ട്രംപിനെ വിറപ്പിച്ച പന്തുകളിപ്പട; വൈറ്റ് ഹൗസ് നശിച്ച സ്ഥലമെന്നും വിമർശനം!
Mail This Article
4 ലോകകപ്പ്, 4 ഒളിംപിക് സ്വർണം; അമേരിക്കൻ വനിതാ ഫുട്ബോൾ ടീം കളിക്കളത്തിൽ കിരീടങ്ങളേറെ നേടിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ മാസം കളിക്കളത്തിനു പുറത്തും ഉജ്വലമായ ഒരു പോരാട്ടം ജയിച്ചു അവർ. പുരുഷ ടീമിനു തുല്യമായ പ്രതിഫലം തന്നെ വനിതാ ടീമിനും നൽകണമെന്ന ആവശ്യം അമേരിക്കൻ സോക്കർ ഫെഡറേഷൻ അംഗീകരിച്ചു.
നേട്ടങ്ങളുടെ കണക്കിൽ വനിതാ ടീമിന്റെ അടുത്തെങ്ങുമെത്തില്ല പുരുഷ ടീം. വനിതാ ടീം ഇതുവരെ ലോകകപ്പിലും ഒളിംപിക്സിലുമായി 14 മെഡലുകൾ നേടിയെങ്കിൽ പുരുഷ ടീമിനു മൂന്നെണ്ണം മാത്രം. എന്നിട്ടും തുല്യവേതനം എന്ന അവരുടെ ആവശ്യം അംഗീകരിച്ചു കിട്ടാൻ 6 വർഷമെടുത്തു!
വനിതാ ഫുട്ബോളിനു പുരുഷ ഫുട്ബോളിന്റെയത്ര പ്രചാരവും സാമ്പത്തിക ലാഭവുമില്ലെന്നു പറഞ്ഞാണ് ഫെഡറേഷൻ ഇക്കാലമത്രയും മുഖംതിരിച്ചു നിന്നത്. എന്നാൽ അക്കാര്യത്തിലും അമേരിക്കൻ വനിതകൾ പുരുഷൻമാരെ അതിശയിപ്പിക്കും. അവരുടെ മുൻ ക്യാപ്റ്റൻ മേഗൻ റപീനോ ഉൾപ്പെടെയുള്ളവർ സൂപ്പർ സ്റ്റാറുകളാണ്. കളിക്കളത്തിലെ മികവിനൊപ്പം അതിനു കാരണം മറ്റൊന്നു കൂടിയാണ്– സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ. സമൂഹത്തിൽ വിവേചനം നേരിടുന്നവരുടെ അവകാശങ്ങൾക്കു വേണ്ടി തീപ്പന്തം പോലെ നിലകൊണ്ടിട്ടുണ്ട് റപീനോ.
രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വരെ ഒരിക്കൽ കൊമ്പുകോർത്തു റപീനോ. 2019 ലോകകപ്പ് ഫൈനലിനു മുൻപ് ഒരു ടിവി അഭിമുഖത്തിൽ റപീനോയോട് അവതാരകയുടെ ചോദ്യം: ‘ജയിച്ചാൽ വൈറ്റ് ഹൗസിൽ സ്വീകരണത്തിനു പോകുമോ?’. ആ നശിച്ച സ്ഥലത്തേക്കു ഞാനില്ല എന്നു പറഞ്ഞ റപീനോ ട്രംപിനെ ‘ വംശീയവാദി’ എന്നു വിളിക്കുകയും ചെയ്തു.
ഫൈനലിൽ ഹോളണ്ടിനെതിരെ റപീനോ ഗോളടിക്കുകയും യുഎസ് ജയിക്കുകയും ചെയ്തപ്പോൾ ആദ്യം അഭിനന്ദനവുമായെത്തിയത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റനാണ്. ‘വീണ്ടും ലോക ചാംപ്യന്മാർ, പെൺകുട്ടികളെപ്പോലെ കളിച്ചതിനു നന്ദി..’ എന്നായിരുന്നു ഹിലരിയുടെ ട്വീറ്റ്.
English Summary: American women football team