കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം
Mail This Article
എം.എൻ. കാരശ്ശേരി എഴുതിയ ‘അഴീക്കോട് മാഷ്’ എന്ന പുസ്തകത്തിൽ സുകുമാർ അഴീക്കോടിന്റെ ഒരു ക്ലാസ് അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ ക്ലാസിൽ കുട്ടികളോടു മാഷ് ചോദിച്ചു, ഹോട്ടലുകളിൽ ചുമര്‍ നിറയെ കണ്ണാടി വച്ചിരിക്കുന്നത് എന്തിനാണ്? മിക്കവർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല. പുച്ഛം നിറഞ്ഞ ആ പുഞ്ചിരി മുഖത്തു തെളിഞ്ഞു. ഈ സമയം പി.രാജലക്ഷ്മി ക്ലാസിന്റെ മാനം കാത്തു, കളവു കണ്ടുപിടിക്കാനാവാം, സാർ.
പുഞ്ചിരി അനുമോദനത്തിന്റേതായി. എന്നിട്ടു മാഷ് എല്ലാവരോടുമായി പറഞ്ഞു, ഓരോന്നു കാണുമ്പോൾ എന്തെന്നും എന്തിനെന്നും ആലോചിക്കണം.
മനേജ്‌മെന്റ് തന്ത്രങ്ങളൊന്നും പഠിക്കാത്ത നാട്ടിലെ ചായക്കടക്കാർ മോഷ്ടാക്കളെ പിടിക്കാൻ സ്ഥാപിച്ച കണ്ണാടിശാസ്ത്രം എങ്ങനെയുണ്ട്? ജീവിതത്തെ അപ്പാടെ ഒപ്പിയെടുക്കുന്ന കണ്ണാടികൾക്കു പിന്നിൽ പുതിയ കാലത്ത് അതിലുപരിയായുള്ള കച്ചവടത്തിന്റെ പ്രതിബിബംങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
നിങ്ങൾ കണ്ണാടിയിൽ മുഖം കാണാനാഗ്രഹിക്കുകയും അത് ശരിയായ രൂപത്തിൽ കാണാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനു പല കാരണങ്ങളുണ്ടാകാം.
1 .ഒന്നുകിൽ കണ്ണാടി തെളിച്ചമില്ലാത്തതാകാം.
2 .അല്ലെങ്കിൽ, നിങ്ങളുടെ മുഖം കുറച്ചുകൂടി വൃത്തിയാക്കാത്തതാകാം.
3 .കണ്ണാടി സ്ഥാപിച്ചിരിക്കുന്നിടത്ത് ആവശ്യത്തിനു വെളിച്ചമില്ലാത്തതാകാം.
4 .അതുമല്ലെങ്കിൽ കാഴ്ചശക്തിയുടെ പ്രശ്‌നവുമാകാം.
നമ്മുടെ തന്നെ നിയന്ത്രണത്തിലുള്ള ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കാഴ്ച കൂടുതൽ ശോഭയുള്ളതാകും എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. കച്ചവടവിജയത്തിന്റെ കാര്യത്തിലും ഈ കണ്ണാടിപ്പാഠം മനഃപാഠമാക്കേണ്ടതാണ്. ഒരു കണ്ണാടിയെടുത്തു നിങ്ങളുടെ കച്ചവടത്തിനുനേരെ പിടിച്ചാല്‍ അതിൽ തെളിയുന്ന നേർക്കാഴ്ചകളാണ് നിങ്ങളുടെ വിജയവും പരാജയവും നിർണയിക്കുന്നത്.
1 .ഒന്നുകിൽ ഉടമ എന്ന നിലയിൽ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒരു പ്രസന്നഭാവം നിങ്ങളുടെ മുഖത്ത് ഇല്ലാത്തതാകാം.
2. അല്ലെങ്കിൽ നിങ്ങളുടെ കടയുടെ പൂമുഖം ഇരുണ്ടിരിക്കുന്നതാകാം.
3. സ്ഥാപനത്തിലെ തൊഴിലാളികൾ കടയിൽ എത്തുന്നവരോടു കാട്ടുന്ന അനാദരവാകാം.
4. അതുമല്ലെങ്കിൽ കയറിവന്ന കസ്റ്റമറോട് ഉടമ തന്നെ കാണിക്കുന്ന അവമതിപ്പാകാം.
ഇത്തരത്തിൽ നെഗറ്റീവ് ഭാവങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു കടയിലേക്ക് ആരാണു വരിക? അതിനാൽ, കട തുറന്നവരും കട തുറക്കാനിരിക്കുന്നവരും ആദ്യം ഒരു കണ്ണാടി വാങ്ങുക. എന്നിട്ട് അതിൽ സ്വന്തം മുഖവും സ്ഥാപനത്തിന്റെ മുഖവും നന്നായൊന്നു കാണാൻ ശ്രമിക്കുക. ഒപ്പം, അതനുസരിച്ച് മാറാൻ കൂടി തയാറായാൽ വിജയം നിങ്ങളുടെ വഴിയെ താനെ കടന്നുവരും. അവസാനമായി കണ്ണാടി കാൺവോളവും തങ്ങളുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുന്നെത്രയോ വിരൂപന്മാർ എന്ന വരികൾ കൂടി ഓർക്കാം
അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്പ് •
ഒക്ടോബർ ലക്കം സമ്പാദ്യം മാഗസിൻ "ചിരിയും ചന്തയും" പംക്ചിയിൽ പ്രസിദ്ധീകരിച്ചത്