പൊട്ടിച്ചിതറി വീണ് അപകടം ഉണ്ടാക്കാത്ത ഗ്ലാസ് കണ്ടുപിടിച്ച കഥ

Mail This Article
എഡ്വേഡ് ബെനഡിക്റ്റസ് എന്ന ഫ്രഞ്ച് രസതന്ത്രജ്ഞൻ പരീക്ഷണശാലയിൽ തിരക്കിട്ട ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. അതിനിടെ ഷെൽഫിലെ മുകൾത്തട്ടിൽ നിന്ന് ഒരു രാസവസ്തു എടുക്കാനായി ശ്രമിക്കവേ അബദ്ധത്തിൽ ഒരു ഗ്ലാസ് ഫ്ലാസ്ക്കിൽ അദ്ദേഹത്തിന്റെ കൈ തട്ടി. ഫ്ലാസ്ക് നിലത്തേക്കു വീണു. ഓ! അത് തവിടുപൊടിയായിക്കാണുമല്ലോ എന്നും കൈയിലും കാലിലുമൊന്നും മുറിവേൽക്കാതെ ചില്ലു കഷണങ്ങളൊക്കെ നീക്കം ചെയ്യണമല്ലോ എന്നുമൊക്കെ വിഷമിച്ച് തറയിലേക്ക് നോക്കിയ ബെനഡിക്റ്റസ് അദ്ഭുതപ്പെട്ടു പോയി. പൊട്ടലുകൾ ഉണ്ടായെങ്കിലും ചുറ്റും കൂർത്ത ഗ്ലാസ് കഷണങ്ങളൊന്നും ചിതറിത്തെറിച്ചിട്ടില്ല. തീർന്നില്ല അദ്ഭുതം. ഗ്ലാസ് കഷണങ്ങൾ തമ്മിൽ ഒട്ടിച്ചു ചേർത്തപോലെ ഏതാണ്ട് ഫ്ലാസ്ക്കിന്റെ ആകൃതിയിൽത്തന്നെ ഇരിക്കുന്നു! ബെനഡിക്റ്റസ് ആ ഫ്ലാസ്ക് കൈയിലെടുത്ത് വിശദമായി പരിശോധിച്ചു. അതിനുള്ളിൽ ഒരു നേർത്ത ആവരണമായി എന്തോ ഒരു പദാർഥം പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഈ പാളിയാണ് പൊട്ടിയിട്ടും ഗ്ലാസ് കഷണങ്ങൾ ചിതറിപ്പോവാതെ ചേർത്തു നിർത്തിയതെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇത് എന്തായിരിക്കും? ബെനഡിക്റ്റസ് തലപുകഞ്ഞാലോചിക്കാൻ തുടങ്ങി.
കുറെ നാൾ മുമ്പ് ഫ്ലാസ്ക്കിൽ ഏതോ ഒരു പരീക്ഷണത്തിനായി സെല്ലുലോസ് നൈട്രേറ്റ് ലായനി എടുത്ത കാര്യം പെട്ടെന്നാണ് അദ്ദേഹത്തിന് ഓർമ വന്നത്. ലാബിലെ സഹായിയാവട്ടെ ഫ്ലാസ്ക്കിലെ ലായനി ഒഴിവാക്കുകയോ ഫ്ലാസ്ക് വൃത്തിയാക്കുകയോ ചെയ്യാതെ എടുത്തു ഷെൽഫിൽ വയ്ക്കുകയും ചെയ്തു. കുറേ ദിവസം കഴിഞ്ഞപ്പോൾ സെല്ലുലോസ് നൈട്രേറ്റ് ലായനി ബാഷ്പീകരിക്കുകയും ഫ്ലാസ്ക്കിന്റെ ഉൾവശത്ത് അതിന്റെ ഒരു ആവരണം രൂപംകൊള്ളുകയും ചെയ്തു. ഈ സെല്ലുലോസ് നൈട്രേറ്റ് പാളിയാണ് ചിതറിപ്പോവാതെ ഗ്ലാസ് കഷണങ്ങളെ ചേർത്തു നിർത്തിയതെന്ന് ബെനഡിക്റ്റസിനു മനസ്സിലായി. ഈ അപ്രതീക്ഷിത കണ്ടുപിടിത്തം നമുക്കൊക്കെ പരിചിതമായ ഒരു ഉൽപന്നത്തിന്റെ രംഗപ്രവേശനത്തിനാണ് വഴിയൊരുക്കിയത്. അതെ. സേഫ്റ്റി ഗ്ലാസ് തന്നെ.

