ഫയൽ ഉറങ്ങിയത് ഒരു മാസം! ദേശീയ ഗെയിംസ് ഒരുക്കം വൈകാൻ കാരണം കായികവകുപ്പിന്റെ അനാസ്ഥ
Mail This Article
തിരുവനന്തപുരം∙ ദേശീയ ഗെയിംസിനുള്ള കേരള ടീമിനു വേണ്ട പണം അനുവദിക്കാൻ വൈകുന്നത് കായിക വകുപ്പിന്റെ തന്നെ കെടുകാര്യസ്ഥത മൂലം. കേരള സ്പോർട്സ് കൗൺസിലിൽ നിന്നുള്ള ബജറ്റ് പ്രൊപ്പോസൽ അടങ്ങുന്ന ഗെയിംസ് ആക്‌ഷൻ പ്ലാൻ ഡിസംബർ 5ന് കായിക മന്ത്രിയുടെ ഓഫിസിനു നൽകിയിരുന്നെങ്കിലും പണം ആവശ്യപ്പെട്ടുള്ള ഫയൽ കായിക വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിന് കൈമാറിയതു മിനിഞ്ഞാന്നു മാത്രം.
അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടും ഒരു മാസത്തിലേറെ തുടർ നടപടികളില്ലാതെ ഫയൽ കായിക വകുപ്പിൽ ഉറങ്ങി. കായിക വകുപ്പ് ഡയറക്ടർ തന്നെയാണ് സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നതെങ്കിലും ഫയൽ നീക്കം ഉറപ്പാക്കാൻ ഒരു നടപടിയുമുണ്ടായില്ല. പണം കിട്ടാതെ ദേശീയ ഗെയിംസ് ടീമിന്റെ ഒരുക്കം അവതാളത്തിലാവുകയും ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലാവുകയും ചെയ്തതു കഴിഞ്ഞദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച ഫയൽ കായിക വകുപ്പിൽനിന്നു ധനവകുപ്പിലേക്ക് അയച്ചത്.
ധനവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണിപ്പോൾ ഫയൽ. വിവിധ ഇനങ്ങളിലായി 9.9 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ദേശീയ ഗെയിംസ് ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ എത്ര പണം അനുവദിക്കുമെന്നോ എപ്പോൾ ലഭിക്കുമെന്നോ വ്യക്തമല്ല. ടീമിന്റെ യാത്രാ ടിക്കറ്റുകൾ പോലും ഇതുവരെ ബുക്ക് ചെയ്തിട്ടില്ല. ആവശ്യമായ മത്സര ഉപകരണങ്ങളും വാങ്ങിയിട്ടില്ല. ക്യാംപുകളും പൂർണമായി ആരംഭിച്ചിട്ടില്ല.
ഈ സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിലിനെ നോക്കുകുത്തിയായി സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) എന്ന പുതിയ കമ്പനി രൂപീകരിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ ഉൾപ്പെടെ വകുപ്പിന്റെ മുൻഗണനകളെല്ലാം ഈ കമ്പനിക്കാണെന്ന് ആരോപണം ഉയരുന്നുണ്ട്