ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബി 736.27 കോടി രൂപ ലാഭത്തിലാണെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നെയും എന്തിനാണ് വര്‍ധിപ്പിച്ച താരിഫ് നിരക്കിനു പുറമേ ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജ് കൂടി പിരിക്കുന്നതെന്ന സംശയമാണ് പലർക്കും. കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരക്കു നല്‍കേണ്ടിവരുന്നതിനൊപ്പമാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം. നിലവില്‍ പ്രതിമാസ ബില്ലിങ് പരിധിയിലുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് 8 പൈസയുമാണ് സര്‍ചാര്‍ജ്. ഏപ്രിലില്‍ ഇരുവിഭാഗങ്ങള്‍ക്കും അത് 7 പൈസയാകും (ഉദാ: 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപ സര്‍ചാര്‍ജ്).

രണ്ടു മാസത്തിലൊരിക്കല്‍ വൈദ്യുതി ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏപ്രിലില്‍ യൂണിറ്റിന് ഒരു പൈസയുടെ ആശ്വാസം കിട്ടുമെങ്കിലും മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് നഷ്ടമാണ് ഉണ്ടാകുക. വൈദ്യുതി ബില്ലില്‍ ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജ് ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കുറയ്ക്കാനും പ്രതിമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കൂട്ടാനും കെഎസ്ഇബി തീരുമാനിച്ചതോടെയാണിത്. ഗാര്‍ഹിക സോളര്‍ ഉല്‍പാദകരും (പ്രൊസ്യൂമേഴ്സ്) മാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന ടിഒഡി ബില്ലിങ്ങില്‍ ഉള്‍പ്പെടുന്നവരും പ്രതിമാസ ബില്‍ ലഭിക്കുന്നവരാണ്.

എന്തിന് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ്

സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാനായി കെഎസ്ഇബിക്ക് വൈദ്യുതി കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച് റെഗുലേറ്ററി കമ്മിഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവു പ്രകാരമാണ് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 2022 ഡിസംബറില്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ പ്രകാരം, വൈദ്യുതി വാങ്ങല്‍ ചെലവില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ രണ്ടു മാസത്തിനുള്ളില്‍ത്തന്നെ ഉപഭോക്താവിനു കൈമാറണം. 2025 ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങാൻ 14.38 കോടി രൂപയുടെ അധികബാധ്യത കെഎസ്ഇബിക്ക് ഉണ്ടായിട്ടുണ്ട്.

ഇത്തരം അധികബാധ്യത പരിഹരിക്കാന്‍ അടുത്ത താരിഫ് വര്‍ധന വരെ കാത്തിരിക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും എന്നതിനാലാണ് ഇന്ധനസര്‍ചാജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്. കെഎസ്ഇബിക്കു സ്വന്തം നിലയില്‍ യൂണിറ്റിന് പത്തു പൈസ വരെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ 9 പൈസ കൂടിയും സര്‍ചാര്‍ജ് പിരിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ബാധ്യത കുറയുന്നതിന് ആനുപാതികമായി ഇതില്‍ മാറ്റമുണ്ടാകും.

ദീര്‍ഘകാലമായി 19 പൈസയായിരുന്നു ഇന്ധന സര്‍ചാര്‍ജ്. ബാധ്യതകള്‍ കുറഞ്ഞതിനാല്‍ 2025 ഫെബ്രുവരിയില്‍ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിരുന്ന 9 പൈസ പിൻവലിച്ചിരുന്നു. ഇതോടെ സര്‍ചാര്‍ജ് 10 പൈസയായി. വീണ്ടും ബാധ്യതകള്‍ കുറഞ്ഞ മുറയ്ക്ക് മാര്‍ച്ചില്‍ അത് പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും 6 പൈസയും, രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമാക്കി. ഏപ്രിലില്‍ ഈ രണ്ടു വിഭാഗത്തിനും സര്‍ചാര്‍ജ് 7 പൈസ ആയാണ് നിശ്ചയിച്ചിരിക്കുന്നത്. 1000 വാട്‌സിനു താഴെ കണക്റ്റഡ് ലോഡും 40 യൂണിറ്റിനുതാഴെ പ്രതിമാസ ഉപയോഗവുമുള്ള ഉപയോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ഇബി ഉള്‍പ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികള്‍ നിശ്ചിത  കാലയളവിലേക്കുള്ള മൊത്തം റവന്യൂ ആവശ്യകത (Aggregate Revenue Requirement - ARR) മുന്‍കൂര്‍ തയാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഏതെല്ലാം സ്രോതസ്സുകളില്‍നിന്നു വൈദ്യുതി വാങ്ങാന്‍ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകള്‍, പൊതു ചെലവുകള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഇത് വിശദമായി പരിശോധിച്ചതിനു ശേഷം ഉപയോക്താക്കളുടെ ഭാഗം കൂടി കേട്ടാണ് റെഗുലേറ്ററി കമ്മിഷന്‍ വരും വര്‍ഷങ്ങളിലേക്കുള്ള വൈദ്യുതി നിരക്ക് അനുവദിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്ന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വിവിധ കാരണങ്ങളാല്‍ ഉല്‍പാദനം കുറയുകയും ആവശ്യകത വര്‍ധിക്കുകയും ചെയ്താല്‍ ചെലവ് കൂടിയ താപനിലയങ്ങളില്‍നിന്ന് ഉള്‍പ്പെടെ വൈദ്യുതി വാങ്ങേണ്ടി വരും. ഇത്തരത്തില്‍ അധികബാധ്യത വരുമ്പോള്‍ ഇന്ധന സര്‍ചാര്‍ജ് അപേക്ഷകളിലൂടെ കമ്മിഷനു മുന്നില്‍ ത്രൈമാസ ക്ലെയിമുകള്‍ സമര്‍പ്പിക്കും. മുന്‍കൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോര്‍മുല പ്രകാരം കമ്മിഷന്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുത്ത് അനുമതി നല്‍കുകയാണ് ചെയ്യുന്നത്. 

LISTEN ON

English Summary:

Fuel Surcharge Increase on KSEB Electricity Bills: What Consumers Need to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com