‘ഗുണ്ടകൾ നിനക്ക് പ്രൊട്ടക്‌ഷൻ തരാൻ നിൽക്കുന്നെന്ന് പറഞ്ഞ് ഭീഷണി, പലയിടത്തുനിന്നു സിപിഎം പ്രവർത്തകർ വിളിക്കുന്നു; സ്ഥലംമാറ്റം വേണം’

Mail This Article
പത്തനംതിട്ട ∙ സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അറിയാതെയാണ് എം.വി.സഞ്ജുവിനെ ഫോണിൽ വിളിച്ചതെന്നും ശബ്ദരേഖ പുറത്തായതിനു പിന്നാലെ പേടിയുണ്ടെന്നും നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. ഇനി നാരങ്ങാനത്ത് ജോലി ചെയ്യാനാവില്ലെന്നും മാനസികനില അതിന് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയെന്നും ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു. വീടിന്റെ നികുതിക്കുടിശിക അടച്ചു തീർക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാതിരുന്നതു കൊണ്ടാണ് എം.വി.സഞ്ജുവിനെ നേരിട്ടു വിളിച്ചത്. ഇനി അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ജോസഫ് പറഞ്ഞു.
പല തവണ വിളിച്ചിട്ടും നികുതി അടച്ചില്ല, നിയമനടപടി സ്വീകരിക്കും
‘‘സഞ്ജുവിന്റെ വീടിന് ഒറ്റത്തവണ റവന്യു നികുതി അടയ്ക്കാനാവശ്യപ്പെട്ട് 3 വർഷം മുൻപാണ് നോട്ടിസ് നൽകിയത്. 4 ഗഡുക്കളായി 9360 രൂപ അടയ്ക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നികുതി അടയ്ക്കാൻ അദ്ദേഹം തയാറായില്ല. 20 ദിവസം മുൻപാണ് ഞാൻ നാരങ്ങാനത്തേക്കു സ്ഥലം മാറി വന്നത്. മാർച്ച് ആയതിനാൽ മുടങ്ങിയ അടവുകൾ തിരിച്ചടപ്പിക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് സഞ്ജുവിനെ ബന്ധപ്പെട്ടത്. വില്ലേജ് ഓഫിസിലെ മറ്റു ജീവനക്കാരാണ് ആദ്യം അദ്ദേഹത്തെ വിളിച്ചത്. എന്നാൽ നാളെ അടയ്ക്കാമെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതിയാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. അപ്പോഴും, നാളെ അടയ്ക്കാമെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത്രയും നാൾ പറഞ്ഞതുപോലെ ഇനി പറ്റില്ലെന്നും നാളെ ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് എന്തായാലും തുക അടയ്ക്കണമെന്നും ഞാൻ പറഞ്ഞു. ‘അടച്ചില്ലെങ്കിൽ?’ എന്നായിരുന്നു അദ്ദേഹം അതിന് മറുപടി പറഞ്ഞത്. നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് എന്നെ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും.
അദ്ദേഹത്തെ പല ദിവസങ്ങളിലും ജീവനക്കാർ വിളിച്ചെങ്കിലും അവർ പേടിച്ചാണ് സഞ്ജുവിനോടു സംസാരിച്ചത്. എന്നാൽ ഞാൻ വിളിക്കാൻ തയാറായത് എനിക്ക് പേടിയില്ലാത്തതു കൊണ്ടല്ല. എനിക്ക് അയാളുടെ പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ട് അറിയാത്തതുകൊണ്ടാണ്. സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആണ് അദ്ദേഹമെന്ന് എനിക്ക് അറിയില്ലായിരുന്നു.
26നു തന്നെ പണം അടയ്ക്കണമെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയാറായില്ല. പിന്നാലെ സഞ്ജുവിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. സംഭവം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിയമനടപടി സ്വീകരിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. റവന്യു റിക്കവറിക്ക് വേണ്ട നടപടി തുടങ്ങിയിട്ടുണ്ട്. അതിനായി തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. എന്നിട്ടും അദ്ദേഹം പണമടയ്ക്കാൻ തയാറായില്ലെങ്കിൽ ജപ്തി നടപടിയുമായി മുന്നോട്ടുപോകും.
