ആ മെഡലുകൾ ഇനിയും ജ്വലിക്കും! കാട്ടുതീയിൽ നഷ്ടമായ ഒളിംപിക് മെഡലുകൾക്ക് പകരം മെഡലുകൾ നൽകും
Mail This Article
ലൊസാഞ്ചലസ് ∙ ‘‘ധരിച്ചിരിക്കുന്ന ഈ വസ്ത്രവും ഇന്നലെ വാങ്ങിയ ടൂത്ത് ബ്രഷും മാത്രമാണ് എനിക്കു സമ്പാദ്യമായുള്ളത്. എന്റെ 10 ഒളിംപിക് മെഡലുകൾ വരെ നഷ്ടമായിക്കഴിഞ്ഞു..’’– യുഎസിനെ വിഴുങ്ങിയ കാട്ടുതീ ദുരന്തത്തിൽ സർവതും നഷ്ടമായ ഇതിഹാസ നീന്തൽ താരം ഗാരി ഹാൾ ജൂനിയറിന്റെ വാക്കുകൾ കായികലോകം ഞെട്ടലോടെയാണ് കേട്ടത്. രാജ്യാന്തര ഒളിംപിക് അസോസിയേഷനും അതു ‘കേട്ടു’; ഗാരി ഹാളിനു 10 മെഡലുകൾ പകരം നൽകാൻ തീരുമാനിക്കുകയും ചെയ്തു! ഒരാഴ്ചയോളമായി കലിഫോർണിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീയിൽ ഇതുവരെ രണ്ടു ലക്ഷത്തോളം പേർക്കാണ് നാടും വീടും വിട്ടു മാറേണ്ടി വന്നത്.
പ്രമുഖ ചലച്ചിത്ര, കായികതാരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ലൊസാഞ്ചലസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ പസിഫിക് പലസേഡ്സിലെ വസതിയാണ് അൻപതുകാരനായ ഹാളിനു കൈവിടേണ്ടി വന്നത്. വിലപ്പെട്ട ഒളിംപിക് മെഡലുകൾ പോലും ഹാളിന് ഒപ്പം കൊണ്ടുപോരാനായില്ല. 1996, 2000, 2004 ഒളിംപിക്സുകളിൽ യുഎസിനു വേണ്ടി മത്സരിച്ച ഹാൾ 5 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമാണ് നേടിയത്. ഹാളിന്റെ മെഡലുകൾ നഷ്ടപ്പെട്ട വാർത്തയറിഞ്ഞ് ഐഒസി പ്രസിഡന്റ് തോമസ് ബാക്കാണ് പകരം മെഡലുകൾ നൽകുമെന്നു പ്രഖ്യാപിച്ചത്.