കശ്മീരിന്റെ സ്വര്ണത്താഴ്വരയിലേക്ക് ഇനി വര്‍ഷം മുഴുവനും പോകാം; 2,700 കോടിയുടെ സ്വപ്ന തുരങ്കം
Mail This Article
സഞ്ചാരികളുടെ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് കശ്മീരില്‍. ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ വര്‍ഷം മുഴുവനും തടസമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുന്ന സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2,700 കോടി രൂപ ചെലവിട്ട് നിർമിച്ച സോൻമാർഗ് തുരങ്കത്തിന്, 6.4 കിലോമീറ്റർ നീളമുള്ള സോനാമാർഗ് പ്രധാന തുരങ്കവും ഒരു എഗ്രസ് ടണലും അപ്രോച്ച് റോഡുകളും ഉള്‍പ്പെടെ ഏകദേശം 12 കിലോമീറ്റർ നീളമുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കപാത ഏതു കാലാവസ്ഥയിലും ലേയിലേക്കുള്ള ഗതാഗതം സുഗമമാക്കും. കനത്ത മഴയും ഹിമപാതവും കാരണം പലപ്പോഴും ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇതോടെ ഈ മേഖലയിലെ വിനോദസഞ്ചാരവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ എവിടെ നിന്നും എവിടേയ്ക്ക്?
ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗൻഗൈറിനും സോനാമാർഗിനും ഇടയിലുള്ള രണ്ടുവരി തുരങ്കമാണ് സോൻമാർഗ് തുരങ്കം അഥവാ ഇസഡ്-മോർ(Z-Morh) ടണല്‍. ഇവിടെ മുന്‍പ് ഉണ്ടായിരുന്ന 'Z' ആകൃതിയുള്ള റോഡിന്‍റെ പേരാണ് തുരങ്കത്തിനു നല്‍കിയിരിക്കുന്നത്.
∙ ഉള്ളില്‍ ആധുനിക സൗകര്യങ്ങള്‍
സോൻമാർഗ് തുരങ്കപാത അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയിൽ 1,000 വാഹനങ്ങള്‍ക്ക് വരെ ഇതിനുള്ളിലൂടെ കടന്നുപോകാം. ദുർബലമായ ഹിമാലയൻ ജിയോളജി കണക്കിലെടുത്ത് ആധുനിക ഓസ്ട്രിയൻ ടണലിങ് രീതിയാണ് തുരങ്കത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
തുരങ്കത്തിനുള്ളില്‍, സുരക്ഷയും ട്രാഫിക് മാനേജ്മെന്റും ഉറപ്പാക്കുന്നതിനായി അറിയിപ്പുകളും അടിയന്തര നിർദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തീപിടുത്തങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഇലക്ട്രിക്കൽ ഫയർ സിഗ്നലിങ് സംവിധാനം, റേഡിയോ റീ-ബ്രോഡ്കാസ്റ്റ് സംവിധാനം, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ പ്രദർശിപ്പിക്കുന്നതിനു ഡൈനാമിക് റോഡ് ഇൻഫർമേഷൻ പാനൽ, ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വേഗപരിധി ക്രമീകരിക്കാൻ യാത്രക്കാരെ സഹായിക്കുന്ന സ്പീഡ് ലിമിറ്റ് വേരിയബിൾ മെസേജ് സൈനുകൾ എന്നിവയും സോൻമാർഗ് തുരങ്കപാതയുടെ സവിശേഷതകളാണ്.
∙ സഞ്ചാരികളുടെ സ്വർഗം, സോന്‍മാര്‍ഗ്
പ്രൗഢഗംഭീരമായ ഹിമാലയൻ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് സോന്‍മാര്‍ഗ്. സ്വർണം നിറഞ്ഞ പുല്‍മേട് എന്നാണ് സോന്‍മാര്‍ഗ് എന്ന പേരിന്റെ അർഥം. ജമ്മു കശ്മീരിലെ ഗാന്ദർബൽ ജില്ലയിൽ, ശ്രീനഗറിൽ നിന്നും ഏകദേശം 80 കി.മീ ദൂരത്തിലും സമുദ്രനിരപ്പിൽ നിന്നും ശരാശരി 2,800 മീറ്റർ ഉയരത്തിലുമാണ് സോൻമാർഗ്.
ഏഴു ചെറിയ തടാകങ്ങൾ കൂടിച്ചേരുന്ന സറ്റ്സാർ ലേക്ക്, സോൻമാർഗിൽ തീര്‍ച്ചയായും കാണേണ്ട കാഴ്ചകളിലൊന്നാണ്. കൂടാതെ, മന്ത്രസിദ്ധിയുണ്ടെന്നു വിശ്വസിക്കുന്ന നിലാഗാർഡ് നദി, യേശു ക്രിസ്തു വർഷങ്ങളോളം താമസിച്ചിരുന്നതെന്നു കരുതുന്ന യൂസ്മാർഗ്, വിഷ്ണുവിന്‍റെ തടാകം എന്നു കരുതുന്ന വിഷാൻസാർ ലേക്ക്, വെള്ളച്ചാട്ടങ്ങളും മഞ്ഞുമലകളും പർവ്വതങ്ങളും നിറഞ്ഞ തജിവാസ് ഗ്ലേസിയർ, സമുദ്ര നിരപ്പിൽ നിന്നും 3,801 മീറ്റർ ഉയരത്തിലുള്ള കൃഷ്ണസർ ലേക്ക് എന്നിവയും സോന്‍മാര്‍ഗിലെ ആകര്‍ഷണങ്ങളില്‍ പെടുന്നു.
വിനോദകേന്ദ്രം എന്നതിലുപരി, സോന്‍മാർഗ് ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, കശ്മീരിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റോഡിന്‍റെ ഭാഗമായിരുന്നു ഇവിടം. സോന്‍മാര്‍ഗിന് 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന സോജി ലാ പാസ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചുരങ്ങളിൽ ഒന്നാണ്. തന്ത്രപരമായി പ്രാധാന്യമുള്ള പ്രദേശമാണിത്.
∙ സന്ദര്‍ശിക്കാന്‍ മികച്ച സമയം
കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം സ്ഥിരമായ ജനവാസം അസാധ്യമാണ് ഈ മേഖലയില്‍. ശൈത്യകാലത്ത് ഇവിടേക്കുള്ള പ്രവേശനം അസാധ്യമാണ്. മാർച്ചിനും ആഗസ്‌റ്റിനും ഇടയിലുള്ള സമയത്താണ് പൊതുവേ സഞ്ചാരികള്‍ എത്തുന്നത്. മഞ്ഞുവീഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ തുടക്കത്തിലോ മാർച്ചിലോ സന്ദർശിക്കാം. ഒക്ടോബറാണ് സോന്‍മാര്‍ഗില്‍ സാഹസിക വിനോദങ്ങൾ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.