വിസ്മയമായി ജിയോ വേള്‍ഡ് സെന്റർ, അണിഞ്ഞൊരുങ്ങി ആന്റില; ആകാശ് അംബാനിയുടെ വിവാഹമേളം
Mail This Article
വർണവിസ്മയമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമൻ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെയും വിവാഹാചടങ്ങുകൾ. മുംബൈയിലെ ബാന്ദ്ര– കുർളയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ പരമ്പരാഗത ആചാരപ്രകാരമാണു ചടങ്ങുകള്‍ നടന്നത്.
മുൻ ഐക്യരാഷ്ട്ര സംഘടനാ ജനറൽ സെക്രട്ടറി ബാൻ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ, ഷാരുഖ് ഖാന്‍, ആമിർ ഖാൻ, വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, കുമാർ മംഗലം ബിർല, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുത്തു.
മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹം മുംബൈയിലെ വസതിയായ ആന്റിലയിലായിരുന്നു നടന്നത്. എന്നാൽ ആകാശിന്റെ വിവാഹത്തിനു ജിയോ വേൾഡ് സെന്റർ വേദിയാക്കുകയായിരുന്നു. മാർച്ച് 6 നായിരുന്നു ജിയോ വേൾഡ് സെന്ററിലെ ധിരു ഭായ് അംബാനി സ്ക്വയറിന്റെ ഉദ്ഘാടനം. മുകേഷ് അംബാനിയുടെ സാന്നിധ്യത്തിൽ നിത അംബാനിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ അത്യാഡംബര കൺവെൻഷൻ സെന്ററുകളിൽ ഒന്നാണിത്.
38,000 ചതുരശ്ര അടിയാണു ധിരു ഭായ് അംബാനി സ്ക്വയറിന്റെ വലുപ്പം. 7,600 ചതുരശ്ര അടിയുള്ള മ്യൂസിക് ഫൗണ്ടനാണ് പ്രധാന ആകർഷണം. 400 കുഴലുകൾ ഉപയോഗിച്ച് 78 അടി ഉയരത്തിലേക്ക്, എട്ടു നിറങ്ങളിലാണു വെള്ളം പ്രവഹിക്കുക. 10 സ്പീക്കറുകളിൽ നിന്നു വരുന്ന സംഗീതത്തിനനുസരിച്ചായിരിക്കും ഈ ഫൗണ്ടന്റെ ചലനം.
പരമ്പരാഗത രീതിയിലായിലാണു വേദി ഒരുക്കിയത്. വൈകീട്ട് 4ന് ആന്റിലയിൽ നിന്ന് അംബാനി കുടുംബം ജിയോ വേൾഡ് സെന്ററിലെത്തി. ഇവിടെ അതിഥികളെ സ്വീകരിച്ചു. ഇതിനുശേഷം വിവാഹചടങ്ങുകൾ നടന്നു.
വിവാഹത്തിനു മുന്നോടിയായി അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ആന്റിലയും ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക പൂജകൾ നടത്തി.
ഞായറാഴ്ച റിലയൻസ് ഇന്‍ഡസ്ട്രീസ് ജീവനക്കാർക്കും ബിസിനസ് പങ്കാളികള്‍ക്കും വേണ്ടി സൽകാരം നടത്തുന്നുണ്ട്. കൂടാതെ പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥരെയും മുംബൈ പൊലീസിലെ ഉന്നതരെയും കുടുംബസമേതം ക്ഷണിച്ചിട്ടുണ്ട്. 7000 മുതൽ 10000 വരെ അതിഥികളായിരിക്കും സൽകാരത്തിൽ പങ്കെടുക്കുക.