ദുബായ് രാജാവിന്റെയുമല്ല യുഎഇ രാജാവിന്റെയുമല്ല; പിന്നെ ആരുടേതാണ് ഈ ബുർജ് ഖലീഫ?
Mail This Article
ദുബായ് എന്ന പേരു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ബുർജ് ഖലീഫ ആണ്. 828 മീറ്റർ ഉയരത്തിൽ ഉയർന്നു നിൽക്കുന്ന 163 നിലകളുള്ള ഈ വാസ്തുവിദ്യ അദ്ഭുതം ലോകത്തിലെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകളിൽ ഒന്നാണ്. 2004 ൽ ആരംഭിച്ച ബുർജ് ഖലീഫ നിർമ്മാണം പൂർത്തിയായത് 2010ലാണ്. ദുബായിലേക്ക് എത്തുന്ന സഞ്ചാരികളെല്ലാം ഏറ്റവും ആദ്യം ഓടിയെത്തുന്നത് ബുർജ് ഖലീഫ കാണാനാണ്. എന്നാൽ, ഇത്രയേറെ പേരും പെരുമയും പ്രശസ്തിയുമുള്ള ബുർജ് ഖലീഫയുടെ യഥാർഥ അവകാശി ആരാണെന്ന് അറിയാമോ?
ബുർജ് ഖലീഫയുടെ യഥാർഥ ഉടമ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ എമാർ പ്രോപ്പർട്ടീസാണ്. മുഹമ്മദ് അലബ്ബാർ ആണ് എമാർ പ്രോപ്പർട്ടീസിന്റെ ചെയർമാൻ. ബുർജ് ഖലീഫ എന്ന സ്വപ്നപദ്ധതിക്കു ജീവൻ നൽകുന്നതിൽ നിർണായക പങ്കു വഹിച്ച ദീർഘവീക്ഷണമുള്ള നേതാവ് കൂടിയാണ് അദ്ദേഹം.
ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടി ബുർജ് ഖലീഫയുടെ നിർമാണം ഒരു സഹകരണ ശ്രമമായിരുന്നു. പ്രധാനമായും 3 കമ്പനികളാണ് ബുർജ് ഖലീഫ നിർമാണത്തിൽ പങ്കാളികളായത്. സാംസങ് സി ആൻഡ് ടി, ബെസിക്സ്, അറബ് ടെക് എന്നിവയായിരുന്നു ആ കമ്പനികൾ. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് സി ആൻഡ് ടി നൂതന എൻജിനിയറിങ് വൈദഗ്ധ്യത്തിൽ പേരു കേട്ട കമ്പനിയാണ്. ബുർജ് ഖലീഫ ടവറിന്റെ രൂപകൽപനയിലും നിർമാണത്തിലും പ്രധാനപ്പെട്ട പങ്കായിരുന്നു ഈ കമ്പനി വഹിച്ചത്.
ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെസിക്സ് ആണ് മറ്റൊരു കമ്പനി. സാങ്കേതിക വൈദഗ്ദ്യവും റിസോഴ്സസും എത്തിക്കുന്നതിൽ നിർണായക പങ്ക് ഈ കൺസ്ട്രക്ഷൻ കമ്പനി നിർവഹിച്ചു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ടെക് ആണ് മൂന്നാമത്തെ കമ്പനി. യുഎഇ യിലെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നാണ് അറബ് ടെക്. ബുർജ് ഖലീഫയുടെ നിർമാണ് പ്രക്രിയയിൽ ഗണ്യമായ സംഭാവനയാണ് ഈ കമ്പനി നൽകിയത്.
∙ ദൂരെ നിന്നു കാണാൻ കഴിയുന്ന ബുർജ് ഖലീഫ
ബുർജ് ഖലീഫയെ കൂടുതൽ വ്യത്യസ്തമാക്കുന്നത് അത് വളരെ ദൂരെ നിന്ന് തന്നെ കാണാൻ കഴിയുമെന്നതാണ്. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിൽ 95 കിലോമീറ്റർ ദൂരെ നിന്നു വരെ ബുർജ് ഖലീഫ കാണാൻ കഴിയും. എൻജിനിയറിങ്ങിന്റെയും രൂപകൽപനയുടെയും ഈ അവിശ്വസനീയ നേട്ടം മാനവസമൂഹത്തിന്റെ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി നിലകൊള്ളുന്നു.
∙ നിരവധി റെക്കോർഡുകൾ
ലോകം മുഴുവൻ ആകർഷിക്കുന്ന ബുർജ് ഖലീഫ നിരവധി റെക്കോർഡുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിങ്ങ് ഘടന, ഏറ്റവും കൂടുതൽ നിലകൾ, ഏറ്റവും ഉയർന്ന ആൾ താമസമുള്ള നില, ഏറ്റവും ഉയർന്ന ഔട്ട് ഡോർ നിരീക്ഷണ ഡെക്ക്, ഏറ്റവും ദൈർഘ്യമേറിയ യാത്രാ ദൂരമുള്ള ലിഫ്റ്റ്, ഏറ്റവും ഉയർന്ന സർവീസ് ലിഫ്റ്റ് എന്നിങ്ങനെ നിരവധി ലോക റെക്കോർഡുകളാണ് ബുർജ് ഖലീഫയ്ക്ക് സ്വന്തമായിട്ടുള്ളത്.
സുസ്ഥിരത മനസ്സിൽ കണ്ടു കൊണ്ടാണ് ബുർജ് ഖലീഫ പണി കഴിപ്പിച്ചത്. എല്ലാ വർഷവും ഇത് 15 ദശലക്ഷം ഗാലൺ വെള്ളം ശേഖരിക്കുന്നു. പ്രധാനമായും കെട്ടിടത്തിലെ സസ്യങ്ങൾക്ക് ജലസേചനം നടത്തുന്നതിന് വേണ്ടിയാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ഒരു കെട്ടിടം എന്നതിനപ്പുറം ദുബായുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രതീകം കൂടിയാണ് ബുർജ് ഖലീഫ. ഒപ്പം, മനുഷ്യന്റെ നിശ്ചയദാർഡ്യത്തിന്റെയും സർഗാത്മകതയുടെയും പ്രതിഫലനം കൂടിയാണ് ബുർജ് ഖലീഫ.