ആറുവരിപ്പാതയിൽ കോൺക്രീറ്റ് മിശ്രിതം ഉറപ്പിച്ചുതുടങ്ങി

Mail This Article
കുറ്റിപ്പുറം ∙ മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഉപരിതല ജോലികൾ ആരംഭിച്ചു. പൊന്നാനി ചമ്രവട്ടം മുതൽ കുറ്റിപ്പുറം മിനിപമ്പ വരെയുള്ള 11 കിലോമീറ്റർ ഭാഗത്താണ് ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്നത്. നിലവിലെ പാതയ്ക്ക് ഇരുവശത്തും 45 മീറ്റർ വീതിയിൽ മണ്ണിട്ട് ഉയർത്തി, കോൺക്രീറ്റ് മിശ്രിതം ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇരുഭാഗത്തെയും റോഡ് നിർമാണം പൂർത്തിയായ ശേഷം നിലവിലെ റോഡ് പുനർനിർമിക്കും. സർവീസ് റോഡടക്കം 8 വരികളാണ് ഉള്ളത്.
ജില്ലയിലെ 75.6 കിലോമീറ്ററിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. സർവീസ് റോഡുകൾ പൂർത്തിയാക്കി ഗതാഗതം ഇതുവഴി തിരിച്ചുവിടും. റോഡിനൊപ്പം പാലങ്ങളുടെയും മേൽപാലങ്ങളുടെയും ജോലികളും പുരോഗമിക്കുന്നുണ്ട്. ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ നിർമാണവും വേഗത്തിലാക്കി. പൈലിങ് ജോലികൾ വേഗത്തിലാക്കി തൂണുകളുടെ കോൺക്രീറ്റിങ് മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കാനാണ് ശ്രമം. വട്ടപ്പാറ ബൈപാസ് അടക്കമുള്ള ഭാഗങ്ങളിലും ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.