ADVERTISEMENT

തളിപ്പറമ്പ്∙ പരിചരണവും നിരീക്ഷണവും കൃത്യമായി നടത്തിയപ്പോൾ കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ  വിരിഞ്ഞിറങ്ങിയത് ഒന്ന്  കണ്ടാൽ തന്നെ എല്ലാവരും ഭയന്നോടുന്ന രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ്. വനംവകുപ്പ് വാച്ചറും വൈൽഡ് ലൈഫ് റസ്ക്യൂവറുമായ കടമ്പേരിയിലെ എം.ഷാജി കൃത്രിമ സാഹചര്യത്തിൽ അടവെച്ച മുട്ടകൾ വിരിഞ്ഞിറങ്ങിയതാണിവ. അപൂർവമായാണ് രാജവെമ്പാലയുടെ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിക്കുന്നത്. നിലത്ത് ഒന്നോ രണ്ടോ അടി ഉയരത്തിൽ കരിയിലകൾ കൂട്ടി കൂടുണ്ടാക്കി മുട്ടയിട്ട് അതിൽ അടയിരുന്നാണ് രാജവെമ്പാല മുട്ടകൾ വിരിയിക്കുന്നത്.

കുടിയാൻമല കനകക്കുന്നിലെ ലോനപ്പൻ എന്ന കർഷകന്റെ കൊക്കോ തോട്ടത്തിൽ രാജവെമ്പാലയെ കണ്ടതായി ഏപ്രിൽ 20നാണ് വനംവകുപ്പ് സെക്ഷൻ ഓഫിസർ കെ.മധു ഷാജിയെ അറിയിച്ചത്. ബീറ്റ് ഓഫിസർമാരായ നികേഷ്, പ്രിയ എന്നിവർക്കൊപ്പം സ്ഥലത്തെത്തിയ ഷാജി കോക്കോ തോട്ടത്തിലെ കരിയിലകൾ മാറ്റുന്നതിനിടയിൽ തൊട്ടടുത്ത് തന്നെ ഉഗ്രമായി ചീറ്റിക്കൊണ്ട് കൂറ്റൻ രാജവെമ്പാല പത്തി വിടർത്തി ഉയർന്ന് പൊങ്ങുകയായിരുന്നു.  പിന്നീട് രാജവെമ്പാല സമീപത്തെ തോട്ടിലേക്ക് പോയി. തുടർന്ന് ഇലകൾ പരിശോധിച്ചപ്പോഴാണ് 31 മുട്ടകൾ കണ്ടെത്തിയത്. ഇവ ഇവിടെ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ റേഞ്ച് ഓഫിസറുടെ നിർദേശ പ്രകാരം കടമ്പേരിയിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 

കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ച് ആവശ്യത്തിന് തണുപ്പും നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി . 56 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഇതിൽ 16 മുട്ടകളാണ് വിരിഞ്ഞത്. ഒന്നര അടിയോളം നീളവും ചെറുവിരലിന്റെ വണ്ണവും മാത്രമേ ഉള്ളുവെങ്കിലും ഇവയുടെ കടിയേറ്റാലും മരണം സംഭവിക്കാം. 3 ആഴ്ചയോളം കഴിഞ്ഞ് 2 തവണ പടം പൊഴിച്ച ശേഷമേ ഭക്ഷണം കഴിക്കാ‍ൻ‍ ആരംഭിക്കുകയുള്ളൂ. പാമ്പുകളെയാണ് രാജവെമ്പാല ഭക്ഷണമാക്കുന്നത്. അതിന് മുൻപേ ഇവയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആവാസ വ്യവസ്ഥയിൽ വിട്ടയക്കും. ഇതിന് മുൻപ് പെരുമ്പാമ്പ്, ചേര, ഉടുമ്പ്, മയിൽ എന്നിവയുടെ മുട്ടകളും ഷാജി കൃത്രിമമായി വിരിയിച്ചെടുത്തിട്ടുണ്ട്.

English Summary:

16 King Cobra Hatchlings Emerge in Kannur Under Expert Supervision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com