ADVERTISEMENT

സ്പീൽബർഗ് (ഓസ്ട്രിയ) ∙മോട്ടോ ജിപി ഓസ്ട്രിയൻ ഗ്രാൻപ്രീയ്ക്കിടെ സംഭവിച്ച വൻ അപകടത്തിൽനിന്ന് സൂപ്പർതാരം വാലെന്റിനോ റോസ്സി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൻ ദുരന്തമായി മാറാമായിരുന്ന അപകടത്തിൽനിന്ന് സൂപ്പർതാരം ജീവനോടെ രക്ഷപ്പെടുന്നതിന്റെ ‌വിഡിയോ പുറത്തുവന്നതോടെ തലയിൽ കൈവയ്ക്കുകയാണ് ആരാധകർ. ഓസ്ട്രിയയിലെ സ്പീൽബർഗിൽ നടന്ന മത്സരത്തിനിടെയാണ് സൂപ്പർതാരത്തിന്റെ ജീവൻ അപകടത്തിലാക്കിയ അപകട പരമ്പര നടന്നത്. അപകടത്തിനു പിന്നാലെ മത്സരം നിർത്തിവച്ചു. പിന്നീട് പുനരാരംഭിച്ച മത്സരത്തിൽ റോസ്സി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല.

സ്പീൽബർഗിൽ നടന്ന മത്സരത്തിനിടെ ട്രാക്കിൽവച്ച് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകട പരമ്പരയുടെ തുടക്കം. എട്ടാം ലാപ്പിലെ നാലാം വളവിൽവച്ച് യമഹയുടെ ഫ്രാങ്കോ മോർബിഡെല്ലി, ഡുക്കാത്തിയുടെ യൊഹാൻ സാർക്കോ എന്നിവരുടെ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടം നടന്നത് വളവിലായതിനാൽ ഇടിയുടെ ആഘാതത്തിൽ പലതവണ കീഴ്മേൽ മറിഞ്ഞ ബൈക്കുകൾ തെന്നിനീങ്ങി വീണ്ടും ട്രാക്കിലെത്തുകയായിരുന്നു. ബൈക്കുകളിലൊന്ന് 300 കിലോമീറ്റർ വേഗത്തിൽ ട്രാക്കിലേക്ക് നിരങ്ങിയെത്തിയെങ്കിലും അതിവേഗത്തിൽ കുതിക്കുകയായിരുന്നു റോസ്സി ഇഞ്ചുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച രണ്ടാമത്തെ ബൈക്കും ട്രാക്കിലേക്ക് നിരങ്ങിയെത്തിയെങ്കിലും റോസ്സി, സഹതാരം മാവറിക് വിനാൽസ് എന്നിവരുടെ ബൈക്കുകളിലിടിക്കാതെ കഷ്ടിച്ച് മാറിപ്പോയി.

അപകടത്തിന്റെ ഞെട്ടലിൽ സ്തബ്ധനായിരിക്കുന്ന നാൽപ്പത്തൊന്നുകാരനായ റോസ്സിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘മോർബിഡെല്ലിയുടെ ബൈക്ക് തട്ടി ഞാൻ മരിക്കേണ്ടതായിരുന്നു. സാർക്കോയുടെ വാഹനവും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് മാറിപ്പോയത്. വളരെ അപകടം നിറഞ്ഞ നിമിഷമായിരുന്നു അത്’ – അപകടത്തിന്റെ ഞെട്ടൽ വിടാതെ റോസ്സി പ്രതികരിച്ചു.

‘അപകടം എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. ഞെട്ടൽ വിട്ടുമാറാത്തതിനാൽ വീണ്ടും ട്രാക്കിലിറങ്ങുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിസ്കാണെടുത്തത്. ആദ്യം ഒരു നിഴൽ പോലെയെന്തോ കണ്ടത് ഓർമയുണ്ട്. മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നതിന്റെ നിഴലാണെന്നാണ് കരുതിയത്. മത്സരത്തിനിടെ ഹെലികോപ്റ്റർ മുകളിലൂടെ പറക്കുമ്പോൾ ട്രാക്കിൽ നിഴൽ വീഴുന്നത് പതിവാണ്. പക്ഷേ, അത് രണ്ട് ബുള്ളറ്റുകളായിരുന്നു’ – റോസ്സി പറഞ്ഞു.

അപകടത്തിനു പിന്നാലെ യൊഹാൻ സാർക്കോയെ കുറ്റപ്പെടുത്തി മോർബിഡെല്ലി രംഗത്തെത്തി. സാർക്കോയെ ‘കൊലപാതകി’ എന്നാണ് മോർബിഡെല്ലി വിശേഷിപ്പിച്ചത്. സ്വന്തം ജീവനോടും ഒപ്പം മത്സരിക്കുന്നവരുടെ ജീവനോടും യാതൊരു വിലയുമില്ലാത്ത രീതിയിലാണ് സാർക്കോയുടെ ട്രാക്കിലെ പ്രകടനമെന്ന് മോർബിഡെല്ലി കുറ്റപ്പെടുത്തി. കുറച്ചുകൂടി പക്വമായി മത്സരിക്കാൻ ഈ അപകടം സാർക്കോയെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

English Summary: Watch 200mph horror crash as MotoGP riders collide at Austrian GP and flying bikes miss Rossi by whisker

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com