നർമത്തിന്റെ നൂലിഴകളിൽ കോർത്തെടുത്ത ജീവിതം

Mail This Article
കോട്ടയം ∙ ‘‘ജനിക്കുമ്പോൾ എനിക്ക് തീക്കനലിന്റെ നിറമായിരുന്നു. പൊള്ളിപ്പോകുമെന്നു കരുതി അമ്മ വെള്ളംകോരി ഒഴിച്ചതോടെ നിറം മാറി’’– കോട്ടയം സോമരാജ് നിത്യസംഭാഷണത്തിലും നർമം കലർത്തിയാണു സുഹൃത്തുക്കളോടു പോലും സംസാരിച്ചിരുന്നത്. തന്റെ കറുപ്പുനിറത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ആർക്കും അപകർഷബോധത്തിന്റെ ആവശ്യമില്ലെന്നു സന്ദേശം നൽകുന്ന ഒട്ടേറെ രചനകളുടെ ഉടമയായിരുന്നു സോമരാജെന്ന് സംവിധായകരും തിരക്കാഥാകൃത്തുക്കളുമായ തോമസ് തോപ്പിൽകുടിയും ബിനോയി വേളൂരും ഓർമിച്ചു. കാഥികൻ വി.ഡി.രാജപ്പനു ശേഷം ഹാസ്യരംഗത്തു ശ്രദ്ധേയമായ മേൽവിലാസം ഉണ്ടാക്കിയ ആളാണു കോട്ടയം സോമരാജ്. വി.ഡി.രാജപ്പൻ നായ്ക്കളെയും തവളകളെയും കഥാപാത്രങ്ങളാക്കി കഥകൾ അവതരിപ്പിച്ചപ്പോൾ സോമരാജ് ആടിനെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിച്ച കഥാപ്രസംഗം ഏറെ ശ്രദ്ധ നേടി. ‘ദേ മാവേലിക്കൊമ്പത്ത്’ എന്ന കസെറ്റ് പുറത്തിറങ്ങിയതോടെ പതിറ്റാണ്ടുകൾക്കു മുൻപു തന്നെ മലയാളിയുടെ ചിരിയുടെ ലോകത്ത് ഏറെ ശ്രദ്ധേയനായി.
നാദിർഷയുടെ ചുമതലയിൽ പുറത്തിറക്കിയ കസെറ്റിൽ തമാശകളുടെ സ്ക്രിപ്റ്റ് എഴുതിയതു സോമരാജാണ്. പിന്നീട് പാരഡി ഗാനങ്ങളും തമാശകളും കോർത്തിണക്കിയ ജൈത്രയാത്ര സോമരാജനെ കൊണ്ടെത്തിച്ചതു ടെലിവിഷൻ കോമഡി ഷോകളിലും സിനിമകളിലുമാണ്. ജീവിതത്തെയും തൊഴിലിനെയും നർമത്തിന്റെ നൂലിഴകളിൽ കോർത്തിണക്കി നടക്കാനായിരുന്നു സോമരാജ് ആഗ്രഹിച്ചിരുന്നതെന്നു തോമസ് തോപ്പിൽകുടി ഓർമിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ അസുഖബാധിതനായി കിടന്നിരുന്ന ദിവസങ്ങളിൽ പോലും സുഹൃത്തുക്കളോട് തമാശയോടെയാണു കാര്യങ്ങൾ വിശദീകരിച്ചിരുന്നതെന്നും സുഹൃത്തുക്കൾ ഓർമിക്കുന്നു.