മാലിന്യത്തെയും പൊന്നാക്കും!

Mail This Article
പൊന്നാനി ∙ മാലിന്യം വിറ്റ് പൊന്നാനിയിലെ ഹരിത കർമസേന സ്വരൂപിച്ചത് 4.96 ലക്ഷം രൂപ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 51.16 ടൺ മാലിന്യം ഇവർ ക്ലീൻ കേരള കമ്പനിക്കു വിറ്റു. പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, ചെരിപ്പ്... അങ്ങനെ ഓരോന്നും തരംതിരിച്ചു വിൽപന നടത്തിയാണു മാലിന്യത്തെ പൊന്നാക്കിയിരിക്കുന്നത്. 60 അംഗങ്ങളുണ്ട് പൊന്നാനി ഹരിത കർമസേനയിൽ. ഇത്രയും കുടുംബങ്ങൾക്കു മാലിന്യം ഉപജീവന മാർഗമായി മാറുന്ന കാഴ്ചയാണ് ഇവിടെ.
വീടുകളിൽനിന്നു കിട്ടുന്ന യൂസേഴ്സ് ഫീസാണ് ഇവരുടെ പ്രധാന വരുമാന മാർഗം. പല വീട്ടുകാരും ഇപ്പോഴും യൂസേഴ്സ് ഫീസ് നൽകാൻ മടിക്കുന്നുണ്ട്. കൂടുതൽ മാലിന്യം ശേഖരിച്ച് ഇൗ രീതിയിൽ കയറ്റി അയയ്ക്കാൻ തുടങ്ങിയാൽ പൊന്നാനി വൃത്തിയാകുന്നതോടൊപ്പം ഇത്രയും കുടുംബങ്ങൾക്കു ജീവിത മാർഗവുമൊരുങ്ങും.
6 സംരംഭക ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ പ്രവർത്തനം. ഇതോടൊപ്പം പുനരുപയോഗം നടത്താൻ കഴിയാത്ത 124.85 ടൺ മാലിന്യവും ഇവർ ശേഖരിച്ചിട്ടുണ്ട്. ഇത് സംസ്കരിക്കുന്നതിനായി 14.73 ലക്ഷം രൂപ നഗരസഭ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. നഗസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, സെക്രട്ടറി എസ്.സജിറൂൻ, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ ഷീന സുദേശൻ, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ രജീഷ് ഉൗപ്പാല, ഐആർടിസി ഹരിത സഹായ സ്ഥാപനം കോ ഓഡിനേറ്റർമാരായ എം.നിഖിൽ, സൗമ്യ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
ഹൃദയം തുറന്ന് സ്വീകരിച്ച 6 വാർഡുകൾ
ഹരിത കർമസേനയെ ഹൃദയം തുറന്നു സ്വീകരിച്ചത് നഗരസഭയിലെ 7, 8, 15, 27, 29, 30 വാർഡുകളാണ്. ഇൗ വാർഡുകളിലെ മുഴുവൻ വീട്ടുകാരും ഹരിത കർമസേനയ്ക്ക് യൂസേഴ്സ് ഫീസ് നൽകുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെയാണു സേനയുടെ പ്രവർത്തനം കുതിച്ചു മുന്നേറിയത്. 15 ടൺ പ്ലാസ്റ്റിക്, 10 ടൺ കുപ്പിച്ചില്ല് എന്നിവ കഴിഞ്ഞ മാസം ശേഖരിച്ചു വിൽപന നടത്തി. വരും മാസങ്ങളിൽ സേനയ്ക്കു വൻ മുന്നേറ്റമുണ്ടാകുമെന്നാണു വിലയിരുത്തൽ.