രണ്ടാം പിറന്നാളിന് സ്പെഷൽ വിഭവങ്ങൾ സ്വയം ഒരുക്കി കുട്ടി ഷെഫ് : വിഡിയോ വൈറൽ

Mail This Article
പിച്ചവച്ചു നടക്കുന്ന പ്രായത്തിൽത്തന്നെ തകർപ്പൻ പാചക വിഡിയോകളുമായെത്തി സോഷ്യൽമീഡിയയിൽ താരമായതാണ് കോബേ എന്ന കുഞ്ഞാവ. ഇപ്പോഴിതാ തന്റെ രണ്ടാം പിറന്നാളിന് സ്പെഷൽ വിഭവങ്ങളാണ് ഈ കുട്ടിഷെഫ് ഒരുക്കിയിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് പിറന്നാളിന് തയ്യാറാക്കിയിരിക്കുന്നത്.
ഈ കരുന്നിന്റെ പാചക വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു ഏതാനും മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിമിഷംപ്രതി വിഡിയോയ്ക്ക് കാഴ്ചക്കാരേറുകയാണ്. ഒരു വയസാകും മുൻപേ പാചകം തുടങ്ങിയതാണ് ഒരു കുട്ടി ഷെഫ്. 2.5 ദശലക്ഷം ഫോളോവേഴ്സാണ് ഈ രണ്ട് വയസ്സുകാരന് ഇന്‍സ്റ്റഗ്രാമിലുള്ളത്.
കോബേ ഈറ്റ്‌സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ കുട്ടിക്കുറുമ്പൻ ഷെഫിന്റെ വിഡിയോകൾ പുറത്തുവരുന്നത്. അമ്മയ്ക്കൊപ്പം തകർപ്പൻ പാചകപരീക്ഷണങ്ങൾ നടത്തുകയാണ് കുഞ്ഞാവ.
താനും കൂടെചേർന്ന് ഉണ്ടാക്കുന്ന ഈ വിഭവങ്ങളൊക്കെ രുചിനോക്കാൻ പോലും പ്രായമാകാത്ത ഈ കുഞ്ഞു ഷെഫിന് നിരവധി ആരാധകരുമുണ്ട്. അമ്മയുടെ കൈയിലിരുന്നു കൊണ്ടാണ് ചിലപ്പോഴൊക്കെ കുഞ്ഞാവയുടെ പാചകം.
പാചകത്തിനാവശ്യമായ ചേരുവകളൊക്കെ ചേർക്കുന്നതും മിക്സ് ചെയ്യുന്നതുമൊക്കെ കുഞ്ഞാവയാണ്.. ഇടയ്ക്ക് ചിലതൊക്കെ വായിലാക്കുന്നുമുണ്ട്. യാതൊരു മടുപ്പും കൂടാതെ വളരെ ആസ്വദിച്ചാണ് കക്ഷിയുടെ പാചകം. ചിലപ്പോഴൊക്കെ ആ കുഞ്ഞുക്കയ്യിൽ നിന്നും സാധനങ്ങൾ താഴെ പോകുന്നുമുണ്ട്. അതൊന്നും വകവയ്ക്കാതെ തന്റെ പാചകം തുടരുകയാണ്. ഏതായാലും വലിയ പേരുകേട്ട ഷെഫുമാർ ഒന്നു സൂക്ഷിച്ചോ ഈ കുഞ്ഞാവ നിങ്ങളെയൊക്കെ കടത്തിവെട്ടിയേക്കാം.
English Summary : Tiny chef Kobe birthday special cooking