ന്യൂ ഓര്‍ലീന്‍സിന്റെ ഹൃദയം; ഫ്രഞ്ച് ക്വാര്‍ട്ടറിലെത്തുന്നവര്‍ ഈ കാഴ്ചകൾ ഒഴിവാക്കരുത്
Mail This Article
ന്യൂ ഓര്‍ലീന്‍സിലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശമാണ് ഫ്രഞ്ച് ക്വാര്‍ട്ടര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ആരെയും ആകര്‍ഷിക്കുന്ന കടകളും ഫ്രഞ്ച് ക്വാര്‍ട്ടറിലുണ്ട്. മ്യൂസിയങ്ങള്‍, ടൂറുകള്‍, കടകള്‍, ബാറുകള്‍, റസ്റ്ററന്റ്സ് എന്നിങ്ങനെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ നിരവധി. ന്യൂ ഓര്‍ലീന്‍സിലെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന ഫ്രഞ്ച് ക്വാര്‍ട്ടറിലെത്തുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത 11 കാഴ്ചാനുഭവങ്ങൾ
ജാക്‌സണ്‍ സ്‌ക്വയര്‍
ന്യൂ ഓര്‍ലീന്‍സിന്റെ ഹൃദയം ഫ്രഞ്ച് ക്വാര്‍ട്ടറെങ്കില്‍ ഫ്രഞ്ച് ക്വാര്‍ട്ടറിന്റെ ഹൃദയം ജാക്‌സണ്‍ സ്‌ക്വയറാണ്. സെന്റ് ലൂയിസ് പള്ളി അടക്കം ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. കല, സംഗീതം, തെരുവു കലാകാരന്മാര്‍, രുചികരമായ ഭക്ഷണം... ആസ്വദിക്കാനേറെയുണ്ട് ഈ ചരിത്രമുറങ്ങുന്ന ചത്വരത്തില്‍.
മ്യൂസിയങ്ങള്‍
നിരവധി മ്യൂസിയങ്ങളുണ്ട് ഫ്രഞ്ച് ക്വാര്‍ട്ടറില്‍. ന്യൂ ഓര്‍ലീന്‍സിന്റെ പാരമ്പര്യം വെളിവാക്കുന്ന പ്രദര്‍ശനങ്ങളാല്‍ സമ്പന്നമാണ് ദ കാബില്‍ഡോ. കത്രീന ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ന്യൂ ഓര്‍ലീന്‍സിനെ എങ്ങനെ ബാധിച്ചുവെന്ന് വിശദീകരിക്കുന്ന ദ പ്രെസ്ബിറ്റര്‍ മ്യൂസിയവും ഇവിടെയാണ്. ചരിത്രം ഓര്‍മിപ്പിക്കുന്നവയാണ് ഇവിടുത്തെ ന്യൂ ഓര്‍ലീന്‍സ് കളക്ഷനും വൂഡൂ മ്യൂസിയവും ഫാര്‍മസി മ്യൂസിയവുമെല്ലാം.
മികച്ച ഭക്ഷണം
ഫ്രഞ്ച് ക്വാര്‍ട്ടറിലെ തദ്ദേശീയമായ ഭക്ഷണം ഒഴിവാക്കാനാവാത്തതാണ്. പഴമയും പുതുമയും ഒത്തു ചേരുന്ന ഭക്ഷണ ശൈലിയാണ് ഇവിടെയുള്ളത്. 2022ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രൗസാര്‍ഡ്‌സാണ് പ്രധാന റെസ്റ്ററന്റുകളിലൊന്ന്. ഗലാടോറിസ്, അര്‍നോഡ്‌സ്, അന്റോയിന്‍സ്, ബ്രന്നന്‍സ് എന്നിവയും ഭക്ഷണ വൈവിധ്യത്തിന്റേയും രുചിയുടേയും കാര്യത്തില്‍ ഇവയെല്ലാം ഒന്നിനൊന്നു മെച്ചം.
ഫ്രഞ്ച് മാര്‍ക്കറ്റ്
ന്യൂ ഓര്‍ലീന്‍സിലേക്കുള്ള യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ നേരെ ഫ്രഞ്ച് മാര്‍ക്കറ്റിലേക്കു വിട്ടോളൂ. നിരവധി കടകള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാനായി ഇവിടെ ഒരുങ്ങിയിരിപ്പുണ്ട്. അടുത്തു തന്നെയാണ് ന്യൂ ഓര്‍ലീന്‍സ് ജാസ് മ്യൂസിയം.
