ലോകമെങ്ങും ഓടിനടന്ന് ക്രിക്കറ്റ് കളിക്കുന്നവർ, അഫ്ഗാനിസ്ഥാന്റെ ‘നാടോടിക്കഥ’
Mail This Article
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തിനു ശേഷം അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ പറഞ്ഞു: ‘‘ഞങ്ങളുടെ രാജ്യം ഒരു ഭൂകമ്പദുരന്തത്തിന്റെ നടുക്കത്തിലാണ്. അതിൽ നാടും വീടുമെല്ലാം നഷ്ടപ്പെട്ടവർക്ക് ഈ വിജയം ഒരാശ്വാസമാവട്ടെ..’’. പിന്നീട് പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം പ്ലെയർ ഓഫ് ദ് മാച്ച് ഇബ്രാഹിം സദ്രാൻ പറഞ്ഞു. ‘‘ഈ വിജയം പാക്കിസ്ഥാനിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികൾക്കായി ഞാൻ സമർപ്പിക്കുന്നു..’’. ഈ ലോകകപ്പിൽ ഓരോ മത്സരങ്ങൾ ജയിക്കുമ്പോഴും അഫ്ഗാൻ ടീമിന് സമർപ്പിക്കാൻ ഇങ്ങനെ ഓരോ കാരണങ്ങളുണ്ടാകും. കാരണം മലനിരകളാൽ മാത്രല്ല അഫ്ഗാനിസ്ഥാൻ ചുറ്റപ്പെട്ടിരിക്കുന്നത്; പ്രകൃതിദുരന്തങ്ങൾ കൊണ്ടും മനുഷ്യ നിർമിത വിപത്തുകൾ കൊണ്ടും കൂടിയാണ്!
രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ പലപ്പോഴും അസാധ്യമായതിനാൽ ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകളാണ് അഫ്ഗാൻ താരങ്ങളുടെ ‘ഹോം ടൂർണമെന്റുകൾ’. അഫ്ഗാന്റെ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ കളിക്കുന്ന ടീമുകളുടെ പട്ടികയിങ്ങനെ: ഗുജറാത്ത് ടൈറ്റൻസ് (ഇന്ത്യൻ പ്രിമിയർ ലീഗ്), അഡലെയ്ഡ് സ്ട്രൈക്കേഴ്സ് (ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ്), ലഹോർ കലന്തേഴ്സ് (പാക്കിസ്ഥാൻ സൂപ്പർ ലീഗ്), എംഐ ന്യൂയോർക്ക് (അമേരിക്കൻ മേജർ ലീഗ് ക്രിക്കറ്റ്), സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സ് (കരീബിയൻ പ്രിമിയർ ലീഗ്), എംഐ കേപ്ടൗൺ (സൗത്ത് ആഫ്രിക്കൻ 20), സസക്സ് (ഇംഗ്ലിഷ് കൗണ്ടി)....
‘ലോകമേ തറവാട്’ എന്ന ഈ നാടോടി മനസ്സുള്ളതിനാൽ അഫ്ഗാൻ താരങ്ങൾക്ക് എല്ലായിടത്തും ആരാധകരുമുണ്ട്. പാക്കിസ്ഥാനെതിരെ വിജയത്തിനു ശേഷം ചെപ്പോക്കിലെ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അവരുടെ സന്തോഷത്തിൽ പങ്കുചേർന്നത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇർഫാൻ പഠാൻ മൈതാനത്ത് അഫ്ഗാൻ താരങ്ങളുടെ വിജയനൃത്തത്തിൽ ഒപ്പംകൂടി. ഈ ലോകകപ്പിൽ എല്ലാവരുടെയും ‘രണ്ടാമത്തെ ഇഷ്ട ടീം’ എന്നാണ് അഫ്ഗാൻ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. സ്വന്തം രാജ്യത്തിനെതിരെയുള്ള കളിയിലൊഴികെ എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസ്സ് അഫ്ഗാനൊപ്പമാണ്. മറ്റു പല കായികവിനോദങ്ങളോടും വിരോധം പുലർത്തുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനു വരെ ക്രിക്കറ്റിനു മൗനാനുവാദം നൽകേണ്ടി വന്നത് ജനപ്രിയത കൊണ്ടു തന്നെ.
ലോകകപ്പിൽ അഫ്ഗാന്റെ ഈ വിജയക്കുതിപ്പിൽ രണ്ടു പരദേശികൾക്കു കൂടി പങ്കുണ്ട്. മുഖ്യപരിശീലകൻ ജൊനാഥൻ ട്രോട്ടിനും മെന്റർ അജയ് ജഡേജയ്ക്കും. 1996 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചയാളാണ് ജഡേജ. പാക്കിസ്ഥാനെതിരെ അഫ്ഗാന്റെ വിജയത്തിനു പിന്നാലെ ജഡേജ വീണ്ടും ആരാധകർക്കിടയിൽ താരമായി.
ട്രോട്ടിന്റെ കഥ കാവ്യനീതി പോലെ മനോഹരമാണ്. വിടാതെ പിടികൂടിയ വിഷാദം മൂലം 2015ൽ ക്രിക്കറ്റിനോടു വിടപറയുകയായിരുന്നു ഇംഗ്ലിഷ് താരമായ ട്രോട്ട്. 2022ൽ അഫ്ഗാനിസ്ഥാന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് ട്രോട്ട് ജീവിതത്തിൽ ഉയിർത്തെഴുന്നേറ്റത്. അഫ്ഗാൻ ക്രിക്കറ്റിന്റെ ഉയിർപ്പു കൂടിയായി അത്!