ഭീഷണിപ്പെടുത്തി, ഓഡിയോ പ്രചരിപ്പിച്ചത് ഞാനല്ല
ഇവിടെ ഇനിയും ജോലി ചെയ്യാൻ വല്ലാത്ത പേടി തോന്നുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ഭീഷണി കോൾ വന്നു. ‘‘ഞങ്ങൾ കുറച്ച് ഗുണ്ടകൾ നിനക്ക് പ്രൊട്ടക്‌ഷൻ തരാൻ പുറത്തു നിൽക്കുന്നുണ്ട്. ഇറങ്ങി വരണം’’ എന്ന തരത്തിലാണ് അവർ സംസാരിച്ചത്. കൂടാതെ പലയിടത്തു നിന്നും സിപിഎം പ്രവർത്തകർ വിളിക്കുന്നുണ്ട്. ഫോൺ സന്ദേശം എന്തിനു പ്രചരിപ്പിച്ചു എന്നാണ് പലരും ചോദിക്കുന്നത്. മനപ്പൂർവം ഞാൻ ഫോൺ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചിട്ടില്ല. ഞാൻ ഒരിക്കലും ശബ്ദസന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ മേലുദ്യോഗസ്ഥർക്കു മാത്രമാണ് ഓഡിയോ അയച്ചത്. പിന്നെ വില്ലേജ് ഓഫിസർമാരുടെ ഗ്രൂപ്പിലും ഓഡിയോ ഇട്ടിരുന്നു.
ഭീഷണി കേട്ടതോടെ നാരങ്ങാനത്ത് ഇനി ജോലി ചെയ്യാൻ പറ്റാത്ത മാനസികാവസ്ഥയായി. അവിടെ തുടരാൻ താൽപര്യമില്ല. അത് കലക്ടറെ ബോധ്യപ്പെടുത്തി. സ്ഥലംമാറ്റം തരണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഭീഷണി കോൾ വന്ന നമ്പർ വച്ച് കലക്ടർക്കു പരാതിയും നൽകിയി. കലക്ടർ അത് ആറന്മുള സിഐയ്ക്ക് കൈമാറിയിരുന്നു. മൊഴി രേഖപ്പെടുത്താൻ ചെല്ലണമെന്നു സിഐ പറഞ്ഞിട്ടുണ്ട്.
മന്ത്രിയുടെ ബന്ധുവിനെതിരെ സംസാരിച്ചു, മിണ്ടാതിരിക്കാൻ പറ്റില്ല
എനിക്കെതിരെ പല ആരോപണങ്ങളും വന്നു എന്നാണ് പലരും ഇപ്പോൾ പറയുന്നത്. സത്യമറിയാതെയാണ് പലരും പലതും പറയുന്നത്. ഒരു മന്ത്രിയുടെ ബന്ധു ആഡംബര നികുതി അടയ്ക്കാത്തത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് എനിക്കെതിരെ വന്ന ആരോപണങ്ങൾ. പിന്നീട് നടപടി എടുക്കാൻ വേണ്ടി കാരണങ്ങളുണ്ടാക്കുകയായിരുന്നു. പല കാരണങ്ങളുമുണ്ടാക്കി നടപടിയെടുത്തു. ആറേഴു മാസം പുറത്തുനിന്നു. അന്വേഷണത്തിൽ കഴമ്പില്ലെന്നു മനസ്സിലായതാണ്. എനിക്കെതിരെ കൈക്കൂലിക്കേസൊന്നും ഇതുവരെ ഇല്ല.
ജോലി കൃത്യമായി ചെയ്തു, പലർക്കുമെതിരെ മിണ്ടാതിരിക്കാൻ പറ്റിയില്ല എന്നതാണ് എന്റെ പ്രശ്നം. പാർട്ടി ഘടകത്തിലുള്ള ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചാൽ നമുക്കെതിരെ പല പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അല്ലെങ്കിൽ നമ്മൾ, കുരങ്ങൻ മൂക്കും ചെവിയും വായയും പൊത്തിപ്പിടിച്ചിരിക്കുന്നതുപോലെ മിണ്ടാതിരിക്കണം. മേലുദ്യോഗസ്ഥരുടെ ചീത്തവിളി മാത്രം കേട്ടാൽ മതി. അങ്ങനെ മിണ്ടാതെ മുന്നോട്ടു പോയാൽ ഒരു ദോഷവും വരില്ല. അല്ലെങ്കിൽ പലതും അനുഭവിക്കേണ്ടി വരും. എന്നെ ജോലിക്ക് നിർത്തിയത് ഓഫിസിലെ ജോലി ചെയ്യാനാണ്. അവിടെ ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ ഇല്ല.’’