അയ്യേ... ഇതെങ്ങനെ കഴിക്കും! ബ്രെഡ് കൊണ്ട് രസഗുളയോ?
Mail This Article
ഈയിടെ ഇന്‍റര്‍നെറ്റില്‍ ഓൺലൈനിൽ വളരെയധികം തരംഗമായ ഒരു വിഭവമായിരുന്നു രസഗുള ഇഡ്ഡലി. ആളുകള്‍ അത്രയേറെ സ്നേഹിക്കുന്ന രണ്ടു വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, രണ്ടും നശിപ്പിച്ചു എന്നു പറഞ്ഞു ബഹളവുമായിരുന്നു ഈ വിഡിയോയ്ക്കടിയിലെ കമന്‍റുകളില്‍. ഇപ്പോഴിതാ ഇതേപോലെ വന്നിരിക്കുന്ന പുതിയൊരു വിഭവമാണ് ബ്രഡ് രസഗുള.
ശുഐബ് അറോറയാണ് ഇതിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രെഡ് രസഗുള വില്‍ക്കുന്ന തെരുവോരക്കച്ചവടക്കാരന്‍റെ വിഡിയോ ആണിത്. ഒരു ബോക്സിനുള്ളില്‍ സിറപ്പില്‍ മുക്കി വെച്ച ബ്രെഡും മറ്റൊരു ബോക്സില്‍ സാധാരണ രസഗുളയും കാണാം.
കച്ചവടക്കാരന്‍ ഒരു പ്ലേറ്റിലേക്ക് ബ്രെഡ് കഷ്ണങ്ങള്‍ എടുത്തിട്ട് അതിലെ വെള്ളം ഊറ്റിക്കളയുന്നു. ശേഷം, രസഗുളയിലെ സിറപ്പ് എടുത്ത് ഇതിനു മുകളിലേക്ക് ഒഴിച്ച ശേഷം ആളുകള്‍ക്ക് കൊടുക്കുന്നത് കാണാം. വളരെയധികം രോഷാകുലരായാണ് ആളുകള്‍ ഈ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയത് മുഴുവനും എന്തെങ്കിലും പേരിട്ടു വിളിച്ച് കഴിക്കുന്നവരാണ് ഇന്ത്യാക്കാര്‍ എന്ന് ഒരാള്‍ പരിഹസിച്ചു. 'ഒരു പ്ലേറ്റ് പ്രമേഹവും ഒരു പ്ലേറ്റ് ഹാര്‍ട്ടറ്റാക്കും പോരട്ടെ' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. കച്ചവടക്കാരന്‍ സ്പൂണ്‍ ഉപയോഗിക്കുന്നതില്‍ ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്.