വിപ്ലവമായി വാഹനങ്ങളിൽ
1903-ൽ ചിതറിത്തെറിക്കാത്ത ഗ്ലാസിന്റെ രഹസ്യമൊക്കെ മനസ്സിലാക്കിയെങ്കിലും കണ്ടുപിടിത്തത്തിനു പേറ്റന്റ് എടുക്കുന്ന കാര്യത്തിലൊന്നും ബെനഡിക്റ്റസ് ശ്രദ്ധിച്ചില്ല. ചിത്രകലയിലും സംഗീതത്തിലും എഴുത്തിലും ഡിസൈനിങ്ങിലുമൊക്കെ തൽപരനായിരുന്ന അദ്ദേഹം പല പല തിരക്കുകളിൽ മുഴുകിപ്പോയി. ഒരിക്കൽ ഒരു കാർ അപകടത്തിൽ കൂർത്ത ചില്ലു കഷണങ്ങൾ കൊണ്ടു പരിക്കുപറ്റി രണ്ടുപേരുടെ ജീവൻ പൊലിഞ്ഞ വാർത്ത ബെനഡിക്റ്റസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ ‘സാൻഡ്‌വിച്ച് ഗ്ലാസ്’ വാഹനങ്ങളിൽ ഉപയോഗപ്പെടുത്തിയാൽ ഇത്തരം അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ബെനഡിക്റ്റസിനു മനസ്സിലായി. 1909-ൽ 2 ഗ്ലാസ് പാളികൾക്കു നടുവിൽ സെല്ലുലോയ്‌ഡ് പാളി വച്ച് ഒട്ടിച്ചെടുത്തു. 1911-ൽ ട്രിപ്ലെക്സ് ഗ്ലാസ് എന്ന പേരിൽ ലാമിനേറ്റഡ് ഗ്ലാസ് പുറത്തിറക്കി. ശക്തമായ ഇടിയിലും ഇത് ചിതറിപ്പോവാതെ ഇടികൊണ്ട ഭാഗം ഒരു ചിലന്തി വല പാറ്റേണിൽ കാണപ്പെട്ടു. എന്നാൽ നിർമാണച്ചെലവ് കൂടുതലായതിനാൽ ആദ്യകാലത്ത് വാഹന നിർമാതാക്കൾ ഇത് വ്യാപകമായി ഉപയോഗിച്ചില്ല. 1912-ൽ ഇംഗ്ലിഷ് ട്രിപ്ലെക്സ് സേഫ്റ്റി ഗ്ലാസ് കമ്പനി ലാമിനേറ്റഡ് ഗ്ലാസ് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ തുടങ്ങി. ഒന്നാം ലോകയുദ്ധകാലത്ത് ഗ്യാസ് മാസ്ക്കുകളിലെ ഐപീസിൽ ലാമിനേറ്റഡ് ഗ്ലാസ് ഉപയോഗിക്കപ്പെട്ടു. 1920കളോടെ ഫോർഡ് കമ്പനി കാറുകളിൽ വിൻഡ് ഷീൽഡായി ലാമിനേറ്റഡ് ഗ്ലാസുകൾ ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ വാഹനങ്ങളിലെ സേഫ്റ്റി ഗ്ലാസിൽ ഗ്ലാസ് പാളികൾക്കിടയിൽ പോളിവിനൈൽ ബ്യൂട്ടിറാൽ പോലുള്ള പോളിമർ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. വാഹനങ്ങളിലെ വിൻഡ് ഷീൽഡ്, സുരക്ഷാ കണ്ണടകൾ, ചുഴലിക്കാറ്റുകൾക്കു സാധ്യതയേറിയ ഇടങ്ങളിൽ കെട്ടിടങ്ങളിലെ ജാലകപ്പാളികൾ, ഗ്ലാസ് വാതിൽ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ലാമിനേറ്റഡ് ഗ്ലാസ് ഉപയോഗിക്കുന്നു.
English Summary : Invention of unbreakable glasses