ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തില്
Mail This Article
ഇന്ത്യൻ വിപണി ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. മോശം പിഎംഐ ഡേറ്റകളുടെ പോലും പശ്ചാത്തലത്തിൽ ചൈനീസ്, കൊറിയൻ, ജാപ്പനീസ് വിപണികൾ മികച്ച മുന്നേറ്റം നേടിയപ്പോളാണ് മികച്ച മാനുഫാക്ച്ചറിങ് പിഎംഐ സംഖ്യ കുറിച്ച ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണത്. ബാങ്ക് ഓഫ് ജപ്പാന്റെ പുതു നടപടികൾ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും ജാപ്പനീസ് യെന്നിന് മുന്നേറ്റം നല്കിയതിനൊപ്പം ജാപ്പനീസ് വിപണിക്ക് 2.36% മുന്നേറ്റവും നൽകി. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
മുൻനിര ടെക്ക് ഓഹരികളും, അദാനി ഓഹരികളും, ആക്സിസ് ബാങ്കും, ഏഷ്യൻ പെയിന്റുമാണ് ഇന്ത്യൻ വിപണിയുടെ തിരുത്തലിന് ചുക്കാൻ പിടിച്ചത്. മികച്ച റിസൾട്ടുകളുടെയും, മികച്ച വില്പനയുടെയും കൂടി പിൻബലത്തിൽ റിയൽറ്റി സെക്ടർ തുടർച്ചയായ രണ്ടാം ദിനവും ഒരു ശതമാനത്തിലേറെ നേട്ടം സ്വന്തമാക്കി. ഫാർമ, പൊതു മേഖല ബാങ്കിങ് സെക്ടറും ഇന്ന് നേട്ടം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് ആരംഭത്തിൽ തന്നെ 19100 പോയിന്റിലെ കടമ്പ കടക്കാനാകാതെ വീണ നിഫ്റ്റി 18973 പോയിന്റ് വരെ വീണ ശേഷം തിരികെ കയറി 18991 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18960 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18880 പോയിന്റിലും 18820 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ. 19090 പോയിന്റിലും 19160 പോയിന്റിലും, 19240 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി 42589 പോയിന്റിൽ പിന്തുണ നേടിയ ശേഷം തിരികെ കയറി 42700 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 42500 പോയിന്റിലും, 42300 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ടുകൾ. 42900 പോയിന്റിലും 43150 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ തുടർ സമ്മർദ്ദ മേഖലകൾ.
ഏഷ്യൻ പിഎംഐ ഡേറ്റകൾ
ഒക്ടോബറിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 55.5 പോയിന്റിലേക്കിറങ്ങിയെങ്കിലും ഇന്ത്യയുടെ ഉല്പാദനമേഖല മികച്ച നിലയിലാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 57.5 ആയിരുന്നു.
ഇന്നലെ വന്ന ചൈനയുടെ ഒക്ടോബറിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 50 പോയിന്റിന് താഴേക്ക് വന്നതിന് പിന്നാലെ പിന്നാലെ ഇന്ന് വന്ന ഒക്ടോബറിലെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും പ്രതീക്ഷക്ക് വിപരീതമായി 49.5 പോയിന്റ് കുറിച്ചത് ചൈനയുടെ വ്യവസായികോല്പാദന ശോഷണം ഉറപ്പിച്ചെങ്കിലും ചൈനീസ് വിപണി തിരിച്ചു കയറി നേട്ടം കുറിച്ചു. ജപ്പാന്റെ ഒക്ടോബർ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 48.7 പോയിന്റിലേക്കുയർന്നെങ്കിലും നിർണായക നിരക്കായ 50 പോയിന്റിൽ താഴെ തന്നെ നിന്നത് വ്യാവസായിക വളർച്ച ശോചനം സൂചിപ്പിക്കുന്നു.
ഫെഡ് നിരക്ക് ഇന്ന്
ഇന്ന് ഫെഡ് നിരക്കുകൾ വരാനിരിക്കെ ഇന്നലെയും അമേരിക്കൻ വിപണി നേട്ടം കുറിച്ചു. ഫെഡ് നിരക്ക് വർദ്ധന പ്രതീക്ഷിച്ച് ഇന്ന് അമേരിക്കൻ ഡോളറും ഒപ്പം ബോണ്ട് യീൽഡും മുന്നേറ്റം നടത്തിയത് അമേരിക്കൻ ഫ്യൂച്ചറുകൾക്ക് ഇന്ന് തിരുത്തൽ നൽകി. ‘’ഫെഡ് ഫിയറി’’ൽ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നാളെ വരാനിരിക്കുന്ന ആപ്പിളിന്റെ റിസൾട്ടാണ് ഫെഡ് തീരുമാനങ്ങൾക്ക് ശേഷം അമേരിക്കൻ വിപണിയെ നയിക്കുക.
ഇന്നത്തെ ഫെഡ് തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകവിപണി. അമേരിക്കൻ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് 5.50%ൽ തന്നെ ഇത്തവണയും നിലനിർത്തിയേക്കുമെന്നും, ഡിസംബറിലായിരിക്കും അടുത്ത നിരക്ക് വർദ്ധനയെന്ന പ്രത്യാശയിലാണ് വിപണി. നിരക്ക് വർദ്ധന നടന്നാൽ വിപണിയിലുണ്ടാകുന്ന ‘ഇറക്കം’ അവസരമാണെങ്കിലും ഫെഡ് ചെയർമാന്റെ പ്രസ്താവനകളായിരിക്കും വിപണിയുടെ തുടർഗതികൾ നിശ്ചയിക്കുക. അമേരിക്കയുടെ എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും, മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഇന്ന് തന്നെയാണ് പുറത്ത് വരുന്നത്.
ക്രൂഡ് ഓയിൽ
ചൈനയുടെ മോശം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങൾ 86 ഡോളറിൽ വ്യാപാരം തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിനും നിർണായകമാണ്.
സ്വർണം
ഇന്ന് ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ ഡോളർ മുന്നേറുന്നത് രാജ്യാന്തര സ്വർണ വിലയെയും സ്വാധീനിച്ചു. വീണ്ടും 2000 ഡോളറിൽ താഴെ വ്യാപാരം തുടരുന്ന സ്വർണ വിലയും ഫെഡ് തീരുമാനങ്ങൾക്കനുസരിച്ച് ഉയർച്ചതാഴ്ചകൾ പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.90%ൽ തുടരുന്നു.
നാളത്തെ റിസൾട്ടുകൾ
ഐആർഎഫ്സി, കണ്ടെയ്നർ കോർപറേഷൻ, ടാറ്റ മോട്ടോർസ്, അദാനി എന്റർപ്രൈസസ്, അദാനി പവർ, ഗോദ്‌റെജ് പ്രോപ്പർടീസ്, ചോളമണ്ഡലം ഫിനാൻസ്, ബെർജർ പെയിന്റ്സ്, ഡാബർ, ചമൻ ലാൽ, അസാഹി ഇന്ത്യ, സുസ്‌ലോൺ, സൂര്യ റോഷ്‌നി, ലാൽപത് ലാബ്സ്, കർണാടക ബാങ്ക് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
വെള്ളിയാഴ്ച ആരംഭിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ നവംബർ ഏഴിന് അവസാനിക്കുന്നു. 463 കോടി രൂപയുടെ ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
ഹോനാസ്സ കൺസ്യൂമർ ലിമിറ്റഡിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ വില 308 രൂപ മുതൽ 324 രൂപ വരെയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക