മത്സരിക്കാനിറങ്ങിയാലാകട്ടെ, മൂന്നു പതിറ്റാണ്ടിലേറെ താൻ പ്രതിനിധാനം ചെയ്ത മണ്ണിൽ തോൽക്കുമോയെന്ന ആശങ്ക ഉലയ്ക്കുന്നു. രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയ പിതൃസഹോദരൻ ശരദ് പവാറിനെ വഞ്ചിച്ച് പാർട്ടി പിളർത്തി എൻഡിഎ ക്യാംപിലേക്ക് നീങ്ങിയ അജിത്തിന്റെ നടപടി ഇനിയും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല.

തോൽവിയുടെ ഞെട്ടൽ മാറാതെ

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിക്കാനില്ലെന്ന് ഒരു മാസം മുൻപാണ് അജിത് ആദ്യം പ്രഖ്യാപിച്ചത്. സഹോദരൻ ശ്രീനിവാസ പവാറിന്റെ മകൻ യുഗേന്ദ്ര പവാറാകും ശരദ് പവാർ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെന്ന് ഉറപ്പായതിന് പിന്നാലെയാണ് പിന്മാറുകയാണെന്ന സൂചന അദ്ദേഹം നൽകിയത്. ബാരാമതിയിൽ പുതിയ എംഎൽഎ വരട്ടെയെന്ന് കഴിഞ്ഞ ദിവസം ആവർത്തിച്ചതോടെയാണ് അജിത് പിൻമാറുകയാണോ എന്ന ചർച്ച സജീവമായത്.

എന്നാൽ, വിദൂരസാധ്യത മാത്രമാണിതിനെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മത്സരിക്കാതെ ഒളിച്ചോടിയാൽ രാഷ്ട്രീയഭാവി തന്നെ അപകടത്തിലാകും. അനുകൂലമായ സഹതാപ തരംഗം സൃഷ്ടിക്കാൻ അദ്ദേഹം ബുദ്ധിപൂർവം നടത്തുന്ന പ്രസ്താവനകളാണ് ഇപ്പോഴത്തേതെന്നാണ് അവരുടെ വിലയിരുത്തൽ. മത്സരിക്കാനില്ലെന്ന പ്രസ്താവന ആദ്യം നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന പര്യടനം ആരംഭിച്ചത്. ഇതിലുടനീളം തനിക്ക് പറ്റിയ തെറ്റുകൾ ഏറ്റുപറയുകയായിരുന്നു. കുടുംബത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ജനം അംഗീകരിക്കില്ലെന്നും പറഞ്ഞു. ഇതെല്ലാം സഹതാപം സൃഷ്ടിക്കുമെന്ന് അജിത് കണക്കുകൂട്ടുന്നു.

പുതിയ എംഎൽഎ വരട്ടെയെന്ന് അജിത് കഴിഞ്ഞ ദിവസം പ്രസംഗിച്ചതിനു പിന്നാലെ നാടകീയരംഗങ്ങൾ മണ്ഡലത്തിൽ ഉണ്ടായി. വീണ്ടും അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങി. അവരെ ശാന്തരാക്കിയെങ്കിലും കൂടുതലൊന്നും അദ്ദേഹം വിശദീകരിച്ചില്ല. ബാരാമതിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുപ്രിയെ സുളെയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല യുഗേന്ദ്രേയ്ക്കായിരുന്നു. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ, ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്രാ പവാർ 46,000 വോട്ടുകൾക്ക് പിന്നിൽ പോയതിന്റെ ഞെട്ടൽ അജിത്തിന് ഇനിയും മാറിയിട്ടില്ല. 1995 മുതൽ തുടർച്ചയായി അദ്ദേഹം ജയിച്ചുവരുന്ന മണ്ഡലത്തിലാണ് ഇൗ തിരിച്ചടി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആ തിരിച്ചടി മറികടക്കാനുള്ള ശ്രമമാണ് അജിത് നടത്തുന്നത്. നേർക്കുനേർ പോരാട്ടം നടത്തി പത്തി മടക്കിയിരിക്കെ സഹതാപം മാത്രമാണ് പിടിവള്ളി. ‘‘ബാരാമതിയിൽനിന്ന് അജിത് പവാർ മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പക്ഷത്തെ മുതിർന്ന നേതാവായ മന്ത്രി ഛഗൻ ഭുജ്ബൽ പറഞ്ഞു. അദ്ദേഹത്തിന്റെ വേദനയാണു പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ക്യാപ്റ്റനാണ് അദ്ദേഹം’’.

English Summary:

Ajit Pawar in Two Minds Over Baramati Candidacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com