കരയിടിച്ചിൽ; പുഴയും കൃഷിയും നശിക്കുന്നു

Mail This Article
പെടേന ∙ പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന പുഴയിലെ കരയിടിച്ചിലിൽ പുഴയും കൃഷിയും നശിക്കുന്നതായി പരാതി. കാലവർഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്കു പുഴയിലെ കരയിടിച്ചലും തിരിച്ചടിയാണ്. മലവെള്ളപാച്ചിലിൽ പുഴക്കരയിലെ ആയിരക്കണക്കിനു വാഴകളും മറ്റുകൃഷിയും നശിച്ചു.
കരയിടിച്ചിൽ വ്യാപകമായിട്ടും പുഴയ്ക്കു സംരക്ഷണ ഭിത്തികെട്ടുവാനോ ധനസഹായം നൽകുവാനോ നടപടികളില്ലെന്നാണു കർഷകർ പറയുന്നത്. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് നടത്തിയ കൃഷികൾ പൂർണമായും നശിച്ചതിനാൽ തിരിച്ചടവിനു പോലും വഴിയില്ലാതെ കർഷകർ വലയുകയാണ്.
മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരെ സഹായിക്കുവാൻ ആരും തയാറാകുന്നില്ല. നാടിനെ നടുക്കിയ പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നാളിതുവരെ സഹായമെത്തിയില്ലെന്ന പരാതിയും വ്യാപകമാണ്. പെരുമ്പ പുഴയുടെ ശാഖകളായി ഒഴുകുന്ന ഞെക്ലി, കടാംകുന്ന്, പെരുവാമ്പ ,കുറ്റൂർ, മാതമംഗലം പുഴകളിലും കരയിടിച്ചിൽ വ്യാപകമാണ്.