മാസപ്പടി വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശൻ
Mail This Article
ചെങ്ങന്നൂർ ∙ മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഞ്ചു ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി മൗനത്തിന്റെ മഹാമാളത്തിൽ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ഏഴു ചോദ്യങ്ങൾക്കും തെളിവുകൾ സഹിതം പ്രതിപക്ഷം 24 മണിക്കൂറിനുള്ളിൽ മറുപടി നൽകി. ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. അതേസമയം മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. രണ്ട് സ്റ്റാറ്റ്യൂട്ടറി അതോറിറ്റികൾ നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധമായ പണമിടപാടുകൾ കണ്ടെത്തി.
ഇത് ഇലക്ടറൽ ബോണ്ട് അഴിമതിക്ക് തുല്യമാണ്. സിബിഐ, ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് ബിജെപി റെയ്ഡ് നടത്തി ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിച്ചു. ഇതിന് സമാനമായി എക്സാലോജിക്കിന് സംഭാവന നൽകിയ കമ്പനികൾക്കെല്ലാം എന്തൊക്കെ സഹായങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്?. നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ സഹായത്തിന് പകരമായാണ് എക്സാലോജിക്കിന് പണം ലഭിച്ചത്. എഐ ക്യാമറയെ കുറിച്ചും കെ ഫോണിനെ കുറിച്ചും ചോദിച്ചാൽ മുഖ്യമന്ത്രി മറുപടി പറയില്ല.
ഇനിയെങ്കിലും മാസപ്പടി വിവാദത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാൻ തയാറാകണം. കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ല, റോഡിൽ കുഴിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ചോദ്യങ്ങൾക്കുള്ള മറുപടിയാണ് വേണ്ടത്. നവകേരള സദസ്സിന് ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിട്ടിട്ടില്ല. നിയമസഭയ്ക്കത്തും പുറത്തും ചോദിച്ചു. സർക്കാർ സഹായം കൈപ്പറ്റിയ ആളുകളാണ് പണം കൊടുത്തത്. കാശ് കൊടുത്ത മുഴുവൻ ആളുകളുടെയും വിവരങ്ങൾ വെളിപ്പെടുത്തണം. സർക്കാർ സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്നു. ആശുപത്രികളിൽ ഒരിടത്തും മരുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.