ADVERTISEMENT

കൊച്ചി∙ വ്യവസായ–വാണിജ്യ പൊതു ആവശ്യങ്ങൾക്കായി ലാൻഡ് പൂളിങ്ങിനു സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്; പക്ഷേ, ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം. അന്തിമ രൂപം നൽകി വിജ്ഞാപനം ചെയ്യാത്തതിനാൽ ഇൻഫോപാർക്ക്, സ്പോർട്സ് സിറ്റി പോലുള്ള പദ്ധതികൾക്കു പോലും ഭൂമി സ്വരൂപിക്കാൻ കഴിയാത്ത സ്ഥിതി.

സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതിനു പകരം ഭൂഉടമകളിൽ നിന്നു നേരിട്ട് അവരുടെ സമ്മതത്തോടെ വാങ്ങുന്നതാണ് ലാൻഡ് പൂളിങ് സമ്പ്രദായം. ഗുജറാത്തിലും ഡൽഹിയിലും മഹാരാഷ്ട്രയിലും ഇതു പ്രചാരത്തിലായിട്ടുണ്ട്. കർണാടകയും തമിഴ്നാടും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. കേരളത്തിൽ ഏതു പദ്ധതിയും നേരിടുന്ന ഭൂമി ക്ഷാമം പരിഹരിക്കാനുള്ള ഫലപ്രദമായ രീതിയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലം ആർക്ക് സറണ്ടർ ചെയ്യണമെന്നും മറ്റുമുള്ള സംശയങ്ങൾ ഭൂ ഉടമകൾ ഉന്നയിക്കുന്നുമുണ്ട്. 

ഒരു പ്രദേശത്ത് പൊതു വികസന പദ്ധതികൾക്കു സ്ഥലം ആവശ്യമുണ്ടെങ്കിൽ വിജ്ഞാപനം ചെയ്യും. സ്ഥലം ഉടമകളുടെ 75% സമ്മതിച്ചാൽ ഭൂമി ഏറ്റെടുക്കാമെന്നതാണ് ലാൻഡ് പൂളിങ്ങിലെ പ്രധാന വ്യവസ്ഥ. അങ്ങനെ പ്രതിഫലം വാങ്ങാതെ സറണ്ടർ ചെയ്യുന്ന ഭൂമിയുടെ മൂല്യം നിർണയിച്ച് ഉടമകൾക്ക് ലാൻഡ് പൂളിങ് സർട്ടിഫിക്കറ്റ് 60 ദിവസത്തിനകം നൽകും. പിന്നീട് ബന്ധപ്പെട്ട വകുപ്പ് ഈ ഭൂമിയിൽ റോഡും മാലിന്യ സംസ്ക്കരണ സൗകര്യവും ഓഫിസും വൈദ്യുതിയും വെള്ളവും മറ്റും ഏർപ്പെടുത്തിയ ശേഷം 60% ഭൂമി ഉടമകൾക്ക് തിരികെ നൽകുന്നു. 

പദ്ധതി നടപ്പാക്കുന്നവർക്ക് ഭൂമി ഉടമകളിൽ നിന്നു നേരിട്ടു വില കൊടുത്തു വാങ്ങാം. വികസിതമാവുമ്പോൾ ഭൂമിയുടെ വില നേരത്തേ കണക്കാക്കിയ മൂല്യത്തിന്റെ പല മടങ്ങാവാമെന്നതാണ് ഉടമകളുടെ നേട്ടം. തോട്ടങ്ങൾക്കുബാധകമാവില്ലെന്നാണു കരുതപ്പെടുന്നത്.

English Summary:

Land Pooling Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com