ഓട നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയത് സ്കൂൾ ഗ്രൗണ്ടിൽ

Mail This Article
തിരൂരങ്ങാടി ∙ ഓട നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. സ്കൂളിന് സമീപത്തെ റോഡിൽ ഓട നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.

ഇതു കാരണം കുട്ടികൾക്ക് ഗ്രൗണ്ട് സുഗമമായി ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.എൽപി മുതൽ ഹയർ സെക്ക ൻഡറി വരെ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. നഗരസഭയിലെ ആകെയുള്ള സ്റ്റേഡിയങ്ങളിലൊന്നാണിത്. ഗ്രൗണ്ടിൽ അവശിഷ്ടങ്ങളായതിനാൽ സ്കൂൾ കായിക മേള പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്. നഗരസഭാധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാറ്റാൻ നടപടി ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.