മാവേലിക്കരയിൽ കൊടിക്കുന്നിലിനായി പ്രചാരണം ആരംഭിച്ച് പ്രവർത്തകർ

Mail This Article
മാവേലിക്കര ∙ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷിനു വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം സജീവമായി. ‘കൂടെയുണ്ടായിരുന്നുവെന്നു ജനങ്ങൾക്കറിയാം, അതാണ് ആത്മവിശ്വാസം' എന്ന തലക്കെട്ടും കൈപ്പത്തി ചിഹ്നവുമായാണു കൊടിക്കുന്നിലിന്റെ ചിത്രമുള്ള പോസ്റ്റർ പ്രചരിക്കുന്നത്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കൊടിക്കുന്നിലിനായി മതിലുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 3 ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലത്തിൽ ബന്ധങ്ങൾ ഉള്ളതു കൊടിക്കുന്നിലിനു ഗുണമാകുമെന്നും ചുരുക്കം ചിലരുടെ വിരുദ്ധ അഭിപ്രായം ദോഷമാകില്ലെന്നുമാണു കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പ്രവർത്തകരുടെ ആവേശമാണ് പോസ്റ്റർ പ്രചാരണത്തിൽ കാണുന്നതെന്നു കൊടിക്കുന്നിൽ പറഞ്ഞു. മാവേലിക്കരയിൽ യുഡിഎഫ് തോൽക്കുമെന്ന രീതിയിൽ നേരത്തെ വന്ന ചാനൽ സർവേ ഫലങ്ങൾ അവരെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടാകാം പോസ്റ്റർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ബൈജു കലാശാല കഴിഞ്ഞ ദിവസം ബിഡിജെഎസിൽ ചേർന്നിരുന്നു. എൻഡിഎയിൽ മാവേലിക്കര ലോക്സഭാ മണ്ഡലം ബിഡിജെഎസിനാണെങ്കിൽ ബൈജു കലാശാല സ്ഥാനാർഥിയായേക്കുമെന്ന് അറിയുന്നു.