ചൂട് ഓഹരിവിപണിയിലേക്കും, അനിശ്‌ചിതത്വം ഫലപ്രഖ്യാപനംവരെ തുടരാം
Mail This Article
വേനൽച്ചൂടിന്റെ കാഠിന്യം ഓഹരി വിപണിയെയും അസ്വസ്‌ഥമാക്കുന്നു. കടുത്ത വരൾച്ച കാർഷികോൽപാദനത്തെ ബാധിച്ചാൽ അതു ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിനിടയാക്കുമെന്നതാണ് അസ്വസ്‌ഥതയ്‌ക്കു പ്രധാന കാരണം. ഭക്ഷ്യോൽപന്ന വിലക്കയറ്റം പൊതു വിലക്കയറ്റത്തിലാണു കലാശിക്കുക. അതാകട്ടെ വായ്‌പ നിരക്കുകളിൽ ഇളവു വരുത്തുന്നതു വൈകിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നിർബന്ധിതമാക്കും. കാർഷികോൽപാദനത്തിലെ ഇടിവു ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയെ ദുർബലമാക്കുമെന്ന ദോഷവുമുണ്ട്. അത് ഉപഭോഗ വളർച്ചയ്‌ക്കു പ്രതിബന്ധമാകും. വരൾച്ച മൂലം സംഭരണികളിലെ ജലശേഖരം തീരെ കുറഞ്ഞിരിക്കുന്നതു കൃഷിക്കു മാത്രമല്ല വൈദ്യുതോൽപാദനത്തിനും വെല്ലുവിളിയാകുകയാണ്.
രാഷ്‌ട്രീയ കാലാവസ്‌ഥയും വിപണിയെ കുറച്ചൊക്കെ അസ്വസ്‌ഥമാക്കുന്നുണ്ട്. ലോക്‌സഭയിലേക്കുള്ള മൂന്നിലൊന്നിലേറെ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പൂർത്തിയായെങ്കിലും രണ്ടു ഘട്ടങ്ങൾ മാത്രമാണു പിന്നിട്ടിട്ടുള്ളത്. ഫലപ്രഖ്യാപനത്തിന്റെ ദിവസം വരെ അനിശ്‌ചിതത്വം വിപണിയെ അസ്വസ്‌ഥമാക്കാം.
സംഘർഷം, എണ്ണ വില
രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നതും ചില രാജ്യങ്ങൾ തമ്മിലെ സംഘർഷം തുടരുന്നതും വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള പണമൊഴുക്കു നിലച്ചിരിക്കുന്നതും വിപണിയുടെ സ്വസ്‌ഥത ഇല്ലാതാക്കുന്നതാണ്.
വിപണിയിൽ ഏതാനും ദിവസങ്ങളായി കണ്ടുവരുന്ന വലിയ തോതിലുള്ള കയറ്റിറക്കങ്ങൾക്കു പിന്നിൽ ഇങ്ങനെ പല കാരണങ്ങളാണുള്ളത്. ഈ പശ്‌ചാത്തലത്തിൽ വിപണിയിലെ കുത്തനെയുള്ള ഉയർച്ചകളും താഴ്‌ചകളും ഏതാനും ആഴ്‌ചകളിൽ കൂടി തുടർന്നേക്കും.
നിഫ്‌റ്റിയുടെ ഉയര സാധ്യത 22,650
ഏറ്റവും ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റിയുടെ നിലവാരം 22,419.95 പോയിന്റായിരുന്നു. അവസാന ദിനം ഇടിവിന്റേതായിരുന്നെങ്കിലും നിഫ്‌റ്റിക്ക് ഒരു ശതമാനത്തിലേറെ നേട്ടം കൈവരിക്കാൻ സാധിച്ച ആഴ്‌ചയാണു കടന്നുപോയത്.
പ്രധാന സൂചികകളിലൊന്നായ ബാങ്ക് നിഫ്‌റ്റിക്കും ഇതേ തോതിലായിരുന്നു നേട്ടം. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ നിഫ്‌റ്റി 22,600 – 22,650 നിലവാരത്തിലേക്ക് ഉയർന്നേക്കാം. ലാഭമെടുപ്പു മൂലം തളർച്ച നേരിട്ടാൽ നിഫ്‌റ്റി 22,200 പോയിന്റ് വരെ താഴ്‌ന്നെന്നും വരാം.
വിപണിക്കു ബുധൻ അവധി
ബുധൻ വിപണിക്ക് അവധിയാണ്. മേയ് ദിനമാണെങ്കിലും അവധി ‘മഹാരാഷ്‌ട്ര ദിനം’ പ്രമാണിച്ചുള്ളതാണ്. ബിഎസ്‌ഇയുടെയും എൻഎസ്‌ഇയുടെയും ആസ്‌ഥാനം മഹാരാഷ്‌ട്രയിലാണല്ലോ.
പ്രവർത്തനഫല പ്രവാഹം തുടരും
വാർത്തകളിൽ എപ്പോഴും സ്‌ഥാനം നേടാറുള്ള അദാനി ഗ്രൂപ്പിൽനിന്ന് ഏഴു കമ്പനികൾ ഈ ആഴ്‌ച പ്രവർത്തന ഫലം പുറത്തുവിടുന്നുണ്ട്. ഇവ ഉൾപ്പെടെ ഈ ആഴ്‌ച ഫലം പ്രഖ്യാപിക്കുന്ന ചില കമ്പനികൾ ഇവയാണ്:
∙ ഇന്ന്: ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ടാറ്റ കെമിക്കൽസ്, കാൻ ഫിൻ ഹോംസ്, യൂക്കോ ബാങ്ക്, പിഎൻബി ഹൗസിങ്, ബിർല സോഫ്‌റ്റ്, അൾട്രാടെക് സിമന്റ്, ജന സ്‌മോൾ ഫിനാൻസ് ബാങ്ക്, കെപിഐടി ടെക്‌നോളജീസ്, റോസറി ബയോടെക്.
∙ നാളെ: ജിയോജിത്, എക്‌സൈഡ് ഇൻഡസ്‌ട്രീസ്, കാസ്‌ട്രോൾ ഇന്ത്യ, ഹാവെൽസ്, ഇൻഡസ് ടവേഴ്‌സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി.
∙ 01ന്: അംബുജ സിമന്റ്‌സ്, അദാനി പവർ, അദാനി വിൽമർ.
∙ 02ന്: സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, അദാനി പോർട്‌സ്, സിയറ്റ്, ബ്ലൂസ്റ്റാർ, ഡാബർ, കോൾ ഇന്ത്യ, അജന്ത ഫാർമ, കോഫോർജ്.
∙ 03ന്: എംആർഎഫ്, കാർബോറാണ്ടം യൂണിവേഴ്‌സൽ, അദാനി ഗ്രീൻ, റെയ്‌മണ്ട്, ടൈറ്റൻ കമ്പനി, എംആർപിഎൽ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്.