അർധസെഞ്ചറിയുമായി (86) ദേവ്ദത്ത് പടിക്കൽ; ഹരിയാനയെ വീഴ്ത്തി കർണാടക വിജയ് ഹസാരെ ട്രോഫിയിൽ കിരീടത്തിന്റെ ‘പടിക്കൽ’– വിഡിയോ
Mail This Article
വഡോദര∙ നിലവിലെ ചാംപ്യൻമാരായ ഹരിയാനയെ തകർത്ത് കർണാടക വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കർണാടക ഹരിയാനയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 237 റൺസ്. മറുപടി ബാറ്റിങ്ങിൽ കർണാടക 16 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. വ്യാഴാഴ്ച നടക്കുന്ന മഹാരാഷ്ട്ര – വിദർഭ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കർണാടകയുടെ കലാശപ്പോരാട്ടം.
അർധസെഞ്ചറികളുമായി തിളങ്ങിയ ഓപ്പണർ ദേവ്ദത്ത് പടിക്കൽ (86), സ്മരൺ രവിചന്ദ്രൻ (76) എന്നിവരുടെ പ്രകടനമാണ് കർണാടകയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം തിരിച്ചെത്തി കർണാടക ടീമിനൊപ്പം ചേർന്ന ദേവ്ദത്ത് പടിക്കൽ 113 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് 86 റൺസെടുത്തത്. സ്മരൺ 94 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 76 റൺസും നേടി.
മൂന്നാം വിക്കറ്റിൽ ദേവ്ദത്ത് – സ്മരൺ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കർണാടക ഇന്നിങ്സിന് കരുത്തായത്. 145 പന്തിൽ ഇരുവരും കർണാടക സ്കോർബോർഡിൽ എത്തിച്ചത് 128 റൺസ്. കെ.വി. അനീഷ് (47 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 22), ശ്രേയസ് ഗോപാൽ (20 പന്തിൽ മൂന്നു ഫോറുകളോടെ പുറത്താകാതെ 23) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (0), കൃഷ്ണൻ ശ്രീജിത്ത് (3) എന്നിവർ നിരാശപ്പെടുത്തി. ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഒരു അർധസെഞ്ചറി പോലും പിറക്കാതിരുന്ന ഹരിയാന ഇന്നിങ്സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാറാണ് ടോപ് സ്കോറർ. 52 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് അങ്കിത് 48 റൺസെടുത്തത്. ഹിമാൻഷു റാണ (75 പന്തിൽ 44), അനൂജ് തക്രാൽ (15 പന്തിൽ പുറത്താകാതെ 23), ദിനേഷ് ബാണ (26 പന്തിൽ 20), രാഹുൽ തെവാത്തിയ (36 പന്തിൽ 22), സുമിത് കുമാർ (33 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടി 10 ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് ഗോപാൽ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.