വിന്‍ഡീസ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് നിസാരം, 15 പന്തുകള്‍ ബാക്കിനിൽക്കെ എട്ടു വിക്കറ്റ് വിജയം
Mail This Article
സെന്റ് ലൂസിയ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് ഉയർത്തിയ 181 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 17.3 ഓവറിൽ എട്ടു വിക്കറ്റുകൾ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് എത്തി. സ്കോർ– വെസ്റ്റിൻഡീസ് 20 ഓവറിൽ നാലിന് 180, ഇംഗ്ലണ്ട് 17.3 ഓവറിൽ രണ്ടിന് 181. 47 പന്തുകളിൽ 87 റൺസെടുത്ത് പുറത്താകാതെനിന്ന ഇംഗ്ലിഷ് താരം ഫില്‍ സോൾട്ടാണു കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനു മികച്ച തുടക്കമാണു മത്സരത്തിൽ ലഭിച്ചത്. എന്നാൽ സ്കോർ 40 ൽ നിൽക്കെ ഓപ്പണർ ബ്രാൻഡന്‍ കിങ് പരുക്കേറ്റുമടങ്ങിയത് തിരിച്ചടിയായി. പവർപ്ലേയിൽ വിക്കറ്റു പോകാതെ 54 റൺസ് വിൻഡീസ് അടിച്ചെടുത്തു. മുൻനിര ബാറ്റർമാരെല്ലാം ഭേദപ്പെട്ട സ്കോർ കണ്ടെത്തിയതോടെ 12 ഓവറിൽ അവർ 100 പിന്നിട്ടു. ഓപ്പണർ ജോൺസൺ ചാള്‍സ് (34 പന്തുകളിൽ 38), നിക്കോളാസ് പുരാൻ (32 പന്തില്‍ 36), റോവ്മൻ പവൽ (17 പന്തിൽ 36) എന്നിവർ തിളങ്ങി.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മൊയീൻ അലി, ലിയാം ലിവിങ്സ്റ്റന്‍ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ അനായാസമായിരുന്നു ഇംഗ്ലിഷ് കുതിപ്പ്. ഓപ്പണിങ് കൂട്ടുകെട്ടിൽ ജോസ് ബട്‍ലറും ഫിൽ സാൾട്ടും ചേർന്നു കൂട്ടിച്ചേർത്തത് 67 റൺസ്. ബട്‍ലറും (22 പന്തിൽ 25), മൊയീൻ അലിയും (10 പന്തിൽ 13) പുറത്തായെങ്കിലും ജോണി ബെയർസ്റ്റോ തിളങ്ങിയതോടെ ഇംഗ്ലണ്ട് 17.3 ഓവറിൽ വിജയ റൺസ് കുറിച്ചു. 48 റൺസെടുത്ത ബെയര്‍സ്റ്റോ പുറത്താകാതെനിന്നു.