കുട്ടനാട്ടിൽ കൊടിക്കുന്നിൽ സുരേഷിന്റെ റോഡ് ഷോ
Mail This Article
കുട്ടനാട് ∙ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപി ഇന്നലെ കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. എംപി ഫണ്ടിൽ നിർമിച്ച കുന്നങ്കരി-വാലടി റോഡ് ഉദ്ഘാടനവും മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ ഹൈ–മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമവും എംപി നിർവഹിച്ചു. മുട്ടാറിൽ നിന്നാണു റോഡ് ഷോ ആരംഭിച്ചത്. നീരേറ്റുപുറം, എടത്വ, കാരിച്ചാൽ, തകഴി ജംക്‌ഷൻ, ചമ്പക്കുളം, കൈനകരി, മങ്കൊമ്പ്, പുളിങ്കുന്ന്, തട്ടാശേരി, കാവാലം, ഈരാ ജംക്‌ഷൻ, വാലടി, കിടങ്ങറ, മാമ്പുഴക്കരി എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്കു സ്വീകരണം ഒരുക്കി.
തകഴി വേലപ്പുറം പാടശേഖരത്തിൽ കർഷകരോടും കർഷക തൊഴിലാളികളോടും സ്ഥാനാർഥി ആശയ വിനിമയം നടത്തി. പഠനോത്സവം നടന്ന നെടുമുടി ഗവ. എൽപി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പംനിന്ന് സെൽഫി എടുത്താണു മടങ്ങിയത്.രാത്രി വൈകി രാമങ്കരി ജംക്‌ഷനിൽ റോഡ് ഷോ സമാപിച്ചു.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തങ്കച്ചൻ വാഴച്ചിറ, കൺവീനർ ജോസഫ് ചേക്കോടൻ, വിവിധ കക്ഷി നേതാക്കളായ ജേക്കബ് ഏബ്രഹാം, കെ.പി.സുരേഷ്, എം.കെ. ബാബുനേശ്, രഘു ഉത്തമൻ, സി.വി.രാജീവ്, ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.