തെരുവുകള്‍
ഫ്രഞ്ച് ക്വാര്‍ട്ടറിലെ റോയല്‍ സ്ട്രീറ്റ് ഒഴിവാക്കരുതാത്ത പാതയാണ്. ഇത് കനാല്‍ സ്ട്രീറ്റ് മുതല്‍ മാരിനി വരെ നീളുന്നു. ആര്‍ട്ട് ഗാലറികളും പൗരാണിക വസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഹോട്ടലുകളും ബാറുകളും റെസ്റ്ററന്റുകളും ഇരുവശത്തുമായുണ്ട്. അടുത്തു തന്നെയുള്ള ബോര്‍ബോണ്‍ സ്ട്രീറ്റ് കൂടുതല്‍ സജീവമാവുക രാത്രിയിലാണ്.
എംഎസ് റോ
പുരാവസ്തുക്കളും ആഭരണങ്ങളും കലാസൃഷ്ടികളും വില്‍ക്കുന്ന പ്രസിദ്ധമായ ഇടം. അമേരിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ആന്റീക് ഷോപ്പുകളിലൊന്ന്.
കോക്ടെയില്‍
കോക്ടെയിലിന്റെ പേരില്‍ പ്രസിദ്ധമാണ് ന്യൂ ഓര്‍ലീന്‍സ്. ഇവിടുത്തെ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത വിഭവമായിട്ടുണ്ട് കോക്ടെയിലുകള്‍. കോക്ടെയിലിന്റെ ജന്മനാടായിട്ടാണ് ന്യൂ ഓര്‍ലീന്‍സ് അറിയപ്പെടുന്നത്. ഫ്രഞ്ച് ക്വാര്‍ട്ടറിലെ സാസെരാക് ഹൗസ്, നെപ്പോളിയന്‍ ഹൗസ്, കേന്‍ ആന്റ് ടേബിള്‍, ജ്വല്‍ ഓഫ് സൗത്ത് എന്നിങ്ങനെ കോക്ടെയിലുകള്‍ക്ക് പേരു കേട്ട ഇടങ്ങള്‍ നിരവധി.
കഫേ ഡു മോണ്ടെ
ജാസ് സംഗീതവും ആസ്വദിച്ചു കൊണ്ട് കഫേ ഡു മോണ്ടെയില്‍ ബോനെറ്റ് കഴിക്കാം. ജാക്‌സണ്‍ സ്‌ക്വയറിന് അടുത്താണ് ഈ കേന്ദ്രം. തെരുവിലെ പ്രകടനങ്ങള്‍ ആസ്വദിച്ചുകൊണ്ട് മധുരപലഹാരങ്ങളും കാപ്പിയും ബോനെറ്റും കഴിക്കാം.
ചരിത്ര നിര്‍മിതികള്‍
2028ല്‍ മുന്നൂറു വര്‍ഷം ആഘോഷിക്കാനിരിക്കുന്ന ഫ്രഞ്ച് ക്വാര്‍ട്ടറില്‍ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളും നിരവധി. ഫ്രഞ്ച്, സ്പാനിഷ് വാസ്തു സൗന്ദര്യം വെളിവാവുന്ന നിര്‍മിതികള്‍ നിരവധി. 1745ല്‍ നിര്‍മിച്ച ഓള്‍ഡ് ഉര്‍സുലൈന്‍ കോണ്‍വെന്റ് മ്യൂസിയം ന്യൂ ഓര്‍ലീന്‍സിലെ മാത്രമല്ല മിസിസിപ്പി റിവര്‍ വാലിയിലെ തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ നിര്‍മിതിയാണ്.
ഗോസ്റ്റ് ടൂര്‍
ഫ്രഞ്ച് ക്വാര്‍ട്ടറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഗോസ്റ്റ് ടൂറും ആസ്വദിക്കാനാവും. പേടിയും രോമാഞ്ചവും ഉണര്‍ത്തുന്ന അപസര്‍പ കഥകള്‍ കേട്ടുള്ള ഒരു യാത്രയാണിത്. രക്തം കുടിക്കുന്ന യക്ഷികളുടേയും വിചിത്ര ജീവികളുടേയും ദുരൂഹ കഥകള്‍ കേള്‍ക്കാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരങ്ങളിലും രഹസ്യ ചേംബറുകളിലും നിന്നും പല രൂപങ്ങളില്‍ വരുന്ന കഥകള്‍ കേട്ടുകൊണ്ട് ഗോസ്റ്റ് ടൂര്‍ ആസ്വദിക്കാം.