ADVERTISEMENT

ആലപ്പുഴ∙ കലക്ടർ ജോൺ വി.സാമുവലിനെ രായ്ക്കുരാമാനം മാറ്റിയതിനു പിന്നിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലോ ജോയിന്റ് കൗൺസിലിന്റെ പരാതിയോ? കമ്മിഷന്റെ ഇടപെടൽ തന്നെയാണെന്നാണു സംസാരം.  മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ സന്ദർശനത്തിനു മുന്നോടിയായി ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിലെത്തിയ 2 കമ്മിഷൻ ഉദ്യോഗസ്ഥർ അകാരണമായി കാത്തിരിക്കേണ്ടി വന്നതു ഭരണതലത്തിൽ ചർച്ചയായിരുന്നു.

എന്നാൽ, കമ്മിഷൻ ഉദ്യോഗസ്ഥർ എത്തിയതു കലക്ടർ അറിഞ്ഞില്ലെന്നു മറ്റൊരു വാദവുമുണ്ട്. അതേസമയം, വന്നത് ആരാണെന്നു കലക്ടറേറ്റ് ജീവനക്കാർക്കു മനസ്സിലായിരുന്നു. കാത്തിരിക്കേണ്ടി വന്ന ഉദ്യോഗസ്ഥർ ഇക്കാര്യം കമ്മിഷൻ ആസ്ഥാനത്ത് അറിയിച്ചെന്നും തുടർന്നു കലക്ടറോടു കമ്മിഷൻ വിശദീകരണം തേടിയെന്നും വാർത്ത പ്രചരിച്ചിരുന്നു. 

വ്യാഴാഴ്ച രാത്രി ഇറങ്ങിയ ഉത്തരവിലൂടെ പിറ്റേന്നു തന്നെ കലക്ടറെ അടിയന്തരമായി മാറ്റിയത് ഇതുമായാണു ചേർത്തുവായിക്കുന്നത്. ജോൺ വി.സാമുവൽ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെയുണ്ടായ ചില നടപടികളിൽ ജീവനക്കാർക്കിടയിൽ പരാതിയുണ്ടായിരുന്നു. സ്ഥാനമേറ്റ ഉടനെ ഡഫേദാറെയും ഒരു ക്ലർക്കിനെയും അദ്ദേഹം സ്ഥലം മാറ്റി. പിന്നീടു ഡഫേദാറെ തിരികെ നിയമിച്ചു.

സർവീസ് വിഷയങ്ങളിൽ ജോയിന്റ് കൗൺസിൽ ഭാരവാഹികൾക്കു കലക്ടറോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സംഘടന മന്ത്രിതലത്തിൽ പരാതി നൽകിയിരുന്നെന്നാണു വിവരം. നവകേരള സദസ്സിന്റെ ജില്ലയിലെ നടത്തിപ്പു സംബന്ധിച്ചും കലക്ടറോടു പലർക്കും അതൃപ്തിയുണ്ടായിരുന്നു. ചെറിയ ഇടവേളകളിൽ ജില്ലയിലെ കലക്ടർമാരെ മാറ്റുന്നു എന്ന വിമർശനം ഉണ്ടായേക്കാം എന്നതിനാലാണ് അപ്പോൾ മാറ്റാതിരുന്നതെന്നും കേൾക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹം ആലപ്പുഴ കലക്ടറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com