പച്ച പൊള്ളിച്ച ആവോലി, ഊണിനു രുചി കൂടും
Mail This Article
ആവോലി മത്സ്യം മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യ ഇനമാണ്. കറികളിലും വറുത്തതോ പൊരിച്ചതോ വിഭവങ്ങളിലുമൊക്കെ ഇത് വളരെ രുചികരമാണ്. ഒരു കാലത്തു വളരെ സുലഭമായി കിട്ടിയിരുന്ന ഈ മത്സ്യം ഇന്ന് ലഭ്യതക്കുറവും വിലക്കുടുതലും കൊണ്ട് നമ്മുടെ തീന്മേശകളിൽ നിന്നും കുറച്ചു അകലുന്ന കാഴ്ചയാണ് അടുത്ത കാലത്തു കാണുന്നത്. വളരെ വ്യത്യസ്‌തമായ രീതിയിൽ എളുപ്പത്തിൽ വളരെ രുചികരമായി ആരോഗ്യപ്രദമായ രീതിയിൽ ചെയ്തെടുക്കാവുന്ന ഒരു വിഭവമാണ് പച്ച പൊള്ളിച്ച ആവോലി. കരിമീൻ, തിലാപ്പിയ, വേള എന്നീ മീനുകളിലും ഈ രുചി പരീക്ഷിക്കാവുന്നതാണ്.
ചേരുവകൾ
- ആവോലി മീൻ - 500 ഗ്രാം ( 2 എണ്ണം)
- മസാല ഉണ്ടാക്കുന്നതിന്
- കറിവേപ്പില- അര കപ്പ്
- മല്ലിയില - അര കപ്പ്
- പച്ചമുളക് - 10 എണ്ണം
- നാരങ്ങാ നീര് - 2 നാരങ്ങയുടെത്
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് - 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
വാഴയിലയിൽ നിരത്താൻ
- സവാള വട്ടത്തിൽ അരിഞ്ഞത് - രണ്ടു സവാളയുടേത്
- പച്ച മുളക് കീറിയത് - 4 എണ്ണം
- നാരങ്ങാ വട്ടത്തിലരിഞ്ഞത് - 2 നാരങ്ങായുടേത്
- കറിവേപ്പില - 2 തണ്ട്
- വാഴയില - ഒന്ന്
- വെളിച്ചെണ്ണ - രണ്ടു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
വെളിച്ചെണ്ണ ചൂടാക്കി, കറിവേപ്പിലയും പച്ചമുളകും ചെറുതീയിൽ വഴറ്റുക. നിറം മാറാതെ പച്ചപ്പ് മാറുമ്പോൾ വാങ്ങി, തണുത്തതിനു ശേഷം മല്ലിയില, ഇഞ്ചി വെളുത്തുള്ളി അരച്ചത്, നാരങ്ങാ നീര്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചെറുതായി അരച്ചെടുക്കുക. കുഴമ്പു പരുവത്തിലാകാതെ സൂക്ഷിക്കുക.
വൃത്തിയാക്കി കഴുകി വരഞ്ഞു വച്ചിരിക്കുന്ന മീൻ, മസാലയിൽ പുരട്ടി ഒരു മണിക്കൂർ റെഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
വാഴയില രണ്ടായി മുറിച്ചു ചെറു തീയിൽ വാട്ടിയെടുക്കുക. ഇലയിൽ ആദ്യം സവാള അരിഞ്ഞതും പച്ചമുളക് കീറിയതും ഒരു തണ്ടു കറിവേപ്പിലയും വയ്ക്കുക. അതിനു മുകളിൽ ആവോലി വച്ച്, മുകളിൽ നാരങ്ങാ അരിഞ്ഞത് നിരത്തി, അല്പം വെള്ളം തളിച്ച് ഇല നാലു വശവും മടക്കിയെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഈ മീൻ പൊതി അതിൽ ഇറക്കി വയ്ക്കുക. അടച്ചു വച്ച് ചെറുതീയിൽ രണ്ടു വശവും ഏഴു മിനിറ്റു വീതം ആവിയിൽ വേവിച്ചെടുക്കുക. ചൂടോടെ സലാഡിനൊപ്പം വിളമ്പുക.
English Summary : Pomfret is a fleshy sea fish that is usually fried and served.