പൊന്നാനി കർമ പാലം ഉദ്ഘാടനത്തിനൊരുങ്ങി
Mail This Article
പൊന്നാനി ∙ കർമ പാലം ടാറിങ് പൂർത്തിയാകുന്നു. പൊന്നാനിക്ക് ഇനി പുതിയ മുഖം. യാത്രക്കാർ പാലം കടന്ന് ഹാർബറിലേക്കും പുഴയോരത്തേക്കും യാത്ര തുടങ്ങി. ഭാരതപ്പുഴയ്ക്കരികിലും കനാലിന് മുകളിലായും വരുന്ന പാലം പൊന്നാനിയുടെ പുതിയ കൗതുകക്കാഴ്ചയായിരിക്കുകയാണ്. നൂറു കണക്കിനാളുകളാണ് പാലം കാണാനായെത്തുന്നത്.
കോടതിപ്പടി ഭാഗത്തെ അപ്രോച്ച് റോഡിൽ ചെറിയ ഭാഗം ടാർ ചെയ്യാനുള്ളതൊഴിച്ചാൽ ബാക്കിയെല്ലായിടത്തും ടാറിങ് പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി ഇലക്ട്രിക്കൽ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. കെൽട്രോണിനാണ് വൈദ്യുതീകരണ ചുമതല നൽകിയിരിക്കുന്നത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം പണി പൂർത്തീകരിച്ചത്.
ഒട്ടും വൈകാതെ ഏറെ മാതൃകാപരമായി തന്നെയാണ് കരാറുകാർ പാലം യാഥാർഥ്യമാക്കിയത്. ഇതേ ആവേശം കെൽട്രോൺ അധികൃതർ കൂടി കാണിച്ചാൽ പദ്ധതി ഉടൻ തന്നെ നാടിന് സമർപ്പിക്കാനാകും. ചമ്രവട്ടം കടവിൽ നിന്ന് ഭാരതപ്പുഴയ്ക്കരികിലൂടെ കടന്നുപോകുന്ന കർമ റോഡ് ഫിഷിങ് ഹാർബറിലേക്കാണ് എത്തിച്ചേരുന്നത്. 5.8 കിലോമീറ്ററാണ് പാലം ഉൾപ്പെടുന്ന പാതയുടെ നീളം. പുതുവർഷത്തിൽ പദ്ധതി നാടിന് സമർപ്പിക്കും.