ADVERTISEMENT

സോഷ്യൽ മീഡിയ ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം തന്നെ മാറ്റി മറിച്ച നിരവധി പേരുണ്ട് നമ്മുടെ ഇടയിൽ. ആരും അറിയാതെ ഒളിപ്പിച്ചു വച്ച കഴിവുകൾ പുറത്തേക്കെടുത്ത് താരങ്ങളായ നിരവധി പേർ. അത്തരത്തിലൊരാളാണ് തിരുവനന്തപുരം സ്വദേശി നിവേദ്യ ആർ ശങ്കർ. ചുരുങ്ങിയ കാലം കൊണ്ട് മൂന്നു മില്യണിലധികം ഫോളേവേഴ്സിനെയാണ് നിവേദ്യ ഇൻസ്റ്റഗ്രാമിൽ നിന്ന് സ്വന്തമാക്കിയത്. ഇങ്ങ് കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും നിരവധി ആരാധകരുണ്ട് നിവേദ്യയ്ക്ക്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും ചുവടുറപ്പിക്കുകയാണ് ഈ മിടുക്കി. റീൽസിൽ നിന്ന് സിനിമ വരെയെത്തിയ യാത്രാ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് നിവേദ്യ. 

ഞാനും തുടങ്ങിയത് ടിക്ടോക്കിൽ നിന്ന്

ചെറുപ്പം മുതലേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് റീൽസ് ചെയ്ത് തുടങ്ങിയപ്പോൾ മുതൽ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യം മലയാളത്തിലുള്ള അടിച്ചുപൊളി പാട്ടുകളായിരുന്നു ചെയ്തിരുന്നത്. പിന്നീട് തമിഴ് പാട്ടുകൾക്കും റീൽസ് ചെയ്യാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എത്ര പേർ കാണുന്നു, എന്താണ് റീച്ച് ഇല്ലാത്തത് എന്നെല്ലാം ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് പതുക്കെ പതുക്കെ റീച്ച് വന്നു തുടങ്ങി. ഇപ്പോൾ മൂന്നുമില്യൺ ഫോളോവേഴ്സുണ്ടെനിക്ക്.  ‌

nivedya-sankar1
നിവേദ്യ ആർ. ശങ്കർ

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവെൻസറായതിൽ സന്തോഷം

ടിക് ടോക് ജനപ്രിയമായ സമയത്തായിരുന്നു നിരോധനം വരുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച് വിഡിയോകൾക്ക് കൂടുതൽ റീച്ച് കിട്ടുന്ന സമയമായിരുന്നു അത്. കൂടുതൽ ആളുകൾ വിഡിയോ കാണാനും അഭിപ്രായം പറയാനും തുടങ്ങിയിരുന്നു. ടിക് ടോക് നിരോധനം ആദ്യമൊക്കെ വിഷമമുണ്ടാക്കി. പക്ഷേ, ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം വന്നതോടെ ആ വിഷമം മാറി. നിരവധി ഇൻഫ്ലുവെൻസേഴ്‌സുള്ള താരതമ്യേനെ വലിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് നമ്മുടെ കണ്ടന്റുകൾ എത്തും. മികച്ചു നിൽക്കുന്നവയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ എന്നും സ്ഥാനമുള്ളത്. പെട്ടെന്ന് പുതിയ പ്ലാറ്റ്ഫോമിലേക്കെത്തിയപ്പോൾ പലരും അനുഭവിച്ച ബുദ്ധിമുട്ടുകളൊക്കെ ഞാനും അനുഭവിച്ചു. പുതിയ ഓഡിയൻസ് ആയതുകൊണ്ട് കുറച്ചു സമയമെടുത്താണ് റീച്ച് കിട്ടിയത്. ഒരു കൂട്ടായ്മയുടെ ആകെ തുകയാണ് എന്റെ ഓരോ വിഡിയോസും. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ എന്ന നിലയിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷം.

തമിഴ് റീൽസുകളിലെ താരത്തിളക്കം

തമിഴ് പാട്ടുകളിൽ ചുവടുവെച്ചാണ് ടിക് ടോക്കിൽ തുടങ്ങിയത്. അന്ന് അതൊരു ട്രെൻഡ് ആയിരുന്നു. കൂടുതൽ ആളുകളും തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് റീൽസ് ഉണ്ടാക്കാറുള്ളത്. അതായിരിക്കാം തമിഴ് ആരാധകർ ഉണ്ടാകാൻ കാരണം. ‘വാത്തികമിങ്’ എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചവയിൽ കുറെ വിഡിയോസ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുണ്ട്. 

nivedya-sankar2
നിവേദ്യ ആർ. ശങ്കർ

നൃത്തം, സിനിമ മോഹങ്ങൾ

ചെറുപ്പംതൊട്ടേ നൃത്തം പഠിക്കുന്നുണ്ട്. അതെന്റെ പാഷനാണ്. ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. സുരേഷ് ബാബു സാറിന്റെ ‘ഡിഎൻഎ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്‌കർ സൗദാനാണ് നായകൻ. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. അതിൽ ഞാൻ സംതൃപ്തയാണ്. ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം.

Content Summary: Chat with influencer Nivedya Sankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com