കുട്ടികളുടെ കൈയടി നേടി, യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ജിയോ ജോസഫ്
Mail This Article
20 ലക്ഷത്തിലേറെ വരിക്കാരുള്ള എം 4 ടെക് കൊച്ചുകുട്ടികൾക്കു പോലും സുപരിചിതമായ യൂട്യൂബ് ചാനലാണ്. ടെക്നോളജി രംഗത്തെ ടിപ്സും വീഡിയോകളും വിലയിരുത്തലുകളും അവർക്കു മനസിലാകുന്ന വിധത്തിൽ ലളിതമായി അനായസതയോടെ അവതരപ്പിക്കുന്നതാണ് ചാനലിനെ പ്രിയങ്കരമാക്കുന്നത്. യൂട്യൂബിൽ നിന്ന് ലക്ഷക്കണക്കിനു രൂപ വരുമാനമുണ്ടാക്കുന്ന ചാനലിന്റെ വ്ലോഗര്‍ ജിയോ ജോസഫ് സംസാരിക്കുന്നു.
പെട്ടെന്നുള്ള ഈ വിജയത്തിന്റെ രഹസ്യം എന്താണ്?
രണ്ടുവർഷം മുൻപു വരെ മലയാളത്തിലെ യൂട്യൂബ് ചാനൽ എന്നാൽ ഗോസിപ്പുകളെന്നായിരുന്നു പൊതുവെയുള്ള ധാരണ. അപ്പോഴാണ് പോസിറ്റീവായി, കുട്ടികൾക്ക് അറിവും അവരുടെ ജിജ്ഞാസയെ തൃപ്‌തിപ്പെടുത്തുന്നതുമായ കാര്യങ്ങളുമായി എം4ടെക് ചാനൽ ആരംഭിക്കുന്നത്. അതോടെ പിന്തുണ കിട്ടി.
ഞങ്ങൾ തുടങ്ങുമ്പോൾ ഈ രംഗത്ത് അധികം പേരില്ല. ഞങ്ങൾക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാഴ്‌ചക്കാർക്ക് എന്തൊക്കെ ഇഷ്ടപ്പെടും. എന്താണ് വേണ്ടത് എന്നൊന്നും അറിയില്ല. പിന്നീട് കമന്റ്‌സൊക്കെ നോക്കിയാണ് യഥാർഥത്തിൽ വേണ്ടത് എന്തെന്ന് മനസ്സിലാക്കിത്തുടങ്ങിയത്. കാഴ്ചക്കാരുമായി എപ്പോഴും ഒരു ബന്ധം ഉണ്ടാക്കിയെടുത്തു. അതു നിലനിർത്തി. അതുകൊണ്ട് പൾസ് തിരിച്ചറിഞ്ഞ് ആവശ്യമായ വിഡിയോ കൊടുക്കാൻ സാധിച്ചു. പഠിപ്പിച്ചിരുന്ന അധ്യാപകരും സുഹൃത്തുക്കളും അടക്കം ഒരുപാടുപേർ സഹായിച്ചു. തുടക്കത്തിൽ പലരും നെഗറ്റീവ് കമന്റുകൾ ഇട്ടു. പക്ഷേ പിന്നീട് എല്ലാം പോസിറ്റീവായി മാറി.
ഇന്ന് ഈ ചാനലിലൂടെ എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. നമ്മളെ കൊണ്ട് ആളുകൾക്ക് ചില അറിവുകൾ കിട്ടുന്നു, ഉപകാരപ്പെടുന്നു. ഇതു ജീവിതത്തിലെ വലിയ നേട്ടമായി ഞാൻ കരുതുന്നു.
വ്ലോഗ് തുടങ്ങാൻ എന്തെല്ലാം ശ്രദ്ധിക്കണം?
ഒട്ടേറെ പേർ കടന്നു വരുന്നുണ്ടെങ്കിലും പലർക്കും ഈയാംപാറ്റകളുടെ ആയുസ്സേയുള്ളൂ. ആദ്യം ഒന്നോ രണ്ടോ വിഡിയോ ഇടും. കാര്യമായ കാഴ്‌ചക്കാരെയും കിട്ടില്ല. വരുമാനവും കിട്ടില്ല. അപ്പോൾ ഉപേക്ഷിക്കും. പകരം ക്ഷമയോടെ നിൽക്കണം. സ്ഥിരമായി,
തുടർച്ചയായി വിഡിയോ ഇടണം. നിങ്ങൾക്ക് എങ്ങനെ സ്ഥിരത പാലിക്കാമോ അതുപോലെ ചെയ്യുക. ദിവസേന പറ്റുമെങ്കിൽ അങ്ങനെ. ആഴ്‌ചയിലൊരിക്കലെങ്കിൽ അങ്ങനെ. മാസത്തിലൊരിക്കലേ പറ്റൂവെങ്കിൽ അതായാലും മതി. നിങ്ങളുടേത് നല്ല ഉള്ളടക്കം ആണെങ്കിൽ തുടക്കത്തിൽ ആളെ കിട്ടിയില്ലെങ്കിലും ചാനൽ ഉയർന്നുവരിക തന്നെ ചെയ്യും. ആരും ഇതുവരെ കൈവച്ചിട്ടില്ലാത്ത പല മേഖലകൾ ഇപ്പോഴും തുറന്നുകിടപ്പുണ്ട്. അവ കണ്ടെത്തുക ഉപയോഗിക്കുക
എന്തെല്ലാം തെറ്റാണ് പൊതുവേ വരുത്തുന്നത്?
പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റാൻ കോമാളിത്തരങ്ങൾ കാട്ടും. ആദ്യം പ്രയോജനം ചെയ്തേക്കാം. പക്ഷേ വലിയ ആയുസ്സുണ്ടാകില്ല. നല്ല മേന്മയുള്ള പ്രയോജനകരമായ ഉള്ളടക്കം വേണം. നമ്മുടെ ബലം സബ്‌സ്‌ക്രൈബേഴ്‌സും നമ്മുടെ വിഡിയോ കാണുന്നവരുമാണ്. അവർക്ക് നമ്മളിൽ വിശ്വാസം വരണം.
നമ്മുടെ വിഡിയോ കണ്ടാൽ ഗുണം ഉണ്ടാകും എന്ന് തോന്നിയാലേ തുടർന്നും അവർ കാണൂ. വിഡിയോകൾ ഇട്ടാൽ ഉടൻ വരുമാനം വരും എന്ന് കരുതുന്നതും തെറ്റാണ്. കാത്തിരിപ്പും ക്ഷമയും അനിവാര്യമാണ്.