ADVERTISEMENT

സഹൽ അബ്ദുൽ സമദ്. ഈ പേരിനൊപ്പം ഇന്ത്യൻ ഫുട്ബോൾ താരമെന്ന ഐഡന്റിറ്റി ഉറച്ചു കഴിഞ്ഞു. കണ്ണൂർ കവ്വായിക്കാരനായ ഈ 21കാരൻ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ഇതിനൊരു സ്ഥിരീകരണം മാത്രമായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച വളർന്നു വരുന്ന താരത്തിനുള്ള പുരസ്കാരം.

മധ്യനിരയിൽ കളി മെനയാൻ ഇന്ത്യ തേടുന്ന ഒരു മാന്ത്രികത സഹലിനുണ്ടെന്നു വിശ്വസിക്കുന്നവർ ഒരുപിടിയാണ്. ആദ്യ ചുവടെന്ന നിലയിൽ ഇന്ത്യൻ അണ്ടർ 23 ടീമിൽ ഇടംപിടിച്ചിട്ടുണ്ട് ഇൗ മിഡ്ഫീൽഡർ.

∙ കേരളത്തിന്റെ ഓസിൽ

കേരളത്തിന്റെ ഓസിലെന്നാണു സഹലിന്റെ വിളിപ്പേര്. ജർമൻ മധ്യനിരയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന മെസ്യൂട്ട് ഓസിലിന്റെ പേര് ഇണങ്ങുന്ന താരം തന്നെയാണു സഹൽ. ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ ചടുലമായ പാലം. എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം.

ഇതുകൊണ്ടൊക്കെയാണു വെറുമൊരു 21കാരൻ എന്നു സഹലിനെ എഴുതിത്തള്ളാൻ സാധിക്കാത്തത്. ബുദ്ധി ഉപയോഗിച്ചു വശ്യതയോടെ കളിക്കുന്ന കാൽപ്പന്തു താരം– ഒറ്റവാക്കിൽ അതാണു സഹൽ എന്ന ഇന്ത്യൻ ഓസിൽ.

∙ സന്തോഷ തുടക്കം

2017ലെ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടിയുള്ള മിന്നും പ്രകടനമാണു സഹലിനെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തെളിച്ചത്. സെമിഫൈനലിൽ അന്നു കേരളം പുറത്തായെങ്കിലും ഗോവയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരിൽ സഹലിന്റെ കളി മികവു രേഖപ്പെടുത്തിയിരുന്നു. അങ്ങനെ സഹൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ഹയർ സെക്കൻഡറി വരെ യുഎഇയിലെ അൽഐനിലാണു സഹൽ പഠിച്ചത്. അവിടെ അൽഐൻ എത്തിഹാദ് അക്കാദമിയിലും ജി 7 അൽഐനിലും പന്തുതട്ടിപ്പഠിച്ചാണു കേരളത്തിലേക്ക് എത്തുന്നത്. കണ്ണൂർ സർവകലാശാല താരമായാണു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം 2 മത്സരങ്ങൾ മാത്രമായിരുന്നു സഹലിനു കളിക്കാൻ സാധിച്ചത്. സെക്കൻഡ് ഡിവിഷൻ ലീഗിൽ 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകൾ നേടി.

ഇക്കൊല്ലം മധ്യനിരയുടെ ചുമതലയിൽ സഹലിനെയും ഉൾപ്പെടുത്തിയാണു പരിശീലകൻ ഡേവിഡ് ജയിംസ് ടീം തന്ത്രങ്ങൾ ഒരുക്കിയത്. ജയിംസിന്റെ തന്ത്രങ്ങൾ ഫലവത്തായില്ലെങ്കിലും സഹൽ ഓരോ മത്സരം കഴിയും തോറും ശ്രദ്ധ ആകർഷിക്കുന്നു. സൂപ്പർ കപ്പിലുൾപ്പെടെ 18 മത്സരങ്ങളിൽ സഹൽ ബൂട്ട് കെട്ടി. ഒരു ഗോളും സ്വന്തമാക്കി.

∙ എമേർജിങ് പ്ലെയർ

ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ സീസണിൽ മികച്ച വളർന്നു വരുന്ന താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതു കേരളത്തിന്റെ ഇപ്പോഴത്തെ നായകൻ സന്ദേശ് ജിങ്കാനാണ്. അതിനു ശേഷം ജിങ്കാൻ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തി. ഇപ്പോൾ ഇന്ത്യൻ പ്രതിരോധക്കോട്ടയുടെ മുഖ്യസൂക്ഷിപ്പുകാരൻ ജിങ്കാനാണ്.

ക്യാപ്ടന്റെ ആംബാൻഡും ഇതിനിടെ ജിങ്കാനെ തേടിയെത്തി. അതേ പുരസ്കാരമാണു സഹൽ ഇപ്പോൾ നേടിയിരിക്കുന്നത്. ഇന്ത്യൻ അണ്ടർ 23 ടീമിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട സഹൽ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി ബൂട്ട് കെട്ടുന്ന നാൾ കാത്തിരിക്കാം. 

English Summary: Sahal Abdul Samad Wins Emerging Player Award in Hero ISL 2018-19

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com