ADVERTISEMENT

റോമിലെ വിഖ്യാതമായ കൊളോസിയം അതിന്റെ പ്രതാപകാലത്തിലേക്ക് തിരിച്ചുപോവുന്നു. വൈകാതെ സന്ദര്‍ശകര്‍ക്ക് ഗ്ലാഡിയേറ്റര്‍മാര്‍ എവിടെ നിന്നാണോ ക്രൂര മൃഗങ്ങള്‍ക്കും ആയുധധാരികള്‍ക്കുമെതിരെ പോരാടിയത് അവിടെ നിന്നുകൊണ്ട് കാഴ്ചകള്‍ ആസ്വദിക്കാനാകും. ഇറ്റാലിയന്‍ സാംസ്‌ക്കാരിക മന്ത്രി ദാരിയോ ഫ്രാന്‍സെസ്‌ചെനിയാണ് കൊളോസിയം പഴയ രൂപത്തിലേക്ക് പുതുക്കി പണിയുന്ന വിവരം പ്രഖ്യാപിച്ചത്. 

 

രണ്ട് വര്‍ഷത്തിനകം കൊളോസിയത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരാര്‍ ഏറ്റെടുത്ത മിലാന്‍ ഇന്‍ജെനേരിയ എന്ന എൻജിനീയറിങ് കമ്പനി അറിയിച്ചിരിക്കുന്നത്. 16 ദശലക്ഷം പൗണ്ടിന്റെ (ഏതാണ്ട് 164 കോടി രൂപ) നിര്‍മാണ കരാറാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കിടത്തിയിടാനും ആവശ്യമുള്ളപ്പോള്‍ 90 ഡിഗ്രി ചരിക്കാനും കഴിയും വിധത്തില്‍ മരപ്പലകകള്‍ നിരത്തിയാണ് കൊളോസിയത്തിന്റെ അടിത്തറ പണിയുന്നത്. പ്രത്യേകം നിര്‍മിക്കുന്ന റെയിലുകളുടെ സഹായത്തിലാകും ഈ മരപ്പലകകള്‍ 90 ഡിഗ്രി കുത്തനെ നിര്‍ത്താനും പൂര്‍ണമായും കിടത്തിയിടാനും സാധിക്കുക. 

 

കൊളോസിയത്തിന്റെ അടിത്തറയില്‍ നിലവിലുള്ള കാഴ്ചകള്‍ അതുകൊണ്ടുതന്നെ ഭാവിയിലും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും. കൂട്ടത്തില്‍ ഇതുവരെ സാധ്യമല്ലാതിരുന്ന കൊളോസിയത്തിന്റെ മധ്യത്തില്‍ നിന്നുകൊണ്ടുള്ള ആസ്വാദനവും ഈ നിര്‍മാണം കൊണ്ട് സാധിക്കും. മഴയില്‍ നിന്നും പ്രതിരോധിക്കാനും കൊളോസിയത്തിനുള്ളില്‍ വായുസമ്പര്‍ക്കം ഉറപ്പുവരുത്താനുമെല്ലാം ഈ നിര്‍മാണ പ്രത്യേകതകള്‍ കൊണ്ട് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 

 

2000ത്തില്‍ പുറത്തിറങ്ങിയ ഗ്ലാഡിയേറ്റര്‍ എന്ന ഹോളിവുഡ് ചിത്രത്തിലും കൊളോസിയത്തിലെ രംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. എഡി 72ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന വെസ്പാസിയനാണ് ഈ കൂറ്റന്‍ കൊളോസിയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. വെസ്പാസിയന്റെ പിന്‍ഗാമിയായ ടൈറ്റസാണ് എഡി 80ല്‍ കൊളോസിയം പൂര്‍ത്തിയാക്കുന്നത്. ഏതാണ്ട് അര ലക്ഷം മുതല്‍ 80,000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്നു ഈ കൂറ്റന്‍ നിര്‍മിതിക്ക്. 1800കള്‍ വരെ കാര്യമായ ക്ഷതമേല്‍ക്കാതെ നിലനില്‍ക്കാന്‍ ഈ ചരിത്ര നിര്‍മിതിക്കായി. പിന്നീട് നടത്തിയ പുരാവസ്തുഖനനങ്ങള്‍ കൂടിയാണ് നിലവിലെ രൂപത്തിലേക്ക് കൊളോസിയത്തിന്റെ മധ്യഭാഗത്തെ എത്തിച്ചത്. 

 

പുരാവസ്തുഗവേഷകര്‍ കുഴിച്ചെടുത്ത കൊളോസിയത്തിന്റെ മധ്യഭാഗം നേരത്തെ മരം കൊണ്ടുള്ള പലകകള്‍ കൊണ്ടായിരുന്നു മൂടിയിരുന്നത്. ഇവക്ക് മുകളിലായി മണലിട്ട നിലയിലാണ് ഉണ്ടായിരുന്നത്. നിരവധി തുരങ്കങ്ങളും കാത്തിരിപ്പു മുറികളുമെല്ലാം ഇതിന്റെ ഭൂഗര്‍ഭത്തിലായി ഉണ്ടായിരുന്നു. ഗ്ലാഡിയേറ്ററുകള്‍ സിംഹങ്ങളുമായും കടുവകളുമായും യോദ്ധാക്കളുമായുമെല്ലാം ഏറ്റുമുട്ടിയിരുന്നത് ഈ മധ്യഭാഗത്തുവെച്ചായിരുന്നു. ആ മധ്യഭാഗമാണ് ഇപ്പോള്‍ പുനര്‍നിര്‍മിക്കുന്നത്.

 

ഉത്ഖനനം ചെയ്ത കൊളോസിയത്തിന്റെ മധ്യഭാഗത്തെ തുരങ്കങ്ങളിലേക്കും മുറികളിലേക്കും 2010 മുതലാണ് സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങിയത്. ഈ ഭാഗത്തെ പൂര്‍ണമായും മൂടാന്‍ നിലവിലെ നിര്‍മിതിക്ക് സാധിക്കും. ഇവിടെ ഭാവിയില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും ഇറ്റലിക്ക് പദ്ധതിയുണ്ട്. കോവിഡിനെ തുടര്‍ന്ന് 41 ദിവസത്തോളം അടച്ചിട്ട കൊളോസിയം ആഴ്ചകൾക്ക് മുൻപാണ് കര്‍ശന നിബന്ധനകളോടെ തുറന്നുകൊടുത്തത്. എങ്കിലും പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 1260 ആക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്. കോവിഡിന് മുൻപ് 2019ല്‍ പ്രതിദിനം കാല്‍ ലക്ഷത്തോളം സന്ദര്‍ശകര്‍ വരെ കൊളോസിയം കാണാനെത്തിയിട്ടുണ്ട്.

 

English Summary: Romes Colosseum floor gladiators fought death restored former glory

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com