കുഞ്ഞുവായിൽ ‘വലിയ’ വർത്തമാനം; പരിഹാരമിതാ
Mail This Article
നമ്മുടെയൊക്കെ വീടുകളിലെ കുഞ്ഞുമക്കൾ മുതിർന്നവർ പറയുന്ന കാര്യങ്ങൾ കേട്ട് അതേ പോലെ തന്നെ അനുകരിച്ച് പറയാറുണ്ട്. അതൊക്കെ കേൾക്കാനും നല്ല രസവുമാണ്. എന്നാൾ ഈ കുഞ്ഞുവലിയ വർത്തമാനത്തിനിടെ മോശമായ വാക്കുകളും വന്നു ചേർന്നാലോ? അത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും. പേരന്റിംങിൽ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്. ഇത്തരം വാക്കുകൾ കുട്ടികൾ എവിടെ നിന്നു പഠിക്കുന്നുവെന്നും എന്താണിതിനൊരു പരിഹാരമെന്നും പറഞ്ഞു തരികയാണ് കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്.
ഇങ്ങനെയുള്ള മോശം വാക്കുകൾ കുട്ടിയ്ക്ക് എവിടെ നിന്നു കിട്ടുന്നുവെന്നു മനസിലാക്കുക. ഇത്തരം മോശം വാക്കുകൾ പറയുമ്പോൾ അതു പറയുന്ന ആളിന്റെ മുഖത്തെ ഭാവവും ശബ്ദത്തിന്റെ മോഡുലേഷനുമൊക്കെ മാറ്റംവരും. അത് പെട്ടന്ന് പിടിച്ചെടുക്കാനുള്ള പ്രത്യേക കഴിവ് കുട്ടികൾക്കുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. വീട്ടിൽ അങ്ങനെ പറയുന്നവരുണ്ടെങ്കിൽ അവരോട് അങ്ങനെ ചെയ്യരുതെന്ന് പറയാം.
എന്താണിതിനൊരു പരിഹാരം
കുഞ്ഞുങ്ങൾ ഇത്തരം മോശം വാക്കുകൾ പറയുമ്പോൾ അതു തിരുത്താനുള്ള ഒരു മാർഗമാണ് കുട്ടി ഉപയോഗിക്കുന്ന ആ വാക്കിന് സമാനമായ നല്ല ഒരു വാക്കുകൊണ്ട് റീപ്ലെയ്സ് ചെയ്യുക എന്നത്. കുട്ടികൾ നന്നായി ആസ്വദിക്കുന്ന, കേട്ടാൽ ചിരിവരുന്ന വാക്കുകൾ വേണം അതിനായി തിരഞ്ഞെടുക്കാൻ. ആ വാക്കു തന്നെ കുട്ടിയോട് ആവർത്തിച്ച് പറയുക. സ്വാഭവികമായും കുട്ടി മോശം വാക്ക് മറക്കുകയും ആ നല്ലവാക്ക് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യും.
നല്ല വാക്കുകൾ പറയുമ്പോൾ അവരെ അഭിനന്ദിക്കുക, അതവർക്ക് പ്രചോദനമാകും. മോശം വാക്കുകൾ പറയുമ്പോൾ വഴക്കുപറയാതെ അവരെ സ്നേഹത്തോടെ തിരുത്താം. എന്നിട്ടും കുട്ടി ഇത് ആവർത്തിക്കുകയാണെങ്കില്‍ നമ്മൾ അത് തീർത്തും അവഗണിക്കുക. താൻ പറയുന്നതിൽ ശ്രദ്ധ കിട്ടാതെ വരുമ്പോൾ സാവധാനം കുട്ടി തനിയെ ഇത് പറയുന്നത് നിർത്തുന്നതായി കാണാം.
കുട്ടികൾ ഒരു പ്രായത്തിൽ അവർക്ക് ശ്രദ്ധ കിട്ടുന്നതിനായി എന്തുവേണമെങ്കിലും ചെയ്യും. ചീത്തയായ വാക്കുകൾ പറയുമ്പോഴാണ് തനിക്ക് ശ്രദ്ധ കിട്ടുന്നതെന്നു വന്നാൽ അവരത് വീണ്ടും ആവർത്തിക്കുകതന്നെ ചെയ്യും. നല്ല വാക്കുകൾ പറയുമ്പോൾ അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്ക് ചെറിയ സമ്മാനങ്ങൾ കൊടുക്കാം , അവർക്കിഷ്ടമുള്ള ആഹാരമുണ്ടാക്കികൊടുക്കാം. ഇങ്ങനെ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളിലെ ഈ ശീലം ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും.