ട്രൈ വാലി, സഞ്ചാരികളെ കാത്തിരിക്കുന്നത് പൂക്കളുടെ താഴ്വര
Mail This Article
കലിഫോര്‍ണിയയിലെ ഡിയാബ്ലോ മലനിരകളോടു ചേര്‍ന്നു കിടക്കുന്ന മൂന്നു താഴ്‌വരകള്‍ അടങ്ങിയ പ്രദേശമാണ് ട്രൈ വാലി. ലിവര്‍മോര്‍, ഡാന്‍വില്ലെ, ഡബ്ലിന്‍, പ്ലീസാന്റണ്‍ എന്നീ നാലു നഗരങ്ങളോടു ചേര്‍ന്നാണ് ട്രൈ വാലി സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ മുതല്‍ ലോകനിലവാരത്തിലുള്ള വൈനറികള്‍ വരെ, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ മുതല്‍ ആവേശമാവുന്ന ഔട്ട്‌ഡോര്‍ ആക്ടിവിറ്റീസ് വരെ ട്രൈ വാലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
പ്രകൃതി തന്നെ പൂക്കള്‍ കൊണ്ട് പരവതാനി വിരിക്കുന്ന പല പ്രദേശങ്ങളുമുണ്ട് ട്രൈ വാലിയില്‍. വസന്തകാലത്ത് ഈ താഴ്‌വരകള്‍ പൂക്കളുടെ താഴ്‌വരകളായി മാറും. ലാസ് ട്രാംപാസ് റീജിയണല്‍ പാര്‍ക്ക്, മൗണ്ട് ഡയാബ്ലോ സ്‌റ്റേറ്റ് പാര്‍ക്ക്, ഡെല്‍ വാലേ റീജ്യണല്‍ പാര്‍ക്ക്, സണോള്‍ റീജ്യണല്‍ വൈല്‍ഡേര്‍നസ്, മോര്‍ഗന്‍ ടെറിട്ടറി പ്രിസര്‍വ്, ഡബ്ലിന്‍ ഹില്‍സ് എന്നിങ്ങനെ ട്രൈ വാലിയില്‍ പൂക്കളം തീര്‍ക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്.
ലിവര്‍മോര്‍ വൈലി വൈന്‍ കണ്‍ട്രിയില്‍ മാത്രം അൻപതിലേറെ വൈനറികളുണ്ട്. ഇതില്‍ പലതിലും മനോഹരമായ പൂന്തോട്ടങ്ങളും പാര്‍ക്കുകളും ടെസ്റ്റിങ് കേന്ദ്രങ്ങളുമുണ്ട്. ഇതില്‍ പല വൈന്‍ നിര്‍മാണ കേന്ദ്രങ്ങളും തലമുറകള്‍ നീളുന്ന അനുഭവ സമ്പത്തുള്ളവരാണ്. വസന്തകാലത്താണ് ട്രൈ വാലിയിലെത്തുന്നതെങ്കില്‍ ഒരു ദിവസം മുഴുവനെങ്കിലും ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് തടാകങ്ങള്‍. ഡെല്‍ വാലെ റീജിയണല്‍ പാര്‍ക്കിലെ അഞ്ച് മൈല്‍ നീളത്തിലുള്ള മനുഷ്യ നിര്‍മിത തടാകം നിരവധി വാട്ടര്‍ ആക്ടിവിറ്റികളുടേയും കേന്ദ്രമാണ്.
തെളിഞ്ഞതും സൂര്യപ്രകാശമുള്ളതുമായ കാലാവസ്ഥയും തുറന്ന പരിസ്ഥിതിയുമെല്ലാം ട്രൈ വാലിയെ ടെന്റ്, ആര്‍വി ക്യാമ്പിങിന് അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. ഡെല്‍ വാലെ റീജ്യണല്‍ പാര്‍ക്, മൗണ്ട് ഡയാബ്ലോ സ്‌റ്റേറ്റ് പാര്‍ക്ക്, ഓലോണ്‍ വൈല്‍ഡേര്‍നസ് റീജ്യണല്‍ പ്രിസര്‍വ്, ഫെയര്‍ പാര്‍ക്ക് ആര്‍വി ക്യാംപ് ഗ്രൗണ്ട്‌സ് എന്നിവയെല്ലാം ക്യാംപിങ്ങിന് അനുയോജ്യമാണ്. ട്രൈ വാലിയിലെ മുന്തിരി തോട്ടങ്ങളില്‍ പലതും ക്യാംപിങ് അനുവദിക്കുന്നുണ്ട്.
ട്രൈ വാലിയിലെത്തുന്നവര്‍ക്കുള്ള മറ്റൊരു സാധ്യതയാണ് ബൈക്ക് റൈഡ്. നൂറുകണക്കിന് മൈലുകള്‍ നീളത്തിലുള്ള റോഡുകള്‍ സൈക്കിള്‍ ഓടിക്കാന്‍ അനുയോജ്യമാണ്. പ്രകൃതിയെ അടുത്തറിയാനും സൈക്കിള്‍ യാത്രകള്‍ സഹായിക്കും. ഇലക്ട്രിക് ബൈക്കുകള്‍ വാടകക്കെടുത്താല്‍ യാതൊരു ആയാസവുമില്ലാത്ത സൈക്കിള്‍ യാത്രകളെ ആസ്വദിക്കാനാവും.