അച്ഛൻ ജനന സർട്ടിഫിക്കറ്റിനു പോയപ്പോൾ വ്യോമാക്രമണം; ഗാസയിൽ 4 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടു
Mail This Article
ദെയറൽ ബലാഹ് (ഗാസ) ∙ ആ ഫോൺവിളി എത്തുന്നതുവരെ ആഹ്ലാദത്തിലായിരുന്നു മുഹമ്മദ് അബു അൽ ഖുമ്സാൻ (31). യുദ്ധക്കെടുതികളിൽ നീറുമ്പോഴും വീടു വിട്ട് മറ്റൊരിടത്ത് അഭയം തേടുമ്പോഴും നിരാശയിലാണ്ട ജീവിതം ഇരട്ടിയായി തിളങ്ങാൻ തുടങ്ങിയിരുന്നു. 4 ദിവസം മുൻപ് അസ്സർ, അയ്സൽ എന്നീ ഇരട്ടക്കുട്ടികൾ പിറന്നതിന്റെ സന്തോഷത്തിലായിരുന്നു ഖുമ്സാനും കുടുംബവും.
കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് അയൽപക്കത്തുനിന്ന് ഫോൺവിളിയെത്തിയത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഭാര്യയും ഇരട്ടക്കുട്ടികളും ഭാര്യാമാതാവും കൊല്ലപ്പെട്ടെന്ന് അറിഞ്ഞതും ഖുമ്സാന്റെ ശരീരം വിറച്ചു. കൈകളിൽ അപ്പോഴും ആ ജനന സർട്ടിഫിക്കറ്റുണ്ടായിരുന്നു.
വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞുങ്ങളെ മോർച്ചറിയിലേക്ക് എത്തിച്ചപ്പോൾ ഖുമ്സാൻ വാവിട്ടു കരഞ്ഞു. പ്രാർഥനകൾക്കിടെ ആ കുഞ്ഞുങ്ങൾ ആദ്യമായി കാറിൽ കയറി; അതു കബറിടത്തിലേക്കുള്ളതായിരുന്നു. മനസ്സ് മരവിച്ചു ഗാസ നിത്യവും കാണുന്ന മറ്റൊരു കണ്ണീർചിത്രം.