പൊന്നാനി കപ്പൽ ടെർമിനൽ: സ്ഥലം ഉറപ്പിച്ചു, ആദ്യം 100 മീറ്റർ നീളമുള്ള വാർഫ് നിർമിക്കും

Mail This Article
പൊന്നാനി ∙ പൊന്നാനി കടപ്പുറത്ത് പഴയ ജങ്കാർ ജെട്ടിക്കു സമീപം കപ്പൽ ടെർമിനലിനുള്ള സ്ഥലം ഉറപ്പിച്ചു. ആദ്യ ഘട്ടത്തിൽ 100 മീറ്റർ നീളത്തിലുള്ള വാർഫ് നിർമിക്കാനാണു തീരുമാനം. മൂന്നാഴ്ചയ്ക്കകം വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇന്നലെ പി.നന്ദകുമാർ എംഎൽഎ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സിഇഒ ടി.പി.സലീം കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.
50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ചരക്കിറക്കുന്നതിനും കയറ്റുന്നതിനും ക്രെയിൻ, ഗോഡൗൺ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഉറപ്പാക്കും. ഇന്നലെ ഉദ്യോഗസ്ഥ സംഘം പദ്ധതിപ്രദേശം സന്ദർശിച്ചു. ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരിയുടെ നേതൃത്വത്തിൽ പഠനറിപ്പോർട്ട് അവതരിപ്പിച്ചു.കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മേഖലകളിലെ വ്യവസായ സാധ്യതകൾ ഉപയോഗപ്പെടുത്തി പൊന്നാനി തുറമുഖ വികസനം നടപ്പാക്കുകയാണു ലക്ഷ്യം.
ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ചരക്കുകപ്പലുകൾക്കും ക്രൂസ് വെസലുകൾക്കും പൊന്നാനിയിലേക്ക് അടുക്കാൻ കഴിയും. ഹാർബർ പ്രദേശത്ത് 2 ഭാഗങ്ങളാണ് വാർഫ് നിർമിക്കുന്നതിനായി പരിഗണിച്ചിരുന്നത്. കാര്യമായ ഡ്രജിങ് നടത്താതെ തന്നെ 4 മീറ്റർ ആഴം ഉറപ്പാക്കി ജങ്കാർ ജെട്ടിക്ക് സമീപം വാർഫ് നിർമിക്കാൻ കഴിയുമെന്നാണ് പഠനറിപ്പോർട്ട്. ബേപ്പൂരിനു സമാനമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പൊന്നാനിയിൽ ഒരുക്കാൻ കഴിയും. രണ്ടാംഘട്ടത്തിൽ വൻ സാധ്യതകളിലേക്ക് വഴി തുറക്കാനും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിലുൾപ്പെടുത്തി പദ്ധതിയുടെ 50% തുക ലഭ്യമാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബാക്കി തുക സംസ്ഥാന സർക്കാരും കണ്ടെത്തും. ഇതിനായി സർക്കാരിലേക്ക് അടിയന്തരമായി പദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയെടുക്കാനാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. പോർട്ട് ഡപ്യൂട്ടി ഡയറക്ടർ അശ്വനി പ്രതാപ്, കോഴിക്കോട് പോർട്ട് ഓഫിസർ സെജോ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, സി.പി.മുഹമ്മദ് കുഞ്ഞി, എം.എ.ഹമീദ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പി.നന്ദകുമാർ എംഎൽഎ.
വലിയൊരു സ്വപ്നത്തിലേക്കാണ് പൊന്നാനി തുറമുഖം അടുക്കുന്നത്. കപ്പൽ കൊണ്ടുവരുന്നതിന് നിരന്തരം ശ്രമങ്ങൾ നടത്തിവരികയാണ്. 100 മീറ്റർ നീളത്തിലാണെങ്കിലും കപ്പലിന് വരാനുള്ള സൗകര്യം പൊന്നാനിയിൽ ഒരുങ്ങിയാൽ തന്നെ തുറമുഖ നഗരത്തിന്റെ തലവര മാറും. അനുബന്ധ പദ്ധതികൾ പിന്നാലെ കൊണ്ടുവരാനും കഴിയും. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന തുറമുഖം കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞാൽ തന്നെ വൻ വിജയമാണ്.
എൻ.എസ്.പിള്ള (മാരിടൈം ബോർഡ് ചെയർമാൻ)
പൊന്നാനിയിൽ കപ്പലുകൾക്കടുക്കാനുള്ള പ്രാഥമിക സൗകര്യം ഒരുക്കുകയാണു ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ചെറിയ കപ്പലുകൾക്ക് അടുക്കാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. വൻ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ ഒരുപാട് പരിമിതികളുണ്ട്. 100 മീറ്റർ വാർഫ് നിർമിക്കുകയെന്നുള്ളത് കഠിനശ്രമത്തിലൂടെയാണെങ്കിലും നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.